റിയോ ഡി ജെയിനെറോ: അടുത്ത വര്‍ഷം ബ്രസീലില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോളിന് മുന്നോടിയായി കാല്‍പ്പന്തുകളിയുടെ മെക്കയായ മാരക്കാന സ്റ്റേഡിയം മിഴിതുറന്നു. അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ടിരുന്ന ലോകത്തെ ഏറ്റവും വലിയ ഫുട്ബോള്‍ സ്റ്റേഡിയങ്ങളിലൊന്നായ മാരക്കാന സ്റ്റേഡിയം ഏകദേശം മൂന്നുവര്‍ഷത്തിനുശേഷമാണ് വീണ്ടും തുറന്നത്. ലോകകപ്പിനായി തയ്യാറായ നാലാമത്തെ സ്റ്റേഡിയമാണ് മാരക്കാന. ജൂണില്‍ നടക്കുന്ന കോണ്‍ഫെഡറേഷന്‍ കപ്പ് ഫുട്ബോളിനും മാരക്കാന സ്റ്റേഡിയം ആതിഥ്യം വഹിക്കും. 12 സ്റ്റേഡിയങ്ങളിലാണ് ബ്രസീല്‍ ലോകകപ്പ് വേദിയൊരുക്കുന്നത്. മുഴുവന്‍ സ്റ്റേഡിയങ്ങളും അറ്റകുറ്റപ്പണി കഴിഞ്ഞ് തുറക്കാന്‍ ഫിഫ അനുവദിച്ച സമയം കഴിഞ്ഞ ഡിസംബറില്‍ അവസാനിച്ചിരുന്നു. പിന്നീട് നാലു മാസംകൂടി കാലാവധി ദീര്‍ഘിപ്പിച്ചു നല്കി. അതേസമയം നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവാതെയാണ് സ്റ്റേഡിയം തുറന്നതെന്ന ആരോപണവും ഉയര്‍ന്നുകഴിഞ്ഞു.
ഈ വര്‍ഷം നടക്കുന്ന കോണ്‍ഫെഡറേഷന്‍ കപ്പ് ഫൈനല്‍, അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍, 2016 ഒളിമ്പിക്സ് എന്നിവയുടെ പ്രധാന വേദിയാണ് ബ്രസീലിന്റെ ദേശീയ കളിക്കളമായ മാരക്കാന. 1950ല്‍ ബ്രസീല്‍ ആദ്യമായി ലോകകപ്പിന് അതിഥേയത്വം വഹിച്ചപ്പോഴാണ് മാരക്കാന പണിതത്. അന്ന് ഒരു ലക്ഷത്തോളം പേര്‍ക്ക് കളികാണാന്‍ സൗകര്യമുണ്ടായിരുന്ന മാരക്കാന ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയമായിരുന്നു.
ബ്രസീലിയന്‍ ഫുട്ബോളിലെ ഇതിഹാസ താരങ്ങളായ റൊണാള്‍ഡോയും ബെബറ്റോയും നയിച്ച ടീമുകള്‍ തമ്മിലുള്ള മത്സരത്തോടെയാണ് പുതിയ മാരക്കാനയുടെ ഉദ്ഘാടനം നടന്നത്. മത്സരത്തില്‍ റൊണാള്‍ഡോയുടെ ടീം 8-5ന് ബെബറ്റോയുടെ ടീമിനെ തോല്‍പ്പിച്ചു. എന്നാല്‍ ഒരുലക്ഷത്തോളം പേര്‍ക്ക് കളികാണാവുന്ന മാരക്കാനയുടെ സൗകര്യം പുതിയ സ്റ്റേഡിയത്തില്‍ ലഭിക്കില്ല. പുതിയ ഷോപ്പിങ് കോപ്ലക്സ് സ്റ്റേഡിയത്തില്‍ പണി കഴിഞ്ഞപ്പോള്‍ 65000മായി സ്റ്റേഡിയത്തിന്റെ ശേഷി കുറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: