മുംബൈ: മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിനിടെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് കാണികളുടെ വക കൂവല്‍. മത്സരത്തിനിടയില്‍ മാത്രമല്ല പിന്നീട് നടന്ന സമ്മാനദാനച്ചടങ്ങിലും കോഹ്ലിയെ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലെ കാണികള്‍ കൂവിത്തോല്‍പ്പിച്ചു.
മുംബൈയുടെ അമ്പാട്ടി റായിഡുവിന്റെ വിവാദ റണ്ണൗട്ടാണ് പ്രശ്നങ്ങള്‍ക്കു കാരണം. റണ്ണൗട്ട് ഒഴിവാക്കാനായി ക്രീസിലേക്ക് ഓടിയെത്തിയ റായിഡുവിന് ബാംഗ്ലൂര്‍ ബൗളര്‍ വിനയ്കുമാറിന്റെ കാലില്‍ ബാറ്റ് തട്ടിയതു കാരണം ക്രീസില്‍ തൊടാനായില്ല. അടുത്ത നിമിഷം കോഹ്ലിയുടെ നേരിട്ടുള്ള ത്രോ സ്റ്റാമ്പ് തെറിപ്പിച്ചു. ടീവി റീപ്ലേകളും റായിഡുവിന് അനുകൂലമായിരുന്നെങ്കിലും തേര്‍ഡ് അംപയര്‍ ഔട്ട് വിളിച്ചു. കാര്യം വ്യക്തമായിരുന്നിട്ടും വിക്കറ്റിനു വേണ്ടി കോഹ്ലി അപ്പീല്‍ ചെയ്ത് ആഹ്ലാദപ്രകടനം നടത്തിയതാണ് കാണികളെ ചൊടിപ്പിച്ചത്. പിന്നീട് കോഹ്ലി ബാറ്റ് ചെയ്യാനിറങ്ങിയപ്പോഴും കൂവിവിളിച്ചാണ് കാണികള്‍ വരവേറ്റത്.
പിന്നീട് സമ്മാനദാനച്ചടങ്ങിനിടെ കോഹ്ലിയെ ക്ഷണിച്ചപ്പോഴും കാണികള്‍ കൂവല്‍ തുടങ്ങി. കാണികളുടെ കൂവലിനെക്കുറിച്ച് ഹര്ഷാ ഭോഗ്ലെ ചോദിച്ചപ്പോള്‍ ഐപിഎല്‍ എന്നത് ലോകാവാസനമല്ലെന്നും താന്‍ ഇന്ത്യക്ക് വേണ്ടികൂടി കളിക്കുന്ന കളിക്കാരനാണെന്ന് മറന്നുകൊണ്ടാണ് കാണികള്‍ കൂവുന്നതെന്നായിരുന്നു കോഹ്ലിയുടെ പ്രതികരണം.
ക്രിസ് ഗെയിലിനെ പുറത്താക്കി ഹര്ഭജന് സിംഗ് നടത്തിയ ഗന്നം സ്റ്റെയില്‍ നൃത്തമായിരുന്നു മത്സരത്തിലെ രസകരമായ മറ്റൊരു സംഭവം. മത്സരത്തിനിടയിലെ ആഘോഷനിമഷങ്ങള് ഗന്നം സ്റ്റെല്‍ നൃത്തം കൊണ്ട് ആഘോഷിക്കാറുള്ള ക്രിസ് ഗെയില്‍ തന്നെ പുറത്താക്കി ഹര്ഭജന് നടത്തുന്ന ഗന്നം സ്റ്റെയില്‍ നൃത്തം കണ്ട് തലകുനിച്ച് മടങ്ങേണ്ടിവന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: