പെരുമ്പാവൂര്‍: മൂന്ന് തലമുറകളിലേക്കുള്ള ഊര്‍ജപ്രവാഹത്തിന് തൃക്കളത്തൂര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ തുടക്കമായി. ഇനിയുള്ള 20 നാളുകള്‍ ഈ ദേശം ഋഗ്-യജുര്‍-സാമവേദ മന്ത്രധ്വനികളാല് മുഖരിതമാകും. കേരള ചരിത്രത്തില്‍ ഇടം നേടാവുന്ന ത്രിവേദ ലക്ഷാര്‍ച്ചന ഭക്തര്‍ക്ക് അറിവും ആനന്ദവും അനുഭൂതിയുമാണ്. ലക്ഷാര്‍ച്ചനക്കുള്ള ആചാര്യന്മാരെ സ്വീകരിക്കലും ഉദ്ഘാടനവും ബുധനാഴ്ച നടന്നു. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തപ്പെട്ട അതിരാത്രം, സോമയാഗം, അഗ്നിയാദാനം എന്നിവയുടെ യജമാനസ്ഥാനം അവരോധിക്കപ്പെട്ട അഗ്നിഹോത്രികളെ ശ്രീരാമസന്നിധിയില്‍ പൂര്‍ണ്ണകുംഭം നല്കി സ്വീകരിച്ചു.
അഗ്നിഹോത്രികളായ കാവപ്ര ശങ്കരനാരായണന് അക്കിത്തിരിപ്പാട്, നടുവം നാരായണന് അക്കിത്തിരിപ്പാട്, പുത്തില്ലത്ത് രാമാനുജന് അക്കിത്തിരിപ്പാട്, കൈമുക്ക് രാമന് അക്കിത്തിരിപ്പാട്, ചെറുമുക്ക് വല്ലഭന് അക്കിത്തിരിപ്പാട്, പവനൂര് പരമേശ്വരന് സോമയാജിപ്പാട്, കാമ്പ്രം വാസുദേവന്‍ അടിതിരിപ്പാട് തുടങ്ങിയവരാണ് യജ്ഞാചാര്യന്മാരായി എത്തിച്ചേര്‍ന്നത്. പെരുമ്പാവൂര്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍നിന്നും അനേകം വാഹനങ്ങളുടെ അകമ്പടിയോടെ തൃക്കളത്തൂര്‍ പള്ളിമറ്റത്ത് കാവില്‍ ദര്‍ശനം നടത്തിയശേഷം ശ്രീരാമസന്നിധിയിലെത്തിയ ആചാര്യന്മാരെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ മേല്‍ശാന്തി വാരണംകോട്ട് ശങ്കരന്‍പോറ്റി പൂര്‍ണ്ണകുംഭം നല്കി സ്വീകരിച്ചു.
തുടര്‍ന്ന് നടന്ന പൊതുസമ്മേളനം തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരീലക്ഷ്മീഭായി തമ്പുരാട്ടി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. കാലത്തിന്റെ കുത്തൊഴുക്കില്‍ മറ്റ് സംസ്ക്കാരങ്ങള്‍ നശിച്ച് നാമവശേഷമായപ്പോള് ഇന്നും തിളങ്ങി നില്‍ക്കുന്നത് ഭാരത സംസ്കാരം മാത്രമാണെന്ന് അശ്വതിതിരുനാള്‍ ഗൗരിലക്ഷ്മിഭായ് പറഞ്ഞു. ചരിത്രത്തിലിടം നേടിയ ഈജിപ്ത്, മെസൊപ്പൊട്ടോമിയ അടക്കമുള്ളവയില്‍ 7 സംസ്ക്കാരങ്ങളും നശിച്ച് പുതിയവ സ്വീകരിച്ചു. എന്നാല്‍ വേദ സംസ്ക്കാരങ്ങളുടെ നന്മയിലൂടെ നീങ്ങുന്ന ഭാരത സംസ്ക്കാരം ഇന്നും നിലനില്‍ക്കുന്നുവെന്നും തമ്പുരാട്ടി ഓര്‍മ്മിപ്പിച്ചു. ശബരിമല മുന്‍ മേല്‍ശാന്തി ആത്രശ്ശേരി രാമന് നമ്പൂതിരി അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ കുന്നത്തുനാട് എംഎല്‍എ വി.പി.സജീന്ദ്രന്, ക്ഷേത്രം രക്ഷാധികാരി അഗ്നിശര്മ്മന് നമ്പൂതിരി, ഡി.ശ്രീമാന്‍ നമ്പൂതിരി, സേവാസമിതി പ്രസിഡന്റ് എന്‍.വാസുദേവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ത്രിവേദ ലക്ഷാര്‍ച്ചനയുടെ മന്ത്രാലേഖനം ചെയ്ത ബലൂണുകള്‍ ചലച്ചിത്രതാരം കലാഭവന്‍ മണി വാനിലേക്കുയര്ത്തിവിട്ടപ്പോള് ക്ഷേത്രപരിസരം രാമനാമ മന്ത്രങ്ങളാല്‍ മുഴങ്ങി. ഐഎസ്ആര്‍ഒ ചെയര്മാന് കെ.രാധാകൃഷ്ണന്റെ സന്ദേശം യോഗത്തില്‍ വായിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: