റോം: ഇറ്റലിയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് ഏറെക്കുറെ പരിഹാരമിട്ട് ഡെമോക്രാറ്റിക് പാര്‍ട്ടി ഡെപ്യൂട്ടി നേതാവ് എന്റികോ ലെറ്റയുടെ നേതൃത്വത്തിലെ വിശാല കൂട്ടുകക്ഷി മന്ത്രിസഭ അധികാരമേറ്റു.
ഇന്നലെ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ റോമിലെ ക്യൂറിനല്‍ പാലസില്‍ മന്ത്രിസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ നടന്നു. ഇതോടെ 46കാരനായ ലെറ്റ ഇറ്റാലിയന്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയെന്ന പെരുമയും സ്വന്തമാക്കി.
മുന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്കോണിയുടെ പീപ്പിള്‍ ഫ്രീഡം പാര്‍ട്ടിയും മന്ത്രിസഭയില്‍ ചേര്‍ന്നിട്ടുണ്ട്.എന്നാല്‍ മന്ത്രിയാകാനില്ലെന്നു പ്രഖ്യാപിച്ച ബെര്‍ലുസ്കോണി തന്റെ പാര്‍ട്ടിയിലെ പ്രമുഖര്‍ക്ക് നിര്‍ണായക സ്ഥാനങ്ങള്‍ നല്‍കണമെന്ന ആവശ്യം മുന്നോട്ടുവച്ചു. ഇറ്റലിയിലെ രാഷ്ട്രീയസ്ഥിരത സംബന്ധിച്ച് ഉറപ്പിച്ചൊന്നും പറയാനാവില്ലെന്നു തന്നെയാണ് ബെര്‍ലുസ്കോണിയുടെ നിര്‍ദേശം നല്കുന്ന സൂചന.
ഫെബ്രുവരിയില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും ഭൂരിപക്ഷം ലഭിച്ചിരുന്നില്ല.
പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ അഞ്ചുതവണ വോട്ടിങ് നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് കീഴ് വഴക്കങ്ങള്‍ തെറ്റിച്ച് ജോര്‍ജിയൊ നാപ്പോളിറ്റാനോയ്ക്ക് ഒരവസരംകൂടി നല്കി. നാപ്പോളിറ്റാനോയുടെ നിര്‍ദേശ പ്രകാരമാണ് ഇപ്പോള്‍ വിശാല സഖ്യകക്ഷി മന്ത്രിസഭ രൂപീകരിച്ചിരിക്കുന്നത്. അതേസമയം, സത്യപ്രതിജ്ഞാ ദിനത്തില്‍ പ്രധാനമന്ത്രിയുടെ വസതിക്കു സമീപമുണ്ടായ വെടിവയ്പ്പില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: