ചെന്നൈ: ആദ്യം മൈക്ക് ഹസ്സിയുടെ വെടിക്കെട്ട്.. പിന്നെ മന്‍വീന്ദര്‍ ബിസ്ലയുടെ താണ്ഡവം…ഒടുവില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ വിജയാരവം. ഇന്നലെ ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന ചെന്നൈ സൂപ്പര്‍കിംഗ്സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിന്റെ ചുരുക്കം ഇതാണ്.
ആവേശം വാനോളമുയര്‍ന്ന പോരാട്ടത്തില്‍ 14 റണ്‍സിനാണ് ധോണിപ്പട ഗംഭീറിന്റെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ മുട്ടുകുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍കിംഗ്സ് 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സ് നേടി. ഈ സീസണില്‍ മൂന്നാം തവണയാണ് ഒരു ടീം 200 കടക്കുന്നത്. മുന്‍പ് മുംബൈയും ബാംഗ്ലൂരും 200 കടന്നിരുന്നു. 59 പന്തുകളില്‍ നിന്ന് 95 റണ്‍സ് നേടിയ മൈക്ക് ഹസ്സിയുടെയും 44 റണ്‍സ് നേടിയ സുരേഷ് റെയ്നയുടെയും 39 റണ്‍സ് നേടിയ വൃദ്ധിമാന്‍ സാഹയുടെയും മികച്ച ഇന്നിംഗ്സാണ് ചെന്നൈക്ക് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്. 201 റണ്‍സ് വിജയലക്ഷ്യത്തെ പിന്തുടര്ന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. കൊല്‍ക്കത്തക്ക് വേണ്ടി മന്‍വീന്ദര്‍ ബിസ്ല അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ തുടങ്ങിയതോടെ മത്സരം പ്രവചനാതീതമായി. എന്നാല്‍ ബിസ്ല 92 റണ്‍സെടുത്ത് പുറത്തായതാണ് കൊല്‍ക്കത്തയെ തോല്‍വിയിലേക്ക് നയിച്ചത്. ബിസ്ലക്ക് പുറമെ 32 റണ്‍സ് നേടി പുറത്താകാതെ നിന്ന മോര്ഗന് മാത്രമാണ് മികച്ച പ്രകടനം നടത്തിയത്. 9 മത്സരങ്ങള്‍ നിന്ന് ഏഴാമത്തെ വിജയമാണ് ധോണിയും സംഘവും നേടിയത്. മൈക്ക് ഹസ്സിയാണ് മാന്‍ ഓഫ് ദി മാച്ച്.
നേരത്തെ ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നായകന് ഗൗതം ഗംഭീര്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഉജ്ജ്വല തുടക്കമാണ് ചെന്നൈക്ക് വേണ്ടി ഓപ്പണര്‍മാരായ വൃദ്ധിമാന്‍ സാഹയും മൈക്ക് ഹസ്സിയും ചേര്‍ന്ന് നല്‍കിയത്. വൃദ്ധിമാന്‍ സാഹയുടെ തുടക്കം സാവധാനത്തിലായിരുന്നെങ്കിലും മൈക്ക് ഹസ്സി തുടക്കം മുതല്‍ ആക്രമണമൂഡിലായിരുന്നു. കൊല്‍ക്കത്ത ബൗളര്‍മാരെ നിഷ്കരുണം പ്രഹരിച്ച് മുന്നേറിയ ഹസ്സി റോക്കറ്റ് വേഗത്തിലാണ് സ്കോര്‍ ഉയര്‍ത്തിയത്. 5.1 ഓവറില്‍ ചെന്നൈ സ്കോര്‍ 50-ലെത്തി. പിന്നീട് 9.3 ഓവറില്‍ സ്കോര്‍ 100 റണ്‍സും പിന്നിട്ടു. ഇതിനിടെ മൈക്ക് ഹസ്സി തന്റെ അര്‍ദ്ധസെഞ്ച്വറിയും പിന്നിട്ടു. 31 പന്തില്‍ നിന്ന് 7 ബൗണ്ടറിയും ഒരു സിക്സറുമടക്കമാണ് ഹസ്സി അര്‍ദ്ധസെഞ്ച്വറി പിന്നിട്ടത്. എന്നാല്‍ സ്കോര്‍ 10.1 ഓവറില്‍ 103-ല്‍ എത്തിയപ്പോള്‍ ചെന്നൈക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 23 പന്തില്‍ നിന്ന് നാല് സിക്സറും അടക്കം 39 റണ്‍സെടുത്ത സാഹയാണ് മടങ്ങിയത്. രജത് ഭാട്ടിയയുടെ പന്തില്‍ മോര്ഗന് ക്യാച്ച് നല്‍കിയാണ് സാഹ മടങ്ങിയത്. സാഹക്ക് പകരം ക്രീസിലെത്തിയ സുരേഷ് റെയ്നയും ആക്രമണമൂഡിലായിരുന്നു. എന്നാല്‍ 15.5 ഓവറില്‍ സ്കോര്‍ 158-ല്‍ എത്തിയപ്പോള്‍ സെഞ്ച്വറിക്ക് അഞ്ച് റണ്‍സ് അകലെ വച്ച് ഹസ്സി മടങ്ങി. 59 പന്തുകളില്‍ നിന്ന് 11 ബൗണ്ടറിയും രണ്ട് സിക്സറുമടക്കം 95 റണ്‍സെടുത്ത ഹസ്സിയെ സുനില്‍ നരേയ്ന്റെ പന്തില്‍ ദേബവ്രത ദാസ് പിടികൂടി. തുടര്‍ന്ന് റെയ്നക്ക് കൂട്ടായി ധോണിയാണ് എത്തിയത്. എന്നാല്‍ സ്കോര്‍ 19.2 ഓവറില്‍ സ്കോര്‍ 190-ല്‍ എത്തിയപ്പോള്‍ സുരേഷ് റെയ്നയും മടങ്ങി. 25 പന്തില്‍ നിന്ന് നാല് ബൗണ്ടറിയും ഒരു സിക്സറുമടക്കം 44 റണ്‍സെടുത്ത സുരേഷ് റെയ്ന റണ്ണൗട്ടായാണ് മടങ്ങിയത്. പിന്നീട് നാല് പന്തുകളില്‍ നിന്ന് സ്കോര്‍ 200-ല്‍ എത്താന്‍ 10 റണ്‍സ് വേണമായിരുന്നു. ലക്ഷ്മിപതി ബാലാജി എറിഞ്ഞ അവസാന ഓവറിലെ അവസാന പന്ത് സിക്സറിന് പറത്തി ധോണി ചെന്നൈ സ്കോര്‍ 200-ല്‍ എത്തിച്ചു. 12 പന്തില്‍ നിന്ന് ഒരു ഫോറും ഒരു സിക്സറുമടക്കം ധോണി 18 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഒരു റണ്‍സെടുത്ത രവീന്ദ്ര ജഡേജയായിരുന്നു കൂട്ട്.
201 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യത്തെ പിന്തുടര്ന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് മികച്ച തുടക്കം നല്കാന് ഓപ്പണര്‍മാര്‍ക്ക് കഴിഞ്ഞില്ല. സ്കോര്‍ബോര്‍ഡില്‍ 32 റണ്‍സ് മാത്രമുള്ളപ്പോള്‍ നായകന് ഗൗതം ഗംഭീര്‍ മടങ്ങി. 8 പന്തുകളില്‍ നിന്ന് മൂന്ന് ബൗണ്ടറികളോടെ 14 റണ്‍സെടുത്ത ഗംഭീറിനെ ക്രിസ് മോറിസ് ക്ലീന്‍ ബൗള്‍ഡാക്കി. തുടര്‍ന്നെത്തിയ ബ്രണ്ടന്‍ മക്കല്ലത്തിനും മികച്ച ഇന്നിംഗ്സ് കെട്ടിപ്പടുക്കാന്‍ കഴിഞ്ഞില്ല. സ്കോര്‍ 6 ഒാവറില്‍ 63 റണ്‍സിലെത്തിയപ്പോള്‍ മക്കല്ലം മടങ്ങി. 7 പന്തില്‍ നിന്ന് 6 റണ്‍സെടുത്ത മക്കല്ലത്തെ മോഹിത് ശര്‍മ്മ ബൗള്‍ഡാക്കി.
തുടര്‍ന്നെത്തിയ കല്ലിസിനൊപ്പം ഒരറ്റത്ത് ഉറച്ചുനിന്ന വൃദ്ധിമാന്‍ സാഹ കൊല്‍ക്കത്ത ഇന്നിംഗ്സ് പടുത്തുയര്‍ത്താന്‍ ശ്രമം നടത്തി. എന്നാല്‍ 12.2 ഓവറില്‍ സ്കോര്‍ 99-ല്‍ എത്തിയപ്പോള്‍ കല്ലിസും മടങ്ങിയത് കൊല്‍ക്കത്തക്ക് കനത്ത തിരിച്ചടിയായി. 20 പന്തില്‍ നിന്ന് ഒരു സിക്സറടക്കം 19 റണ്‍സെടുത്ത കല്ലിസിനെ ബ്രാവോയുടെ പന്തില്‍ നാനസ് പിടികൂടി. തൊട്ടുപിന്നാലെ വൃദ്ധിമാന്‍ സാഹ അര്‍ദ്ധസെഞ്ച്വറി പൂര്‍ത്തിയാക്കി. 43 പന്തില്‍ നിന്ന് 7 ബൗണ്ടറിയും ഒരു സിക്സറുമടക്കമാണ് സാഹ 50-ലെത്തിയത്. കല്ലിസിന് പകരം ക്രീസിലെത്തിയ മോര്ഗന് സാഹക്ക് മികച്ച പിന്തുണയാണ് നല്‍കിയത്. മോര്‍ഗന്റെ പിന്തുണയില്‍ കത്തിക്കയറിയ ബിസ്ല കൊല്‍ക്കത്തയെ വിജയത്തിന്റെ അടുത്തുവരെയെത്തിച്ചു. എന്നാല്‍ 19-ാം ഓവറിലെ മൂന്നാം പന്തില്‍ ഇല്ലാത്ത റണ്ണിനോടി ബിസ്ല റണ്ണൗട്ടായത് കൊല്‍ക്കത്തയുടെ വിജയ സ്വപ്നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തി. 61 പന്തുകള്‍ നേരിട്ട് 14 ബൗണ്ടറികളും രണ്ട് സിക്സറുമടക്കം 92 റണ്‍സെടുത്ത ബിസ്ല ഹസ്സിയുടെ നേരിട്ടുള്ള ഏറില്‍ റണ്ണൗട്ടാവുകയായിരുന്നു. അവസാന ഓവറില്‍ 19 റണ്‍സായിരുന്നു വിജയിക്കാന്‍ കൊല്‍ക്കത്തക്ക് വേണ്ടിയിരുന്നത്. എന്നാല്‍ മോര്‍ഗനും യൂസഫ് പഠാനും കൂടി നാല് റണ്‍സ് മാത്രമാണെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: