കുഞ്ഞരുവികളിലേയും പുഴകളിലേയും തെളിനീര് വിശ്വസിച്ച് ഒരു കൈക്കുമ്പിളിലെടുത്ത് ദാഹം അകറ്റിയിരുന്ന ഒരു കാലം മലയാളികള്‍ക്കുണ്ടായിരുന്നു. കണ്ണാടിപോലെ തെളിഞ്ഞ ജലം. എന്നാലിന്ന് സ്ഥിതി മാറി. തെളിഞ്ഞ വെള്ളത്തിന് പകരം പല നിറങ്ങളില്‍ പുഴയും തോടും ഒഴുകി. മൂക്ക് പൊത്തി നടക്കേണ്ട അവസ്ഥയിലേക്ക് പുഴയും തോടും മനുഷ്യനാല്‍ മലിനമാക്കപ്പെട്ടു. ഫലമോ ഒരു തുള്ളി വെള്ളം വിശ്വസിച്ച് കുടിയ്ക്കാന്‍ പറ്റാതായി.
മനുഷ്യരുടേയും മൃഗങ്ങളുടേയും വിസര്‍ജ്യമുള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നേരിട്ട് ജലസോതസ്സുകളിലേക്ക് തള്ളി വിട്ടുകൊണ്ട് ഇരിക്കുന്ന കൊമ്പ് തന്നെ മുറിക്കുന്ന പണിയാണ് ഇന്ന് മനുഷ്യന് ചെയ്തുകൊണ്ടിരിക്കുന്നത്. ജലത്തില്‍ ഏറെ വിനാശകാരിയായ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി എന്ന വാര്‍ത്തയ്ക്ക് ഇന്ന് പ്രസക്തി ഇല്ലാതായിരിക്കുന്നു. നദിയില്‍ നിന്നും ശേഖരിക്കുന്ന ജലം ശുദ്ധീകരിക്കാതെ നേരിട്ട് വിതരണം ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിട്ട് അധിക ദിവസമായില്ല. നമ്മുടെ വീടുകളില്‍ എത്തുന്ന വെള്ളം ഇത്തരത്തിലുള്ളതാണോ എന്ന് അപ്പോള്‍ എങ്ങനെ തിരിച്ചറിയും.
ബാറുകളില്‍ ഉപയോഗിക്കുന്ന ഐസ് കട്ടകളില്‍ പോലും അമോണിയയുടെ സാന്നിധ്യമുണ്ടെന്നും മീന്‍ ചീത്തയാകാതിരിക്കാന്‍ ഇത്തരം ഐസ് കട്ടകളാണ് ഉപയോഗിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍. എന്തിനേറെ ബാലന്‍സ് വരുന്ന ചിക്കന്‍ കേടാകാതിരിക്കാന്‍ ആശ്രയിക്കുന്നത് മനുഷ്യ മൃതദേഹം സൂക്ഷിക്കുന്ന മൊബെയില്‍ മോര്ച്ചറികളെയാണെന്ന് കേട്ടാല്‍ മൂക്കത്ത് വിരല്‍ വയ്ക്കുകയോ അറപ്പോടെ മുഖം ചുളിക്കുകയോ വേണ്ട, കാരണം സത്യമാണത്.
കത്തുന്ന വെയിലില്‍ വാടിത്തളര്‍ന്ന് ഒരിറ്റു വെള്ളം കുടിയ്ക്കാനായി വലഞ്ഞ്, എന്നാല്‍ പുറത്ത് കിട്ടുന്ന ശീതള പാനീയങ്ങളില്‍ അത്ര വിശ്വാസം പോരാതെ വീടെത്തുന്നത് വരെ ദാഹം കൊണ്ടു നടക്കുന്ന എത്രയോ പേരുണ്ട്. കുട്ടികള്‍ക്ക് ഏറെ ഹരമായ ഐസ് ഫ്രൂട്ട് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ജലം ഓടകളില്‍ നിന്നും മറ്റുമുള്ളതാണെന്ന് പറഞ്ഞാല്‍ അതിശയോക്തിയില്ല. എന്നുകരുതി നാളെ ആരും ഐസ് ഫ്രൂട്ട് ബഹിഷ്കരിക്കുകയുമില്ല. അതുകൊണ്ട് തന്നെ ഏത് വെള്ളം ഉപയോഗിച്ചും ഈ ഉത്പന്നം ഉണ്ടാക്കാന്‍ നിര്‍മാതാക്കള്‍ക്ക് മടിയുമില്ല.
എങ്കില്‍ പിന്നെ എന്തിനാണ് കാശ് കൊടുത്ത് കടിയ്ക്കുന്ന പട്ടിയെ വാങ്ങി എന്ന് പറയുന്ന പോലെ കാശ് കൊടുത്ത് തടി കേടാക്കണം. സ്വന്തം വീട്ടില്‍ വച്ച് രുചികരവും ആരോഗ്യദായകവുമായ എത്രയോ ശീതള പാനീയങ്ങള്‍ നമുക്ക് തന്നെ തയ്യാറാക്കാവുന്നതാണ്.
പുറത്ത് പോകുമ്പോള്‍ തിളപ്പിച്ച് ആറ്റിയ ഒരു കുപ്പി വെള്ളം കൂടെ കരുതുന്നതില്‍ എന്തിനാണ് മടിയ്ക്കുന്നത്. ഏതാനും തുളസിയിലയിട്ട്, അല്ലെങ്കില്‍ ചുക്കോ, ജീരകമോ, ഉലുവയോ, ഒക്കെ ഇട്ട് തിളപ്പിച്ച വെള്ളം ദാഹം മാത്രമല്ലല്ലോ അകറ്റുക…
വിനീത വേണാട്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: