മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ കിരീടമുറപ്പിച്ചിറങ്ങിയ ബാഴ്സലോണക്ക് ഇനിയും കാത്തിരിക്കണം. ഇന്നലെ പുലര്‍ച്ചെ നടന്ന മത്സരത്തില്‍ അത്ലറ്റിക് ബില്‍ബാവോയുമായി സമനില പാലിച്ചതാണ് ബാഴ്സയുടെ കാത്തിരിപ്പ് നീട്ടിയത്. ഇരുടീമുകളും രണ്ട് ഗോളുകള്‍ വീതം നേടി. അതേസമയം മാഡ്രിഡ് ഡെര്‍ബിയില്‍ റയല്‍ മികച്ച വിജയം സ്വന്തമാക്കി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് റയല്‍ മാഡ്രിഡ് അത്ലറ്റികോ മാഡ്രിഡിനെ പരാജയപ്പെടുത്തിയത്. വിജയത്തോടെ ഒന്നാം സ്ഥാനത്തുള്ള ബാഴ്സലോണയുമായുള്ള പോയിന്റ് വ്യത്യാസം 11 ആക്കി കുറയ്ക്കാനും റയലിനായി. അഞ്ച് മത്സരങ്ങള്‍ ബാക്കിനില്‍ക്കേ ബാഴ്സക്ക് 33 മത്സരങ്ങളില്‍ നിന്ന് 85 പോയിന്റും റയലിന് 74 പോയിന്റുമാണുള്ളത്. മൂന്നാം സ്ഥാനത്തുള്ള അത്ലറ്റികോ മാഡ്രിഡിന് 68 പോയിന്റുമാണുള്ളത്.
കഴിഞ്ഞ ആഴ്ച ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ ബയേണിനോട് ദയനീയ പരാജയം ഏറ്റുവാങ്ങിയ ഞെട്ടലില്‍ നിന്ന് ബാഴ്സ മുക്തരായിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു ബില്‍ബാവോക്കെതിരായ മത്സരം. അതേസമയം ബൊറൂസിയക്കെതിരെ 4-1ന്റെ പരാജയം ഏറ്റുവാങ്ങിയ റയല്‍ അത്ലറ്റികോ മാഡ്രിഡിനെ അവരുടെ തട്ടകത്തില്‍ കീഴടക്കി ഞെട്ടലില്‍ നിന്നും മുക്തമായി എന്നതിന്റെ തെളിവായി മാറി അത്ലറ്റികോക്കെതിരായ പോരാട്ടം.
എതിരാളികളുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ 2-2നാണ് ബാഴ്സ കുടുങ്ങിയത്. ആദ്യം മുന്നിട്ടുനില്‍ക്കുകയും പിന്നീട് പിന്നിലാവുകയും ചെയ്ത പോരാട്ടത്തിനൊടുവിലാണ് ബില്‍ബാവോ സൂപ്പര്‍ താരങ്ങളടങ്ങിയ ബാഴ്സക്കെതിരെ സമനില പാലിച്ചത്. 27-ാം മിനിറ്റില്‍ ബില്‍ബാവോ ആദ്യം ലീഡ് നേടി. മാര്‍ക്കല്‍ സുസേറ്റയാണ് ബില്‍ബാവോയെ മുന്നിലെത്തിച്ചത്. പിന്നീട് ഗോള്‍ മടക്കാന്‍ ബാഴ്സ കിണഞ്ഞു പരിശ്രമിച്ചെങ്കിലും മത്സരത്തിന്റെ അറുപത്തിയേഴാം മിനിറ്റ് വരെ അവര്‍ക്ക് അതിനായി കാത്തിരിക്കേണ്ടി വന്നു. മെസിയാണ് ഗോള്‍ നേടിയത്. തിയാഗോ നല്കിയ പാസ് പിടിച്ചെടുത്ത മെസ്സി ഒന്ന് വട്ടംകറങ്ങിയശേഷം ഉതിര്‍ത്ത നല്ലൊരു ഷോട്ട് ബില്‍ബാവോ വലയില്‍ പതിച്ചു. സ്പാനിഷ് ലീഗില്‍ ഈ സീസണിലെ നാല്‍പ്പത്തിനാലാം ഗോളാണ് മെസി നേടിയത്. മൂന്നുമിനിറ്റിനുശേഷം ബാഴ്സ ലീഡ് നേടി. ആല്‍വസ് തള്ളിക്കൊടുത്ത് പന്ത് മെസ്സിക്ക്. പന്ത് ലഭിച്ച മെസ്സി ഒന്ന് കുതിച്ചശേഷം അലക്സി സാഞ്ചസിന് പാസ് ചെയ്തു. പന്ത് പിടിച്ചെടുത്ത സാഞ്ചസ് മികച്ചൊരു ഷോട്ടിലൂടെ ബില്‍ബാവോ വല കുലുക്കി. എന്നാല്‍ കളിയുടെ അവസാന മിനിട്ടില്‍ ഹെരേര നേടിയ ഗോളിലൂടെ ബില്‍ബാവോ, ബാഴ്സക്ക് വിജയം നിഷേധിക്കുകയായിരുന്നു.
അതേസമയം മാഡ്രിഡ് ഡെര്‍ബിയില്‍ വിജയത്തിനായുള്ള അത്ലറ്റികോ മാഡ്രിഡിന്റെ കാത്തിരിപ്പിന് ഇനിയും കാത്തിരിക്കണം. പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം റയലിനെ പരാജയപ്പെടുത്താമെന്ന അത്ലറ്റികൊ മാഡ്രിഡിന്റെ സ്വപ്നമാണ് നടക്കാതെ പോയത്. ഇന്നലെ പുലര്‍ച്ചെ നടന്ന മത്സരത്തില്‍ ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് റയലിന്റെ തിരിച്ചുവരവ്. നാലാം മിനിറ്റില്‍ ഫാല്കോയിലൂടെ അത്ലറ്റികൊ മാഡ്രിഡാണ് ആദ്യം സ്കോര്‍ ചെയ്തത്. ഡീഗോ റോഡിന്സിന്റെ പാസില്‍ നിന്ന് മികച്ചൊരു ഹെഡ്ഡറിലൂടെയായിരുന്നു ഫാല്കൊ ഗോള്‍ നേടിയത്.
സ്വന്തം വലയില്‍ ഗോള്‍ വീണ ശേഷം ഉണര്‍ന്നു കളിച്ച റയലിന് ഒമ്പതു മിനിറ്റുകള്‍ക്കുശേഷം സമനില ലഭിച്ചു. അത്ലറ്റികോ താരം ജുവാന്‍ഫ്രാന്റെ സെല്‍ഫ് ഗോളാണ് റയലിന്റെ രക്ഷയ്ക്കെത്തിയത്. ഏഞ്ചല്‍ ഡി മരിയയുടെ ഫ്രീകിക്ക് തടയുന്നതിനിടെ ജുവാന്‍ഫ്രാന്‍ സ്വന്തം പോസ്റ്റിലേക്ക് പന്ത് തട്ടിയിടുകയായിരുന്നു.
പിന്നീട് മത്സരത്തിന്റെ അറുപത്തിമൂന്നാം മിനിറ്റില്‍ ഏഞ്ചല്‍ ഡി മരിയയാണ് റയലിന്റെ വിജയ ഗോള്‍ നേടിയത്. പന്തുമായി കുതിച്ചുകയറിയ കരീം ബെന്‍സേമ തള്ളിക്കൊടുത്ത പന്ത് പിടിച്ചെടുത്താണ് ഡി മരിയ റയലിന്റെ വിജയഗോള്‍ നേടിയത്. കാലിന് പരിക്കേറ്റ സൂപ്പര്‍ താരം ക്രിസ്റ്റ്യാ നോ റൊണാള്‍ഡോ അത്ലറ്റികൊ മാഡ്രിഡിനെതിരെ കളിക്കാനിറങ്ങിയില്ല.
മറ്റ് മത്സരങ്ങളില്‍ റയല്‍ സരഗോസ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മയോര്‍ക്കയെയും സെല്‍റ്റ ഡി വീഗോ 1-0ന് ലെവന്റെയും കീഴടക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: