കൊച്ചി: മൂവാറ്റുപുഴ തൃക്കളത്തൂര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ ത്രിവേദ ലക്ഷാര്‍ച്ചന മെയ് 2 മുതല്‍ 20 വരെ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കേരളത്തിലാദ്യമായാണ് ത്രിവേദ ലക്ഷാര്‍ച്ചന നടക്കുന്നത്. ഡോ.ശിവകരന് നമ്പൂതിരി, ഭസ്മത്തില്‍ മേയ്ക്കാട് മനയ്ക്കല്‍ വല്ലഭന് നമ്പൂതിരി, പുലിയന്നൂര്‍ നാരായണന് നമ്പൂതിരി, അണിമംഗലം സുബ്രഹ്മണ്യന് നമ്പൂതിരി എന്നിവരുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് ലക്ഷാര്‍ച്ചന നടക്കുന്നത്.
മെയ് രണ്ട് മുതല്‍ 7 വരെ സാമവേദലക്ഷാര്ച്ചനയും, 8മുതല്‍ 12 വരെ ഋഗ്വേദലക്ഷാര്‍ച്ചനയും, 13 മുതല്‍ 20 വരെ യജുര്‍വേദ ലക്ഷാര്‍ച്ചനയും നടക്കും. രാവിലെ 5.30 മുതല്‍ 8.30 വരേയും, 9മുതല്‍ 11.30 വരേയും, വൈകിട്ട് 4 മുതല്‍ 6വരെയുമാണ് അര്‍ച്ചന നടക്കുന്നത്. രണ്ടാം ദിവസം മുതല്‍ എല്ലാദിവസവും രാവിലെ 9 മണിക്ക് ബ്രഹ്മകലശാഭിഷേകവും സമാപനദിവസമായ 20ന് രാവിലെ 10ന് കളഭാഭിഷേകവും നടക്കും.
സത്സംഗസഭ, സംഗീതസദസ്സ്, ഭജന, നൃത്തനൃത്യങ്ങള്‍ എന്നിവയും ലക്ഷാര്‍ച്ചനയോടനുബന്ധിച്ച് ഉണ്ടാകും. ലക്ഷാര്‍ച്ചനയുടെ മുന്നോടിയായി ആചാര്യസംഗമവും, സമാദരണവും നടക്കും. മെയ് 1 ന് നടക്കുന്ന ചടങ്ങില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന അതിരാത്രം, സോമയാഗം, അഗ്നിയാധാനം എന്നിവയുടെ യജമാനസ്ഥാനത്ത് അവരോധിതരായ അഗ്നിഹോത്രികള്ക്കും ഋത്വിക്കുകള്‍ക്കും സമുചിതമായ സ്വീകരണവും ആദരണവും നല്‍കും. ചടങ്ങില്‍ ഐഎസ്ആര്‍ഒ ചെയര്മാന് ഡോ.കെ.രാധാകൃഷ്ണന്, നിയമസഭാ സ്പീക്കര്‍ ജി.കാര്ത്തികേയന്, തിരുവിതാംകൂര്‍ രാജകുടുംബാംഗം റാണി അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മിഭായി തമ്പുരാട്ടി, ചലച്ചിത്ര നടന് കലാഭവന്‍ മണി തുടങ്ങിയരും പങ്കെടുക്കും. പത്രസമ്മേളനത്തില്‍ മുഖ്യ രക്ഷാധികാരി ആത്രശ്ശേരി എ.ആര്.രാമന്‍നമ്പൂതിരി, ആര്.നീലകണ്ഠവാര്യര്‍, എന്‍.വാസുദേവന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: