ഇസ്ലാമബാദ്: സരബ്ജിത്ത് സിംഗിനെ പാക് ജയിലിനുള്ളില്‍ വച്ച് കൊലപ്പെടുത്താന്‍ ആസൂത്രിത ഗൂഢാലോചന നടന്നെന്ന് ഔദ്യോഗിക സ്ഥിരീകരണം.
ഏപ്രില്‍ 26ന് കോട്ട് ലഖ്പത് ജയിലിലെ ആറംഗസംഘമാണ് സരബ്ജിത്തിനെ ക്രൂരമായി ആക്രമിച്ചത്. പോലീസ് സൂപ്രണ്ടാണ് ഇന്ത്യന്‍ തടവുകാരനെ ആക്രമിക്കാന്‍ നിര്‍ദേശിച്ചതെന്ന് ഈ സംഘത്തിലെ രണ്ടുപേര്‍ ചൊവ്വാഴ്ച വെളിപ്പെടുത്തി.
സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പോലീസുദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തതായി ഔദ്യോഗികവൃത്തങ്ങള്‍ വ്യക്തമാക്കി. സരബ്ജിത്തിന്റെ സഹതടവുകാരുടെ കുറ്റസമ്മതമൊഴി അനുസരിച്ചാണിത്.
അതേസമയം സരബ്ജിത്ത് സിംഗിന്റെ ആരോഗ്യനില കൂടുതല്‍ വഷളായെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സരബ്ജിത്തിന് മസ്തിഷ്ക മരണം സംഭവിച്ചതായാണ് സൂചന. അല്ലാമ ഇക്ബാല്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ മഹ്മ്മൂദ് ഷൗക്കത്തിന്റെ നേതൃത്വത്തിലുള്ള നാലംഗ മെഡിക്കല്‍ ബോര്‍ഡാണ് സരബ്ജിത്തിന്റെ ചികിത്സയ്ക്ക് മേല്‍നോട്ടം വഹിക്കുന്നത്. ഈ മെഡിക്കല്‍ സംഘമാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായ കാര്യം വെളിപ്പെടുത്തിയത്.
സരബ്ജിത്തിന്റെ സ്ഥിതി വളരെ ഗുരുതരമാണ്. ആരോഗ്യനിലയില്‍ നേരിയ പുരോഗതി പോലും ഉണ്ടായിട്ടില്ല. എന്നാല്‍ മസ്തിഷ്ക മരണം സംഭവിച്ചെന്ന് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജിന്ന ആശുപത്രിയിലെ പ്രത്യേക തീവ്രപരിചരണ വിഭാഗത്തിലാണ് ഇപ്പോള്‍ സരബ്ജിത്ത്. മുതിര്‍ന്ന ന്യൂറോ സര്ജന്മാരും ഫിസിഷ്യന്മാരും ചേര്‍ന്ന് സരബ്ജിത്തിന്റെ ജീവന് രക്ഷിക്കാനായി മികച്ച ചികിത്സയാണ് നല്കി വരുന്നതെന്നും ഷൗക്കത്ത് പറഞ്ഞു.
അതേസമയം വിദഗ്ധരായ ഇന്ത്യന്‍ ഡോക്ടര്‍മാരെ വരുത്തി സരബ്ജിത്തിനെ ചികിത്സിപ്പിക്കണമെന്ന് ഇന്നലെ ആശുപത്രിയിലെത്തിയ സഹോദരി ദല്‍ബീര്‍ കൗര്‍ ആവശ്യപ്പെട്ടു. സരബ്ജിത്തിന്റെ ആരോഗ്യനില വിശദീകരിച്ച ജിന്ന ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് ഇജാസ് നിസാറിനോടാണ് അവര്‍ ഈ ആവശ്യം ഉന്നയിച്ചത്. അവരോടൊപ്പം സരബ്ജിത്തിന്റെ ഭാര്യയും രണ്ട് പെണ്മക്കളും ഉണ്ടായിരുന്നു.
ചികിത്സയ്ക്കാവശ്യമായ ഉപദേശം ലഭിക്കാനായി അവര്‍ ഉടനെ ഇന്ത്യയിലേക്ക് മടങ്ങുമെന്നും അറിയിച്ചു. ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥരും ഇന്നലെ നേരിട്ട് ആശുപത്രിയിലെത്തി സരബ്ജിത്തിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: