ചട്ടഞ്ചാല്‍: ചട്ടഞ്ചാലില്‍ യുവാവിനെ കഴുത്ത് മുറുക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. ചട്ടഞ്ചാല്‍ പുത്തരിയടുക്കം സ്വദേശിയായ കൃഷ്ണനെ (28) കൊലപ്പെടുത്തിയ സംഭവത്തിലാണ് സുഹൃത്ത് ചട്ടഞ്ചാലിലെ നവാസിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. സാമ്പത്തിക ഇടപാടുകളാണ് കൊലയ്ക്കുകാരണമെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ചയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. നോര്‍ത്ത് ചട്ടഞ്ചാലില്‍ മാഹിനാബാദ് റോഡരികില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ ബുധനാഴ്ച വൈകിട്ട് 4 മണിയോടെ കൃഷ്ണന് മരിച്ചുകിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. കൃഷ്ണണ്റ്റെ കഴുത്തില്‍ ചെറിയ തോര്‍ത്ത് മുണ്ട് ചുറ്റിയനിലയിലായിരുന്നു. മൃതദേഹത്തിന് സമീപം രണ്ട് ബീയര്‍ കുപ്പി, മിനറല്‍ വാട്ടര്‍, പ്ളാസ്റ്റിക്ക് സഞ്ചി എന്നിവ കണ്ടെത്തിയിരുന്നു. ഗള്‍ഫുകാരനായ നവാസും കൃഷ്ണനും സുഹൃത്തുക്കളായിരുന്നു. നവാസില്‍ നിന്നും കൃഷ്ണന് പലപ്പോഴായി അമ്പതിനായിരത്തോളം രൂപ കടം വാങ്ങിയിരുന്നു. ഇതുനവാസ് തിരികെ ചോദിച്ചെങ്കിലും കൃഷ്ണന് കൊടുക്കാന്‍ സാധിച്ചിരുന്നില്ല. ഇതേതുടര്‍ന്നുള്ള വൈരാഗ്യമാണ് കൊലയ്ക്കുപിന്നിലെന്നാണ് സംശയം. ഒരുമിച്ച് മദ്യപിച്ചതിനുശേഷം കൃഷ്ണനെ നവാസ് തോര്‍ത്തുപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ദേളി റോഡരികില്‍ നിന്നാണ് നവാസിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. വിവരമറിഞ്ഞ് കാസര്‍കോട് ഡി.വൈ.എസ്.പി. മോഹന ചന്ദ്രന്, സി.ഐ. സി.കെ. സുനില്‍കുമാര്‍, എസ്.ഐ. ഉത്തംദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. വിരലടയാളവിദഗ്ദ്ധരും പോലീസ് നായയും സ്ഥലം പരിശോധിച്ചു. ഇന്നലെ രാവിലെ തഹസില്‍ദാറുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. പുത്തിരിയടുക്കത്തെ പരേതനായ മായിലന്-ചോമു ദമ്പതികളുടെ മകനാണ് മരിച്ച കൃഷ്ണന്. കൂലിപ്പണിക്കാരനാണ്. സഹോദരങ്ങള്‍: ഗോവിന്ദന്, ചന്ദ്രന്, ഉഷ, രമേശന്, ശിവന്, ശിവരാമന്, സിന്ധു. ഇതില്‍ സഹോദരന് ചന്ദ്രന് ഏഴ് മാസം മുമ്പ് മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: