കോതമംഗലം: അയ്യങ്കാവ് ശ്രീധര്‍മശാസ്താ ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് നാടെങ്ങും പ്രതിഷേധം വ്യാപകം. ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ കോതമംഗലത്ത് ഹര്‍ത്താലും പ്രകടനവും പൊതുയോഗവും നടത്തി. ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി എം.കെ.കുഞ്ഞോല്‍ മാസ്റ്റര്‍ യോഗം ഉദ്ഘാടനം ചെയ്തു. സമീപകാലത്ത് ക്ഷേത്രങ്ങള്‍ക്ക് നേരെയുള്ള ഒളിഞ്ഞും തെളിഞ്ഞുമുള്ള ആക്രമണത്തില്‍ ഹൈന്ദവ സമൂഹം ജാഗരൂകരാകണമെന്ന് കുഞ്ഞോല്‍ മാസ്റ്റര്‍ ആഹ്വാനം ചെയ്തു.
അയ്യങ്കാവ് ക്ഷേത്രത്തില്‍ നടന്നത് കേവലം മോഷണശ്രമവുമായി കാണുവാന്‍ സാധ്യമല്ലായെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി എം.പി.അപ്പു ചൂണ്ടിക്കാട്ടി. ക്ഷേത്രത്തില്‍നിന്നും യാതൊരുവിധ സാധനസാമഗ്രികളും മോഷണം പോയിട്ടില്ല. മറിച്ച് ക്ഷേത്ര ശ്രീകോവിലും ശ്രീകൃഷ്ണ പ്രതിമയും തകര്‍ത്തതിന് പിന്നില്‍ ആസൂത്രിത ശ്രമമുണ്ടെന്നും അപ്പു ആരോപിച്ചു. എല്ലാ മതസ്ഥരും സാഹോദര്യത്തോടെ കഴിയുന്ന ഇവിടെ വര്‍ഗീയ കലാപം സൃഷ്ടിക്കാനുള്ള ചില ക്ഷുദ്രശക്തികളുടെ ആസൂത്രിത നീക്കമാണ് ഇതിന് പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം രാജ്യദ്രോഹ ശക്തികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുവാന്‍ ബന്ധപ്പെട്ടവര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഹിന്ദുഐക്യവേദി താലൂക്ക് സമിതി പ്രസിഡന്റ് അഡ്വ.കെ.രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ.ടി.നടരാജന്, എന്‍.രഘു, കെ.ജി.പ്രദീപ് തുടങ്ങിയവര്‍ സംസാരിച്ചു. യോഗത്തിന് മുന്നോടിയായി നഗരത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനവും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: