ജയ്പൂര്‍: ഷെയ്ന് വാട്സന്റെ വിസ്ഫോടനത്തിന് മുന്നില്‍ സണ്‍റൈസേഴ്സിന് കനത്ത തോല്‍വി. 53 പന്തില്‍ 13 ബൗണ്ടറിയും നാല് സിക്സറുമടക്കം 98 റണ്‍സ് നേടി പുറത്താകാതെ നിന്ന ഷെയ്ന് വാട്സന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെ മികവില്‍ സണ്‍റൈസേഴ്സിനെതിരെ എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് രാജസ്ഥാന് നേടിയത്. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് 20 ഓവറില്‍ വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുത്തു. സണ്‍റൈസേഴ്സിന്റെ ആദ്യ ആറ് മുന്‍നിര ബാറ്റ്സ്മാന്മാരും രണ്ടക്കം കടക്കാതെ പുറത്തായ മത്സരത്തില്‍ ഡാരന്‍ സമിയും (60), അമിത് മിശ്രയും (21), സ്റ്റെയിനും 18 (നോട്ടൗട്ട്), ആശിഷ് റെഡ്ഡിയും (14) ചേര്‍ന്നാണ് 144-ല്‍ എത്തിച്ചത്. ഒരുഘട്ടത്തില്‍ 6ന് 29 എന്ന നിലയില്‍ തകര്‍ന്ന സണ്‍റൈസേഴ്സിനെ ഇവരുടെ പ്രകടനമാണ് ഭേദപ്പെട്ട നിലയില്‍ എത്തിച്ചത്. 20 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഫള്‍ക്നറുടെ തകര്‍പ്പന്‍ ബൗളിംഗാണ് സണ്‍റൈസേഴ്സിനെ ചെറിയ സ്കോറില്‍ ഒതുക്കിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് റോയല്‍സിന് വേണ്ടി വാട്സണ് പുറമെ ക്യാപ്റ്റന്‍ ദ്രാവിഡ് (36) റണ്‍സും നേടി. വിജയത്തോടെ രാജസ്ഥാന് റോയല്‍സ് മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത സണ്‍റൈസേഴ്സ് ഹൈദരാബാദിന് ഈ സീസണിലെ ഏറ്റവും ദയനീയമായ തുടക്കമാണ് ലഭിച്ചത്. സ്കോര്‍ബോര്‍ഡില്‍ വെറും 29 റണ്‍സ് ആയപ്പോഴേക്കും ആറ് മുന്‍നിര ബാറ്റ്സ്മാന്മാരാണ് പവലിയനിലേക്ക് മടങ്ങിയത്. സ്കോര്‍ രണ്ട് റണ്‍സ് മാത്രമുള്ളപ്പോള്‍ ആദ്യ വിക്കറ്റ് സണ്‍റൈസേഴ്സിന് നഷ്ടമായി. അഞ്ച് പന്ത് നേരിട്ട് വെറും രണ്ട് റണ്‍സ് മാത്രമെടുത്ത അക്ഷത് റെഡ്ഡിയെ ചണ്ഡില വാട്സന്റെ കൈകളിലെത്തിച്ചു. സ്കോര്‍ ആറ് റണ്‍സിലെത്തിയപ്പോള്‍ ക്യാപ്റ്റന്‍ സംഗക്കാരയും മടങ്ങി. നാല് പന്തില്‍ നിന്ന് ഒരു ബൗണ്ടറിയോടെ നാല് റണ്‍സെടുത്ത സംഗക്കാരയെ ഫള്‍ക്നറുടെ പന്തില്‍ വാട്സണ് പിടികൂടി. സ്കോര്‍ബോര്‍ഡില്‍ ഒരു റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും കഴിഞ്ഞ മത്സരത്തില്‍ അര്‍ദ്ധശതകം നേടിയ ശിഖര്‍ ധവാനും കൂടാരത്തിലേക്ക് മടങ്ങി. രണ്ട് പന്ത് നേരിട്ട് റണ്ണൊന്നുമെടുക്കാതിരുന്ന ധവാനെ ഫള്‍ക്നറുടെ പന്തില്‍ അജിന്‍ക്യ രഹാനെ പിടികൂടി. പിന്നീട് സ്കോര്‍ 15-ല്‍ എത്തിയപ്പോള്‍ കരണ്‍ ശര്‍മ്മയും മടങ്ങി. എട്ടുപന്തുകള്‍ നേരിട്ട് ഒരു ബൗണ്ടറിയോടെ ആറ് റണ്‍സെടുത്ത കരണ്‍ ശര്‍മ്മയെ ഫള്‍ക്നറുടെ പന്തില്‍ ഹോഡ്ജ് പിടികൂടി. സ്കോര്‍ 16-ല്‍ എത്തിയപ്പോള്‍ അഞ്ചാം വിക്കറ്റും സണ്‍റൈസേഴ്സിന് നഷ്ടമായി. നാല് പന്തില്‍ നിന്ന് ഒരു ബൗണ്ടറിയോടെ നാല് റണ്‍സെടുത്ത തിസര പെരേരയെ ചണ്ഡിലയുടെ പന്തില്‍ കൂപ്പര്‍ പിടികൂടി. ആറാം വിക്കറ്റില്‍ ഹനുമ വിഹാരയും ഡാരന്‍ സമിയും ചേര്‍ന്ന് 10 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സ്കോര്‍ 29-ല്‍ എത്തിയപ്പോള്‍ 9 പന്തില്‍ നിന്ന് നാല് റണ്‍സെടുത്ത ഹനുമ വിഹാരിയും മടങ്ങി. കെവണ്‍ കൂപ്പറുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ദിഷാന്ത് യാഗ്നിക്കിന് ക്യാച്ച് നല്‍കിയാണ് വിഹാരി മടങ്ങിയത്. സ്കോര്‍: 6ന് 29. ഇതോടെ ഈ സീസണിലെ ഏറ്റവും ചെറിയ സ്കോറിന് സണ്‍റൈസേഴ്സ് പുറത്താകുമെന്ന് തോന്നിച്ചു.
എന്നാല്‍ ആറാം വിക്കറ്റില്‍ ഡാരന്‍ സമിയും അമിത് മിശ്രയും ഒത്തുചേര്‍ന്നതോടെ സണ്‍റൈസേഴ്സ് ഇന്നിംഗ്സിന് വീണ്ടും ജീവന്‍വെച്ചു. 14.1 ഓവറില്‍ സ്കോര്‍ 87-ല്‍ എത്തിയശേഷമാണ് 58 റണ്‍സിന്റെ ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 28 പന്തില്‍ നിന്ന് രണ്ട് ബൗണ്ടറിയോടെ 21 റണ്‍സെടുത്ത അമിത് ശര്‍മ്മയാണ് പുറത്തായത്. ഫള്‍ക്നറുടെ പന്തില്‍ കൂപ്പറിന് ക്യാച്ച് നല്‍കിയാണ് അമിത് ശര്‍മ്മ മടങ്ങിയത്. പിന്നീടെത്തിയ ആശിഷ് റെഡ്ഡിയും ഡാരന്‍ സമിക്ക് മികച്ച പിന്തുണ നല്കി. ഇരുവരും ചേര്‍ന്ന് 16.1 ഓവറില്‍ സണ്‍റൈസേഴ്സ് സ്കോര്‍ 100 കടത്തി. പിന്നീട് 17.5 ഓവറില്‍ സ്കോര്‍ 114-ല്‍ എത്തിയപ്പോള്‍ ആശിഷ് റെഡ്ഡിയും മടങ്ങി. 11 പന്തില്‍ നിന്ന് ഒരു ബൗണ്ടറിയടക്കം 14 റണ്‍സെടുത്ത റെഡ്ഡിയെ സ്റ്റുവര്‍ട്ട് ബിന്നിയുടെ പന്തില്‍ ഫള്‍ക്നര്‍ പിടികൂടി. ഈ ഓവറിലെ അവസാന പന്ത് ബൗണ്ടറി കടത്തി ഡാരന്‍ സമി അര്‍ദ്ധസെഞ്ച്വറി പൂര്‍ത്തിയാക്കി. 37 പന്തില്‍ 7 ബൗണ്ടറിയും ഒരു സിക്സറുമടക്കമാണ് സമി 50-ലെത്തിയത്. പിന്നീട് 19-ാം ഓവറിലെ അവസാന പന്തില്‍ ഡാരന്‍ സമി പുറത്തായി. 41 പന്തില്‍ നിന്ന് 60 റണ്‍സെടുത്ത സമി ഫള്‍ക്നറുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് മടങ്ങിയത്. സ്കോര്‍ 9ന് 127. കെവണ്‍ കൂപ്പര്‍ എറിഞ്ഞ അവസാന ഓവറില്‍ ഒരു സിക്സറും രണ്ട് ബൗണ്ടറിയുമടക്കം 17 റണ്‍സ് അടിച്ചുകൂട്ടിയ സ്റ്റെയിനാണ് സണ്‍റൈസേഴ്സ് സ്കോര്‍ 144-ല്‍ എത്തിച്ചത്. രാജസ്ഥാന് റോയല്‍സിനുവേണ്ടി ജെയിംസ് ഫള്‍ക്നര്‍ നാല് ഒാവറില്‍ 20 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റും ചണ്ഡില മൂന്ന് ഓവറില്‍ 13 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും വീഴ്ത്തി.
145 റണ്‍സ് വിജയലക്ഷ്യത്തെ പിന്തുടര്ന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് റോയല്‍സിന് ആദ്യ വിക്കറ്റ് 7 റണ്‍സ് മാത്രമുള്ളപ്പോള്‍ നഷ്ടമായി. ഒമ്പത് പന്തുകള്‍ നേരിട്ട് ഒരു റണ്‍ മാത്രമെടുത്ത അജിന്‍ക്യ രഹാനെയെ സ്റ്റെയിന് സംഗക്കാരയുടെ കൈകളിലെത്തിച്ചു. രണ്ടാം വിക്കറ്റില്‍ ദ്രാവിഡിനൊപ്പം വാട്സണ് ഒത്തുചേര്‍ന്നതോടെ കളിയുടെ ഗതിമാറി. സ്റ്റെയിന് ഉള്‍പ്പെടെയുള്ള സണ്‍റൈസേഴ്സ് ബൗളര്‍മാരെ നിര്‍ഭയം നേരിട്ട ഇരുവരും ചേര്‍ന്ന് സ്കോര്‍ ഉയര്‍ത്തി.
ഒടുവില്‍ 12.5 ഓവറില്‍ സ്കോര്‍ 81-ല്‍ എത്തിയശേഷമാണ് 74 റണ്‍സിന്റെ ഈ കൂട്ടുകെട്ട് പിരിക്കാന്‍ സണ്‍റൈസേഴ്സിന് കഴിഞ്ഞത്. 35 പന്തുകളില്‍ നിന്ന് നാല് ബൗണ്ടറിയും ഒരു സിക്സറുമടക്കം 36 റണ്‍സെടുത്ത ദ്രാവിഡിനെ തിസര പെരേര വിഹാരിയുടെ കൈകളിലെത്തിച്ചാണ് ഈ കൂട്ടുകെട്ട് പിരിച്ചത്. പിന്നീട് സ്റ്റുവര്‍ട്ട് ബിന്നിയെ സാക്ഷിനിര്‍ത്തി വാട്സണ് നടത്തിയ വെടിക്കെട്ടില്‍ 11 പന്ത് ബാക്കിനില്‍ക്കേ രാജസ്ഥാന് റോയല്‍സ് വിജയം സ്വന്തമാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: