ന്യൂദല്‍ഹി: പാചകവാതക സബ്സിഡി ഉപഭോക്താവിനു നേരിട്ടു നല്കുന്ന പദ്ധതി ഒക്ടോബര്‍ ഒന്ന് മുതല്‍ നടപ്പാക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നതിനിടെ തമിഴ്നാട് എതിര്‍പ്പ് വ്യക്തമാക്കി. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാനസര്‍ക്കാരുകളുടെ അധികാരപരിധിയിലുള്ള കടന്നുകയറ്റമായ പദ്ധതി തമിഴ്നാട്ടില്‍ നടപ്പാക്കില്ലെന്നറിയിച്ച് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രിക്ക് കത്തയച്ചു.
ആനുകൂല്യങ്ങള്‍ നേരിട്ട് വിതരണം(ഡിബിറ്റി) ചെയ്യുന്ന കേന്ദ്രപദ്ധതിക്കെതിരെ കോണ്‍ഗ്രസ്സിതര സംസ്ഥാനസര്‍ക്കാരുകള്‍ക്കുള്ള പ്രതിഷേധമാണ് തമിഴ്നാട് മുഖ്യമന്ത്രിയിലൂടെ പുറത്തുവന്നിരിക്കുന്നത്. തുല്യത നല്കാന് തയ്യാറാകാത്ത കേന്ദ്രസര്‍ക്കാര്‍ അടിമകളെപ്പോലെയാണ് സംസ്ഥാനസര്‍ക്കാരുകളെ കാണുന്നതെന്ന് ജയലളിത കത്തില്‍ ആരോപിച്ചു.
സംസ്ഥാനസര്‍ക്കാരുകളെ കേവലം കാഴ്ചക്കാരാക്കി മാറ്റാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമം. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനങ്ങള്‍ക്ക് എതിരാണ് ഡിബിറ്റി പദ്ധതി. ജനാധിപത്യരീതികളില്‍ തെരഞ്ഞെടുക്കപ്പെട്ടവയാണ് സംസ്ഥാനസര്‍ക്കാരുകള്‍. അധികാരവികേന്ദ്രീകരണ പ്രവര്‍ത്തനങ്ങളെ ഈ പദ്ധതി തകര്‍ക്കും. സംസ്ഥാനങ്ങളോട് ആലോചിക്കാതെ ആവിഷ്കരിച്ച പദ്ധതി നടപ്പാക്കുന്നത് അപ്രായോഗികവും കൂടുതല്‍ ഭരണപരമായ പ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കുന്നതുമാണെന്നും ജയലളിത കത്തില്‍ ആരോപിക്കുന്നു.
പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഇന്ന് ദല്‍ഹിയില്‍ നടക്കുന്ന യോഗത്തില്‍ പദ്ധതി നടപ്പാക്കാനാകില്ലെന്ന് തമിഴ്നാട് അറിയിക്കും. ഇതിനു പുറമെ മറ്റുചില സംസ്ഥാനങ്ങള്‍കൂടി പദ്ധതിയെ എതിര്‍ക്കാന്‍ സാധ്യതയുണ്ട്. ധനമന്ത്രി പി.ചിദംബരത്തിന്റെ അധ്യക്ഷതയില്‍ പ്ലാനിംഗ് കമ്മീഷന് ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് ആലുവാലിയ, വീരപ്പ മൊയിലി, ജയറാം രമേശ് എന്നിവരുടെ നേതൃത്വത്തിലാണ് ഇന്നത്തെ യോഗം.
തമിഴ്നാട്ടിലെ പുതുക്കോട്ട, തിരുച്ചിറപ്പള്ളി, അരിയല്ലൂര്‍ എന്നീ ജില്ലകളിലടക്കം രാജ്യത്തെ 20 ജില്ലകളില്‍ പ്രാരംഭഘട്ടമെന്ന നിലയില്‍ മെയ് 15-നകം പദ്ധതി നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. പദ്ധതി നടപ്പാകുന്നതോടെ ഒരു എല്‍പിജി സിലിണ്ടറിന് 900ലധികം രൂപ നല്‍കേണ്ടി വരും.
ഒരുവര്‍ഷം ആറ് സിലിണ്ടറുകള്‍ക്ക് മാത്രം സബ്സിഡി നല്കിയാല് മതിയെന്നാണ് കേന്ദ്രതീരുമാനം. ഇതിന്റെ തുക 4000 രൂപയോളം വീതം ഒരു എല്‍പിജി ഉപഭോക്താവിന് കേന്ദ്രസര്‍ക്കാര്‍ ബാങ്കുവഴി നല്‍കും. ആധാര്‍ നമ്പര്‍ ഉപയോഗിച്ചായിരിക്കും സബ്സിഡി തുക വിതരണം ചെയ്യുന്നത്. രാജ്യത്തെ 14 കോടി എല്‍പിജി ഉപഭോക്താക്കള്‍ക്കാണ് ഇപ്രകാരം സബ്സിഡി അക്കൗണ്ടിലൂടെ പണം ലഭിക്കുന്നത്.
എന്നാല്‍ പദ്ധതിയുടെ നടത്തിപ്പിനായി കേന്ദ്രസര്‍ക്കാര്‍ വളരെയേറെ പ്രയാസപ്പെടുമെന്നുറപ്പായിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 32 കോടി ആധാര്‍ കാര്‍ഡുകള്‍ മാത്രമാണ് വിതരണം ചെയ്തിരിക്കുന്നത്. സബ്സിഡിക്കായി ബാങ്ക് അക്കൗണ്ട് ആരംഭിച്ചവര്‍ കേവലം 80 ലക്ഷം മാത്രമാണ്. അക്കൗണ്ടുകള്‍ ആരംഭിക്കാനുള്ള ജോലികള്‍ വളരെ വേഗം തീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് പൊതുമേഖലാ ബാങ്കുകള്‍ക്ക് ധനമന്ത്രാലയം തുടര്‍ച്ചയായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടും താഴേത്തട്ടിലേക്ക് പദ്ധതിവിവരം ഇതുവരെയും വേണ്ടവിധത്തില്‍ കടന്നുചെന്നിട്ടില്ല. അതിന്റെ കൂടെ സംസ്ഥാനസര്‍ക്കാരുകളുടെ എതിര്‍പ്പു കൂടിയാകുമ്പോള്‍ പൊതുതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ജനത്തെ പണം നല്കി സ്വാധീനിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയാണ്.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: