കാസര്‍കോട്: വിഷമഴ തോര്‍ന്നെങ്കിലും നെഞ്ചംപറമ്പിന്റെ താഴ്വാരങ്ങളിലെ അമ്മമാരുടെ നെഞ്ചിലെ തീ അണഞ്ഞിട്ടില്ല. നെരിപ്പോടുപോലെ അതിപ്പോഴും എരിയുകയാണ്. കശുവണ്ടിത്തോട്ടങ്ങളാല് ചുറ്റപ്പെട്ട ദരിദ്രകുടിലുകളില് പിറക്കുന്ന ഇളംകുരുന്നുകള്‍ എന്‍ഡോസള്‍ഫാന്‍ ദുരന്തമവസാനിച്ചിട്ടില്ലെന്ന മുന്നറിയിപ്പ് ആകുമ്പോള്‍ ഏതമ്മയുടെ നെഞ്ചിലെ തീയാണ് അണയുക!
തൊണ്ണൂറോളം എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ജീവിതം ഉരുകിവീണ കാറടുക്ക പഞ്ചായത്തിലാണ് നെഞ്ചംപറമ്പ്. നിരോധനം വന്നപ്പോള്‍ പ്ലാന്റേഷന് കോര്പ്പറേഷന് നെഞ്ചംപറമ്പിന്റെ കുന്നുകളില്‍ എന്‍ഡോസള്‍ഫാന്‍ കുഴിച്ചിടുകയായിരുന്നു. നെഞ്ചംപറമ്പിനു കീഴിലുള്ള കൈത്തോട്, മഞ്ഞമ്പാറ, കുണ്ടാര്‍, പടിയത്തടുക്ക തുടങ്ങിയപ്രദേശങ്ങളിലെ നവജാതശിശുക്കള്‍ ഇപ്പോഴും ദുരന്തത്തിന്റെ ഭീകരമുഖം വ്യക്തമാക്കുന്നു. തലമാത്രം വളരുന്ന കുട്ടികള്‍ വൈദ്യശാസ്ത്രത്തിന് ഇന്നും അദ്ഭുതം മാത്രം. കുഞ്ഞുശരീരങ്ങളില്‍ വിഷമഴ കരിച്ചുകളഞ്ഞ തൊലി ഒട്ടിപ്പിടിച്ചിരിക്കുന്നു. കണ്ണില്ലാതെ പിറന്ന് മണിക്കൂറുകള്‍ ജീവിച്ച് വെളിച്ചം കാണാതെ മരിച്ച കുട്ടി. ഏറ്റവുമൊടുവില്‍ പിറന്നുവീണ കുഞ്ഞിന്റെ കരച്ചില്കേള്ക്കാന് എരിയുന്ന നെഞ്ചുമായി കാത്തിരിക്കുന്ന ഒരമ്മയുടെ ദയനീയ ചിത്രവും.
നെഞ്ചംപറമ്പിന്റെ ദുരിതക്കാഴ്ചകള്‍ നടന്നു കാണിച്ചുതന്നത് ഇരകള്‍ക്കുവേണ്ടി ജീവിതം മാറ്റിവച്ച 64 കാരനായ അബ്ദുള്ളയാണ്. കുഞ്ഞിന്റെ കരച്ചില് കേള്‍ക്കാന്‍ നെഞ്ചുരുകി കാത്തിരിക്കുന്ന അമ്മ അബ്ദുള്ളയുടെ മകള്‍ ബീഫാത്തിമയായത് വിധിവൈപരീത്യമായിരിക്കാം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബീഫാത്തിമ-അഹമ്മദ് ദമ്പതികളുടെ നാലാമത്തെ കുഞ്ഞ് പിറന്നത്. വലുപ്പമുള്ള തല, കാല്പ്പാദങ്ങള് മുകളിലോട്ട് വളഞ്ഞ്, വീണ്ടുകീറിയ തൊലി. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് കുട്ടി ഇപ്പോള്‍. കുട്ടി ഇതുവരെ കരഞ്ഞിട്ടില്ല. എന്നാല്‍ ഇവര്‍ക്കിത് ആദ്യ അനുഭവമല്ല. നാലുമക്കളില്‍ മൂന്ന് പേരും എന്‍ഡോസള്‍ഫാന്‍ ഇരകള്‍. മൂത്തമകന് മുഹമ്മദ് മുക്താറിനെ എട്ടുലക്ഷത്തോളം രൂപമുടക്കി ചികിത്സിച്ചു. ഇപ്പോള്‍ വൈകല്യങ്ങളോടുകൂടിത്തന്നെ ജീവിക്കുന്നു. രണ്ടാമതുണ്ടായ മകള്‍ മാത്രമാണ് ആശ്വാസമായത്. മൂന്നാമത്തെ കുട്ടിക്ക് ഒമ്പതുമാസം മാത്രമായിരുന്നു ആയുസ്. എങ്കിലും മറ്റുള്ളവരുടെ വേദനകളൊപ്പാന്‍ ഇപ്പോഴും അബ്ദുള്ള നെഞ്ചംപറമ്പിന്റെ കുന്നുകള്‍ കയറുന്നു.
കൈത്തോടിലെ മമത-നാരായണന് ദമ്പതിമാരുടെ അഞ്ച് മക്കളില്‍ ഒരാള്‍ മാത്രമാണ് അവശേഷിക്കുന്നത്. മൂത്തമകന് നവീന്‍കുമാര്‍ 11 വയസ്സുള്ളപ്പോള്‍ മരിച്ചു. പിന്നീടുണ്ടായ രണ്ട് ഇരട്ടക്കുട്ടികളില്‍ ഒരാള്‍ക്ക് മണിക്കൂറുകള്‍ മാത്രമായിരുന്നു ആയുസ്. രണ്ടാമത്തെയാള്‍ ഒരാഴ്ചയ്ക്കുള്ളിലും മരിച്ചു. പിന്നീട് കണ്ണില്ലാതെയാണ് കുട്ടി പിറന്നത്-ദുരിതങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കുന്ന ഭരണാധികാരികളോടുള്ള പ്രതിഷേധമെന്നോണം. ഒരുമകന് മാത്രമാണിവര്‍ക്ക് ഇപ്പോള്‍ കൂട്ട്. സനദ് ഹസന്, ഉമൈനത്ത് ശാലിയ, സഫിയ…. മുപ്പതോളം ജീവനുകള്‍ താഴ്വാരങ്ങളില് മാത്രം എന്‍ഡോസള്‍ഫാന്‍ കീഴടങ്ങി. ഇരുപതില്പ്പരംപേര് ജീവിക്കാന്‍ സര്‍ക്കാരിന്റെ ദയ കാത്തുകിടക്കുന്നു.
നെഞ്ചംപറമ്പിന്റെ കുന്നിറങ്ങുമ്പോള്‍ ഓട്ടോ ഓടിച്ചിരുന്ന നാരായണനും പറയുന്നത് കേട്ടു. “നാളെ മകളെയും കൊണ്ട് തിരുവനന്തപുരം ആര്‍സിസിയില്‍ പോകണം” എന്ന്. നാരായണന്റെ ആറുവയസ്സായ മകള്‍ക്ക് ബ്ലഡ് ക്യാന്‍സറാണ്. ഇരകളുടെ പട്ടികയിലേക്ക് അതിവേഗം പേരുകള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടുകൊണ്ടിരിക്കുന്നു. എന്നാല്‍ ഭരണകൂടത്തിന്റെ ഔദാര്യങ്ങളിലേക്കുള്ള ദൂരം ഇനിയുമേറെയാണ്.
കെ. സുജിത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: