റായ്പൂര്‍: റോബിന് ഉത്തപ്പയും, ആരോണ്‍ ഫിഞ്ചും യുവരാജ് സിംഗും പൊരുതി നോക്കിയിട്ടും പൂനെ വാരിയേഴ്സിനെ പരാജയത്തില്‍ നിന്ന് രക്ഷിക്കാനായില്ല. ഒമ്പത് മത്സരങ്ങള്‍ കളിച്ച പൂനെക്ക് ഏഴാം തോല്‍വി സ്വന്തം. ഒപ്പം പോയിന്റ് പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്തേക്ക് പതിക്കുകയും ചെയ്തു. പൂനെ വാരിയേഴ്സിനെ പരാജയപ്പെടുത്തിയ ദല്‍ഹി ഡെയര്‍ ഡെവിള്‍സ് പോയിന്റ് പട്ടികയില്‍ ഒരു സ്ഥാനത്തേക്ക് ഉയരുകുയും ചെയ്തു. ഞായറാഴ്ച രാത്രി നടന്ന മത്സരത്തില്‍ ദല്‍ഹി ഡെയര്‍ ഡെവിള്‍സ് 15 റണ്‍സിനാണ് പൂനെ വാരിയേഴ്സിനെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ദല്‍ഹി ഡെയര്‍ ഡെവിള്‍സ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പൂനെ വാരിയേഴ്സിന് നാല് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഡേവിഡ് വാര്‍ണര്‍ (51 നോട്ടൗട്ട്), സെവാഗ് (28), കേദാര്‍ ജാദവ് (25) എന്നിവരുടെ മികച്ച പ്രകടനത്തിന്റെ കരുത്തിലാണ് ദല്‍ഹി ഡെയര്‍ ഡെവിള്‍സ് ഭേദപ്പെട്ട സ്കോര്‍ പടുത്തുയര്‍ത്തിയത്. പൂനെക്ക് വേണ്ടി ഉത്തപ്പയും ഫിഞ്ചും 37 റണ്‍സ് വീതവും യുവരാജ് 31 റണ്‍സും നേടി. 51 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഡെയര്‍ ഡെവിള്‍സിന്റെ ഡേവിഡ് വാര്‍ണറാണ് മാന്‍ ഓഫ് ദി മാച്ച്.
ടോസ് നേടിയ പുനെ വാറിയേഴ്സ് നായകന് ആരോണ്‍ ഫിഞ്ച് ഡെയര്‍ ഡെവിള്‍സിനെ ബാറ്റിംഗിന് വിട്ടു. ഫിഞ്ച് കണക്കു കൂട്ടിയതു പോലെ വിക്കറ്റ് വീഴുകയും ചെയ്തു. 17 പന്തില്‍ 12 റണ്‍സുമായി ഇഴഞ്ഞ നായകന് മഹേള ജയവര്‍ധനെയാണ് ആദ്യം പുറത്തായത്. സ്കോര്‍ 1ന് 20. അശോക് ദിന്‍ഡയെ ഉയര്‍ത്തിയടിച്ച ജയവര്‍ധനെയെ ലൂക് റൈറ്റ് കൈയിലൊതുക്കി. പിന്നീട് സെവാഗും ഉന്മുക്ത് ചന്ദും ചേര്‍ന്ന് സ്കോര്‍ 10 ഓവറില്‍ 68-ല്‍ എത്തിച്ചു. എന്നാല്‍ 26 പന്തില്‍ രണ്ട് സിക്സറും രണ്ട് ഫോറുമടക്കം 28 റണ്‍സെടുത്ത വീരേണ്ടര്‍ സേവാഗ് മടങ്ങി. സേവാഗിന്റെ വിക്കറ്റും ദിന്ഡക്കാണ്. ദിന്‍ഡയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ റോബിന് ഉത്തപ്പ പിടികൂടിയാണ് സെവാഗ് മടങ്ങിയത്.
അതേ സ്കോറില്‍ ഉന്മുക്ത് ചന്ദും പുറത്തായതു ഡെവിള്‍സിന് ഇരുട്ടടിയായി. 19 പന്തില്‍ 17 റണ്‍സെടുത്ത ഉന്മുക്ത് ചന്ദിനെ രാഹുല്‍ ശര്‍മ ഉത്തപ്പയുടെ കൈയിലെത്തിച്ചു. പിന്നീട് ബെന്‍ റോഹ്ററും ഡേവിഡ് വാര്‍ണറും ചേര്‍ന്ന് സ്കോര്‍ 13.5 ഓവറില്‍ 96-ല്‍ എത്തിച്ചു. എന്നാല്‍ 13 പന്തില്‍ നിന്ന് 13 റണ്‍സെടുത്ത റോഹ്ററെ അഭിഷേക് നായരുടെ പന്തില്‍ ഉത്തപ്പ പിടികൂടി. പിന്നീട് വാര്‍ണറും കേദാര്‍ ജാദവും ചേര്‍ന്നാണ് ദല്‍ഹിക്ക് ഭേദപ്പെട്ട സ്കോര്‍ നേടിക്കൊടുത്തത്. വാര്‍ണറുമായി 63 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ജാദവ് അവസാന ഓവറിലെ നാലാം പന്തില്‍ പുറത്തായി. 19 പന്തില്‍ നിന്ന് രണ്ട് സിക്സറടക്കം 25 റണ്‍സ് നേടിയ ജാദവിനെ ദിന്‍ഡയുടെ പന്തില്‍ മന്‍ഹാസ് പിടികൂടുകയായിരുന്നു.31 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു വിക്കേറ്റ്ടുത്ത ദിന്‍ഡയാണ് വാരിയേഴ്സില്‍ കൂടുതല്‍ തിളങ്ങിയത്. രാഹുല്‍ ശര്‍മയും അഭിഷേക് നായരും ഓരോ വിക്കേറ്റ്ടുത്തു.
165 റണ്‍സ് വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന പൂനെ വാരിയേഴ്സിന് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ റോബിന് ഉത്തപ്പയും ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചും ചേര്‍ന്ന് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 10.2 ഓവറില്‍ 76 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ രണ്ട് റണ്‍സിനിടെ രണ്ട് ഓപ്പണര്‍മാരും നഷ്ടപ്പെട്ടത് പൂനെക്ക് തിരിച്ചിടിയായി. പിന്നീട് വന്നവര്‍ക്കൊന്നും ഓപ്പണര്‍മാര്‍ സമ്മാനിച്ച മികച്ച തുടക്കം മുതലെടുക്കാനുമായില്ല. സ്കോര്‍ 10.2 ഒാവറില്‍ 76-ല്‍ എത്തിയപ്പോള്‍ 33 പന്തില്‍ നാല് ബൗണ്ടറികളോടെ 37 റണ്‍സെടുത്ത റോബിന് ഉത്തപ്പയെ ഇര്ഫാന് പഠാന്റെ പന്തില്‍ ഉന്മുക്ത് ചന്ദ് പിടികൂടി. സ്കോര്‍ 78-ല്‍ എത്തിയപ്പോള്‍ ആരോണ്‍ ഫിഞ്ചും മടങ്ങി. 33 പന്തുകളില്‍ നിന്ന് അഞ്ച് ബൗണ്ടറികളോടെ 37 റണ്‍സെടുത്ത ഫിഞ്ചിനെ ഇതേ ഓവറിലെ അവസാന പന്തില്‍ പഠാന് കേദാര്‍ ജാദവിന്റെ കൈകളിലെത്തിച്ചു. പിന്നീടെത്തിയവരില്‍ യുവരാജ് മാത്രമാണ് ഭേഭപ്പെട്ട പ്രകടനം നടത്തിയത്. സ്കോര്‍ 128-ല്‍ എത്തിയപ്പോള്‍ 18 പന്തില്‍ 19 റണ്‍സെടുത്ത ലൂക്ക് റൈറ്റും പുറത്തായി. ഉമേഷ് യാദവിന്റെ പന്തില്‍ വാര്‍ണറിന് ക്യാച്ച് നല്‍കിയാണ് റൈറ്റ് പുറത്തായത്.
പിന്നീട് രണ്ട് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും 31 റണ്‍സെടുത്ത യുവരാജും മടങ്ങി. 24 പന്തില്‍ നിന്ന് 31 റണ്‍സെടുത്ത യുവിയെ ഉമേഷ് യാദവിന്റെ പന്തില്‍ രോഹ്ററിന് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്. പിന്നീട് അവസാന രണ്ട് ഓവറില്‍ 35 റണ്‍സായിരുന്നു പൂനെക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ 19 റണ്‍സെടുക്കാന്‍ മാത്രമേ അവര്‍ക്ക് കഴിഞ്ഞുള്ളൂ. ദല്‍ഹിക്ക് വേണ്ടി ഇര്ഫാന് പഠാനും ഉമേഷ് യാദവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: