കൊല്ലം: പറവൂര്‍ ചീപ്പു പാലത്തിന്റെ ഷട്ടറുകള്‍ അടച്ചിടുന്നതു സംബന്ധിച്ച കൊല്ലം ജില്ലാ കളക്ടറുടെ നിര്‍ദേശം ഉദ്യോഗസ്ഥര്‍ ദുര്‍വ്യാഖാനം ചെയ്യുന്നു.
ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥരാണു വേനല്ക്കാലത്തു സ്ഥിരമായി അടച്ചിടേണ്ടുന്ന ചീപ്പ് പാലത്തിന്റെ ഷട്ടറുകള്‍ ഏതാനും ചില ചെമ്മീന്‍ കൃഷിക്കാര്‍ക്കു വേണ്ടി ഇടയ്ക്കിടെ തുറന്നിടുന്നത്. പറവൂര്‍ പൊഴിക്കര ചീപ്പു പാലത്തിന്റെ നിര്‍ദ്ദിഷ്ട ലക്ഷ്യത്തിനു വിപരീതമാണു ഈ ഷട്ടര്‍ തുറക്കല്‍. കായലില്‍ ഉപ്പുവെള്ളം കയറാതിരിക്കാന്‍ വേണ്ടിയാണു 1959 കാലഘട്ടത്തില്‍ ചീപ്പ് പാലം നിര്‍മിച്ചത്.
ഇത്തിക്കര ഏലായിലെ ഇരുപ്പൂ കൃഷി സംരക്ഷണം ആയിരുന്നു അന്നത്തെ ലക്ഷ്യം. മഴക്കാലത്തു കായലില്‍ ജലനിരപ്പു ഉയരുമ്പോള്‍ ജലം കടലിലേക്ക് ഒഴുക്കിവിടാന്‍ വേണ്ടി മാത്രമാണു ഷട്ടറുകള്‍ തുറക്കേണ്ടതെന്നതാണു ശാസ്ത്രീയ സമീപനം. വേനല്‍ കാലത്തു ചീപ്പു പാലത്തിലെ ആകെയുള്ള എട്ടു ഷട്ടറുകളും അടച്ചിടുന്നതിനാല്‍ കടലിലും കായലിനും ഇടയ്ക്കു ഒരു മണല്‍ത്തിട്ട രൂപം കൊള്ളുകയും അതു തുടര്‍ന്നു മഴക്കാലം വരെ സുരക്ഷിതമായ തടയണയായി രൂപാന്തരം ചെയ്യപ്പെടുകയും ചെയ്യും.
കഴിഞ്ഞ കുറെ നാളുകള്‍ ഷട്ടറുകള്‍ പ്രവര്‍ത്തനരഹിതമായി തുറന്നു തന്നെ കിടന്നതിന്റെ ഫലമായി കായലില്‍ വന്‍ തോതില്‍ മണല്‍ കയറി തിട്ടകള്‍ രൂപം കൊള്ളുകയും കായലിലെ നീരൊഴുക്കു തടസപ്പെടുകയും ചെയ്തിരുന്നു. ഇതുമൂലം കോടികള്‍ ചെലവഴിച്ചു ഷട്ടറുകള്‍ പുനര്‍നിര്‍മിക്കുകയായിരുന്നു. ഇപ്പോള്‍ പൂര്‍ണമായും ഷട്ടറുകള്‍ അടച്ചിടേണ്ടതിനു പകരം ഇടയ്ക്കിടെ തുറന്നിടുന്നതു ചീപ്പ് പാലത്തിന്റെ ഉപയോഗം തന്നെ ഇല്ലാതെയാക്കുന്നു. വേലിയേറ്റ സമയത്തു ഷട്ടറുകള്‍ തുറന്നിടുന്നതു മൂലം ഉപ്പുവെള്ളം കായലിലേയ്ക്കു വന്‍തോതില്‍ കയറുന്നു. ഇതിനാല്‍ ഇത്തിക്കര,ചാത്തന്നൂര്‍, ചിറക്കര, പറവൂര്‍ തുടങ്ങി പ്രദേശങ്ങളില്‍ കിണറുകളിലെ വെള്ളത്തില്‍ ഉപ്പു കലരുന്നു. മാത്രവുമല്ല വേലിയിറക്ക സമയത്തു കടലിലേയ്ക്കു കായല്‍ ജലം ഒഴുകി പോകുന്നതിനാല്‍ കിണറുകളിലെ നിലവിലെ ജലനിരപ്പു കുറയുകയും ചെയ്യുന്നു. ഏതാനും ചില ചെമ്മീന്‍ കൃഷിക്കാര്‍ക്കു വേണ്ടി ഉദ്യോഗസ്ഥര്‍ കാട്ടുന്ന ഈ ഒത്തുകളി പരമ്പരാഗത കായല്‍ മത്സ്യബന്ധനത്തെയും പ്രതികൂലമായി ബാധിക്കും. കായല്‍ ജലത്തില്‍ ഉപ്പു വെള്ളം കലരുന്നതു മൂലം കായല്‍ മത്സ്യങ്ങളുടെ പ്രജനനവും വളര്‍ച്ചയും തടസപ്പെടും. വേലിയിറക്കസമയത്തു കായല്‍ മത്സ്യങ്ങള്‍ കടലിലേയ്ക്കു തള്ളപെടാനും ഇതു ഇടയാക്കുന്നു. കായലില്‍ ചിലയിടങ്ങളില്‍ കുറ്റി വല ഉപയോഗിച്ചു ചെമ്മീന്‍ വാരല്‍ നടത്തുന്ന ചുരുക്കം ചിലര്‍ ജില്ലാ കളക്ടര്‍ക്കു ഷട്ടറുകള്‍ തുറക്കണമെന്നു ആവശ്യപ്പെട്ടു നിവേദനം നല്കിയിരുന്നുവത്രെ. നിവേദനത്തില്‍ തീരുമാനം എടുക്കാനായി ജില്ലാ കളക്ടര്‍ ഇറിഗേഷന്‍ വകുപ്പിനു കൈമാറി. ഈ നിര്‍ദേശത്ത മറയാക്കിയാണു ആയിരക്കണക്കിനു കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന നടപടിയിലേയ്ക്കു വകുപ്പു ഉദ്യോഗസ്ഥര്‍ നീങ്ങിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: