മുംബൈ: 2012-13 സാമ്പത്തികവര്‍ഷത്തില്‍ എസ്ബിടിയുടെ മൊത്തം ഇടപാട് 1,50,000 കോടി രൂപ കവിഞ്ഞു. എസ്ബിടിയുടെ ആയിരാമത്തെ ശാഖ 2013 മാര്‍ച്ച് 30 ന് കോട്ടക്കല്‍ എന്‍ആര്‍ഐയില്‍ പ്രവര്‍ത്തനമാരംഭിച്ചുവെന്ന് എംഡി പി.നന്ദകുമാരന് അറിയിച്ചു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ പ്രവര്‍ത്തനലാഭം, കഴിഞ്ഞ വര്‍ഷം 1,249 കോടി രൂപയായിരുന്നത് ഈവര്‍ഷം 1,351 കോടി രൂപയായി വര്‍ധിച്ചു. അസല്‍ പലിശവരുമാനം 2011-12 ല്‍ 1,898 കോടി രൂപയായിരുന്നത് 12.12 ശതമാനം രേഖപ്പെടുത്തിക്കൊണ്ട് 2,128 കോടി രൂപയായെന്ന് ബോര്‍ഡ് യോഗത്തില്‍ അദ്ദേഹം പറഞ്ഞു.
2012-13 സാമ്പത്തികവര്‍ഷത്തിലെ ആകെ വരുമാനം 24.22 ശതമാനം വളര്‍ച്ചയോടെ 9,287.86 കോടിയിലെത്തി. കരുതല്തുകയും അനാമത്തും ഒഴികെയുള്ള മൊത്തം ചെലവ് നടപ്പുവര്ഷത്തിലേത് 7,936.85 കോടി രൂപയാണ്.
അസല്‍ പലിശ മാര്‍ജിന്‍ 2011-12 ല്‍ 2.76 ശതമാനം ആയിരുന്നത് ഈ സാമ്പത്തികവര്‍ഷാവസാനം 2.56 ശതമാനമായി കുറഞ്ഞു. ഇക്വിറ്റികളില്നിന്നുള്ള ആദായം 15.54 ശതമാനം ആയിരിക്കെ ആസ്തി വരുമാനം 0.66 ശതമാനമായി നിലകൊള്ളുന്നു. 10 രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 20 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചു. ഓരോ ഓഹരിയുടെയും ആദായം, കഴിഞ്ഞവര്‍ഷത്തെ തത്തുല്യ കാലയളവിനൊടുവില്‍ 102.09 രൂപയായിരുന്നത് ഇപ്പോള്‍ 123.01 രൂപയായി ഉയര്‍ന്നു. ഓഹരിയൊന്നിന്റെ കണക്കുപുസ്തകാധിഷ്ഠിതമൂല്യം ഒരുവര്‍ഷം മുമ്പ് 749.76 രൂപയായിരുന്നത് 797.46 രൂപയായി ഉയര്‍ന്നു. ബാങ്ക് 1.71 ദശലക്ഷത്തിലേറെ അടിസ്ഥാന സമ്പാദ്യബാങ്ക് നിക്ഷേപ അക്കൗണ്ടുകള്‍ (ജനപ്രിയ അക്കൗണ്ടുകള്‍) ആരംഭിച്ചിട്ടുണ്ട്. പ്രസ്തുത അക്കൗണ്ടുകളുടെ 90 ശതമാനവും കേരളത്തില്‍ തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: