ന്യൂദല്‍ഹി: ഏപ്രിലില്‍ രാജ്യത്തെ മുന്‍ നിര വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി, മഹീന്ദ്ര ആന്റ് മഹീന്ദ്ര, ഹോണ്ട കാര്‍സ്, ജനറല്‍ മോട്ടോഴ്സ് എന്നിവയുടെ ആഭ്യന്തര വാഹന വില്പന ഉയര്‍ന്നു. കഴിഞ്ഞ മാസം വാഹന വിപണിയില്‍ സമ്മിശ്ര പ്രതികരണമാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ ഹ്യൂണ്ടായ് മോട്ടോഴ്സ്, ടാറ്റ മോട്ടോഴ്സ്, ടൊയോട്ട കിര്ലോസ്കര്, ഫോഡ് ഇന്ത്യ എന്നിവയുടെ വില്പനയില് ഇടിവ് നേരിട്ടു.
ഇരു ചക്ര വാഹനങ്ങളുടെ കാര്യത്തിലാണെങ്കില്‍ ഹീറോ മോട്ടോ കോര്‍പ്പറേഷന്റേയും ടാറ്റ മോട്ടോര്‍ കമ്പനിയുടേയും വില്പന ഇടിഞ്ഞു. പ്രധാന എതിരാളികളായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്റ് സ്ക്കൂട്ടര്‍ ഇന്ത്യയും യമഹ മോട്ടോറും ശക്തമായ വളര്‍ച്ചയാണ് പ്രകടമാക്കിയിരിക്കുന്നത്.
ഏപ്രിലില്‍ മാരുതി സുസുക്കിയുടെ ആഭ്യന്തര വില്പന 90,523 യൂണിറ്റായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 90,255 യൂണിറ്റായിരുന്നു. അതേ സമയം രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ കാര്‍ നിര്‍മാതാക്കളായ ഹ്യൂണ്ടായിയുടെ വില്പനയില് റെക്കോഡ് ഇടിവാണ് നേരിട്ടിരിക്കുന്നത്. വില്പന 7.60 ശതമാനം ഇടിഞ്ഞ് 32,403 യൂണിറ്റിലെത്തി. കഴിഞ്ഞ വര്‍ഷം ഇത് 35,070 യൂണിറ്റായിരുന്നു. എന്നാല്‍ തിരിച്ചുവരവിന്റെ ലക്ഷണം പ്രകടമാക്കുന്നതായും പെട്രോള്‍ കാറുകളുടെ ഡിമാന്റില്‍ വര്‍ധനവുണ്ടാകുന്നതായും കമ്പനി സീനിയര്‍ വൈസ് പ്രസിഡന്റ് രാകേഷ് ശ്രീവാസ്തവ പറയുന്നു. ടാറ്റാ മോട്ടോഴ്സിന്റെ യാത്രാ വാഹന വില്പന 48.94 ശതമാനം ഇടിഞ്ഞ് 11,570 യൂണിറ്റിലെത്തി. 2012 ഏപ്രിലില്‍ ഇത് 22,658 യൂണിറ്റായിരുന്നു. മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ ആഭ്യന്തര വാഹന വില്പന 20,554 യൂണിറ്റില്‍ നിന്നും 20,748 യൂണിറ്റായി ഉയര്‍ന്നു. എസ് യു വി മോഡലുകള്‍ക്ക് മൂന്ന് ശതമാനം അധിക നികുതി ഏര്‍പ്പെടുത്തിയത് വാഹന വിപണിയ്ക്ക് തിരിച്ചടിയായതായി മഹീന്ദ്ര ചീഫ് എക്സിക്യൂട്ടീവ് പ്രവീണ്‍ ഷാ പറയുന്നു.
ടൊയോട്ടയുടെ വില്പന 37.36 ശതമാനം ഇടിഞ്ഞ് 9,007 യൂണിറ്റിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 14,378 യൂണിറ്റായിരുന്നു.
ജനറല്‍ മോട്ടോഴ്സ് ഇന്ത്യ 2013 ഏപ്രില്‍ മാസം 8196 കാറുകള്‍ വിറ്റു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഇത് 8005 യൂണിറ്റുകളായിരുന്നു – 2.4 ശതമാനത്തിന്റെ വര്‍ധന. 8196 കാറുകളില്‍ ഷെവര്‍ലെ സെയിലിന്റെ പങ്ക് 3436 യൂണിറ്റാണ്. ബീറ്റ് – 1986, ടവേര – 1571 എന്നിങ്ങനെയാണ് ഇതര മോഡലുകളുടെ സംഭാവന.
പുതുതായി വിപണിയിലിറക്കിയ ഷെവര്‍ലെ സെയിലിന് ലഭിച്ച മികച്ച പ്രതികരണമാണ് വില്പനയില് നേരിയ വളര്‍ച്ച കൈവരിക്കാന്‍ സഹായകമായതെന്ന് ജനറല്‍ മോട്ടോഴ്സ് ഇന്ത്യ വൈസ് പ്രസിഡന്റ് പി. ബാലേന്ദ്രന് പറഞ്ഞു. ആകര്‍ഷകമായ ഓഫറുകള്‍ നല്‍കിയിട്ടും വില്പനയില് കാര്യമായ വര്‍ധന അനുഭവപ്പെടുന്നില്ല. സാമ്പത്തിക മാന്ദ്യവും രാഷ്ട്രീയ അനിശ്ചിതത്വവുമാകാം ഇതിന് കാരണമെന്ന്
ബാലേന്ദ്രന് അഭിപ്രായപ്പെട്ടു. വില്പനയില് ഉടനെതന്നെ ഒരു മുന്നേറ്റം പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഫോഡിന്റെ ആഭ്യന്തര വില്പന 44.41 ശതമാനം ഇടിഞ്ഞ് 4,003 യൂണിറ്റായി. 2012 ഏപ്രിലിലെ വില്പന 7,201 യൂണിറ്റായിരുന്നു. റിനൗള്‍ട്ടിന്റെ വില്പന 10 മടങ്ങ് വര്‍ധിച്ച് 6,314 യൂണിറ്റിലെത്തി. കഴിഞ്ഞ വര്‍ഷത്തെ വില്പന കേവലം 615 യൂണിറ്റായിരുന്നു. ഇരു ചക്ര വാഹന നിര്‍മാതാക്കളായ ഹീറോയുടെ വില്പന 9.51 ശതമാനം ഇടിഞ്ഞ് 4,99,113 യൂണിറ്റിലെത്തി. ഹോണ്ട മോട്ടോര്‍ സൈക്കിളിന്റെ വില്പന 30.54 ശതമാനം ഉയര്‍ന്ന് 2,59,560 യൂണിറ്റിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: