കൊച്ചി: തൃക്കാക്കരയുള്‍പ്പടെയുള്ള എറണാകുളം ഭാഗത്തേക്കു കൂടുതല്‍ വെള്ളം നല്കുന്ന 805 കോടി രൂപയുടെ പുതിയ പദ്ധതി നടപ്പാക്കുമെന്ന് ജലവിഭവമന്ത്രി പി.ജെ.ജോസഫ്. തൃക്കാക്കരയില്‍ പുതുതായി തുടങ്ങിയ ജലഅതോറിട്ടി സെക്ഷന്‍ ഓഫീസിന്റെയും റവന്യു കളക്ഷന്‍ സെന്ററിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഹഡ്കോ പദ്ധതിയില്‍ നിന്ന് കൂടുതല്‍ പ്രയോജനം കൊച്ചിക്കു ലഭിച്ചില്ലെന്നും പൈപ്പ് വഴി കൂടുതല്‍ വെള്ളമെത്തിക്കേണ്ടതിന്റെ പ്രാധാന്യം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇതുള്‍പ്പടെ 5000 കോടി രൂപ ചെലവുവരുന്ന പുതിയ പദ്ധതി കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയ്ക്കു നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 109 എം.എല്‍.ഡി. വെള്ളം ഈ പദ്ധതിയിലൂടെ എറണാകുളം നഗരത്തില്‍ ലഭ്യമാക്കാനാകും.
ഈ വരള്‍ച്ചയോടെയാണ് കേരളം കുടിവെള്ളത്തിന്റെ പ്രാധാന്യം മനസിലാക്കിയത്. നമ്മുടെ കനാലുകളെല്ലാം അറ്റകുറ്റപ്പണി നടത്തി കൂടുതല്‍ വെള്ളം വിടാന്‍ പാകത്തില്‍ ക്രമീകരിക്കേണ്ടതുണ്ട്. മഴവെള്ള സംഭരണികള്‍ സ്ഥാപിച്ച് വെള്ളം ശേഖരിക്കുന്നതും നിര്‍ബന്ധമാക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ബെന്നി ബഹനാന് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. തൃക്കാക്കര നഗരസഭാധ്യക്ഷന്‍ പി.ഐ. മുഹമ്മദാലി, ജല അതോറിട്ടി ബോര്‍ഡംഗം ജോണി അരീക്കാട്ടില്‍, കൗണ്‍സിലര്‍ സേവ്യര്‍ തായങ്കരി, വികസന സമതി അധ്യക്ഷന്‍ അജിത് ബാബു ജോസഫ്, ക്ഷേമകാര്യസമതി അധ്യക്ഷ രാധാമണി പിള്ള, ആരോഗ്യസമതി അധ്യക്ഷന്‍ വി.ഡി. സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: