മുംബൈ: ഒടുവില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനും അടിതെറ്റി. മുംബൈ ഇന്ത്യന്‍സിനെതിരായ പോരാട്ടത്തില്‍ 58 റണ്‍സിന്റെ ദയനീയ പരാജയമാണ് ബാംഗ്ലൂരിന് നേരിടേണ്ടിവന്നത്. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ബാംഗ്ലൂരിന്റെ സൂപ്പര്മാന് ക്രിസ് ഗെയിലിനെ പുറത്താക്കാന്‍ കഴിഞ്ഞതാണ് മുംബൈ ഇന്ത്യന്‍സിന് മികച്ച വിജയം സ്വന്തമാക്കാന്‍ കഴിഞ്ഞത്. ഗെയില്‍ വീണാല്‍ പിന്നെ റോയല്‍ ചലഞ്ചേഴ്സ് ഒന്നുമല്ല എന്നത് ഈ മത്സരത്തിലും തെളിഞ്ഞു. കഴിഞ്ഞ മല്‍സരത്തില്‍ ഗെയില്‍ വെടിക്കെട്ടോടെ ഉജ്ജ്വലജയം നേടിയ റോയല്‍ ചലഞ്ചേഴ്സ് ഇന്ത്യന്‍സിനെതിരായ കളിയുടെ എല്ലാ മേഖലകളിലും പരാജയപ്പെടുകയായിരുന്നു.
ആദ്യം ബാറ്റുചെയ്ത മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സാണ് അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന് 20 ഓവറില്‍ ഏഴിന് 136 റണ്‍സെടുക്കാനെ സാധിച്ചുള്ളു. മൂന്നു വിക്കേറ്റ്ടുത്ത ധവാല്‍ കുല്‍ക്കര്‍ണിയും രണ്ടു വിതം വിക്കറ്റുകള്‍ വീഴ്ത്തിയ ഹര്ഭജന് സിംഗ്, ഡ്വെയ്ന്‍ സ്മിത്ത് എന്നിവരാണ് റോയല്‍ ചലഞ്ചേഴ്സിന്റെ വിജയക്കുതിപ്പിന് മൂക്കുകയറിട്ടത്. 50 റണ്‍സെടുക്കുകയും രണ്ടു വിക്കേറ്റ്ടുക്കുകയും ചെയ്ത ഡ്വെയ്ന്‍ സ്മിത്താണ് മാന്‍ ഓഫ് ദ മാച്ച്. 26 റണ്‍സ് നേടി പുറത്താകാതെ നിന്ന വിനയ്കുമാറാണ് ബാംഗ്ലൂരിന്റെ ടോപ്സ്കോറര്‍. രവി രാംപാല്‍ 23 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. സൗരഭ് തിവാരി 21 റണ്‍സുമെടുത്തു. ബാംഗ്ലൂരിന്റെ മൂന്നാം തോല്‍വിയാണിത്.
ഈ വിജയത്തോടെ എട്ടു മല്‍സരങ്ങളില്‍ നിന്ന് മുംബൈ ഇന്ത്യന്‍സിന് 10 പോയിന്റായി. ഒമ്പത് മത്സരം കളിച്ച ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് 12 പോയിന്റോടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. സ്കോര്‍ മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ ഏഴിന് 194, ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് 20 ഓവറില്‍ ഏഴിന് 136.
നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത മുംബൈ ഇന്ത്യന്‍സ് മികച്ച സ്കോര്‍ കണ്ടെത്തി. 50 റണ്‍സെടുത്ത ഡ്വെയ്ന്‍ സ്മിത്ത്, 43 റണ്‍സെടുത്ത ദിനേഷ് കാര്‍ത്തിക്ക്, 34 റണ്‍സെടുത്ത് കീറണ്‍ പൊള്ളാര്‍ഡ്, 23 റണ്‍സെടുത്ത സച്ചിന് ടെണ്ടുല്‍ക്കര്‍ എന്നിവരാണ് മുംബൈക്ക് വേണ്ടി ബാറ്റിംഗില്‍ തിളങ്ങിയത്.
പ്രധാനമായും ക്രിസ് ഗെയ്ലിനെ ആശ്രയിച്ച് മുന്നേറുന്ന ബാംഗ്ലൂര്‍ ടീമിന് ഓപ്പണര്‍മാരായ ഗെയിലും ദില്‍ഷനും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കം നല്‍കിയെങ്കിലും രണ്ട് റണ്‍സിനിടെ ഇരുവരെയും നഷ്ടമായതോടെ മത്സരഗതി മാറി. 18 റണ്‍സെടുത്ത ഗെയിലിനെ ഹര്‍ഭജന്റെ പന്തില്‍ റായിഡു പിടികൂടിയപ്പോള്‍ 13 റണ്‍സെടുത്ത ദില്‍ഷനെ കുല്‍ക്കര്‍ണിയുടെ പന്തില്‍ മിച്ചല്‍ ജോണ്സണ് ക്യാച്ചെടുത്തു. പിന്നീട് വിരാട് കോഹ്ലിയും (1), എ.ബി. ഡിവില്ലിയേഴ്സും (2) പെട്ടെന്ന് പുറത്തായതോടെ ബാംഗ്ലൂര്‍ പരാജയത്തിലേക്ക് നീങ്ങി. പിന്നീട് സൗരഭ് തിവാരിയും (19 പന്തില്‍ 21), അരുണ്‍ കാര്‍ത്തിക് (12), സയിദ് മുഹമ്മദും (9) പുറത്തായതോടെ ബാംഗ്ലൂര്‍ 7ന് 85 എന്ന നിലയിലേക്ക് തകര്‍ന്നു. ഈ തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴിന് പിന്നീടൊരിക്കലും കഴിഞ്ഞില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: