ന്യൂദല്‍ഹി: സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് വലയുന്ന കിങ്ങ്ഫിഷര്‍ എയര്‍ലൈന്‍സിന് ഉടനെങ്ങും പറക്കാന്‍ സാധിക്കില്ല. കിങ്ങ്ഫിഷര്‍ സമര്‍പ്പിച്ച പുനരുദ്ധാരണ പദ്ധതി റിപ്പോര്‍ട്ട് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നിരസിച്ചതായാണ് റിപ്പോര്‍ട്ട്. അടുത്ത മാസം പ്രവര്‍ത്തനം തുടങ്ങുന്നതിനാണ് കമ്പനി ലക്ഷ്യമിട്ടിരുന്നത്.
കിങ്ങ്ഫിഷര്‍ എയര്‍ലൈന്‍സ് നല്‍കാനുള്ള കുടിശ്ശിക സംബന്ധിച്ച കാര്യത്തില്‍ ഡിജിസിഎയ്ക്ക് വിശ്വാസം ഇല്ലാത്തതിനെ തുടര്‍ന്നാണ് അനുമതി നല്കാന് വിസമ്മതിച്ചതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ആറ് മാസമായി സര്‍വീസുകള്‍ നിര്‍ത്തിവച്ച കിങ്ങ്ഫിഷര്‍ എയര്‍ലൈന്‍സ് കഴിഞ്ഞ മാസമാണ് പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിനായി പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അഞ്ച് എയര്‍ബസ് എ-320, രണ്ട് എടിആര്‍ വിമാനങ്ങളുമായി പ്രവര്‍ത്തനം സാവധാനം പുരോഗമിപ്പിക്കുന്നതിനാണ് കിങ്ങ്ഫിഷര്‍ പദ്ധതി ഇട്ടിരുന്നത്. വീണ്ടും സര്‍വീസ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് കിങ്ങ്ഫിഷര്‍ ഉടമ വിജയ് മല്യ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ഡിജിസിഎ അധികൃതരും വ്യോമയാന മന്ത്രാലയം ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. കിങ്ങ്ഫിഷര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സംതൃപ്തിയില്ലെന്ന് വ്യോമയാന മന്ത്രാലയം അധികൃതര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. വിവിധ ബാങ്കുകള്‍ക്കായി കിങ്ങ്ഫിഷര്‍ 7,500 കോടി രൂപയാണ് വായ്പാ ഇനത്തില്‍ തിരിച്ചടയ്ക്കാനുള്ളത്.
ബാങ്കുകള്‍ക്കും ജീവനക്കാര്‍ക്കും വിമാനത്താവള അധികൃതര്‍ക്കും എണ്ണ കമ്പനികള്‍ക്കും എല്ലാം കൂടി 13,582 കോടി രൂപയുടെ കടബാധ്യതയാണ് കിങ്ങ്ഫിഷര്‍ എയര്ലൈന്സിനുള്ളത്. ഡിസംബര്‍ 31 ന് അവസാനിച്ച പാദത്തില്‍ 755.17 കോടി രൂപയായിരുന്നു കിങ്ങ്ഫിഷറിന്റെ അറ്റ നഷ്ടം. ഈ കാലയളവില്‍ കിങ്ങ്ഫിഷര്‍ സര്‍വീസ് ഒന്നും തന്നെ നടത്തിയിരുന്നില്ല. വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് കിങ്ങ്ഫിഷറിന്റെ മാതൃകമ്പനിയായ യുണൈറ്റഡ് സ്പിരിറ്റിന്റെ ഓഹരികള്‍ വില്‍ക്കുന്നത് എസ്ബിഐയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യം ആരംഭിച്ചിരുന്നു. ഈ ഓഹരികള്‍ കിങ്ങ്ഫിഷര്‍ വിവിധ ബാങ്കുകളില്‍ വായ്പയ്ക്ക് മേല്‍ ഈടായി പണയം വെച്ചിരിക്കുകയായിരുന്നു. 26 ലക്ഷം ഓഹരികളില്‍ 7.3 ലക്ഷം ഓഹരികളാണ് ഇതുവരെ വിറ്റഴിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: