കൊല്ലം: തൊഴിലിന്റെയും തൊഴിലാളികളുടെയും നിറം ചോരച്ചുവപ്പാണെന്ന് പറഞ്ഞുപഠിപ്പിച്ച കാലത്തിഞ്ചരമക്കുറിപ്പെഴുതി കൊല്ലം നഗരത്തില്‍ അരുണോദയം. കാവിയണിഞ്ഞ പതിനായിരങ്ങള്‍ ഇന്ന് സായാഹ്നത്തില്‍ പട്ടണത്തില്‍ തൊഴില്‍ സംസ്കാരമാണെന്ന പുതിയ മുദ്രാവാക്യമുയര്‍ത്തും. ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ നേതൃത്വത്തിലുള്ള ചുമട്ടുതൊഴിലാളികള്‍ തങ്ങളുടെ ജില്ലയിലേക്ക് ആദ്യമായെത്തിയ സംസ്ഥാന സമ്മേളനത്തിന് സംഘടിതശക്തികൊണ്ട് സ്വാഗതമരുളും.
അട്ടിമറിക്കൂലിയിലൂടെ കുപ്രസിദ്ധമായ പതിനെട്ടര കമ്പനിക്ക് പട്ടടതീര്‍ത്ത് കടന്നുവന്ന ദേശീയബോധമുള്ള തൊഴിലാളിയുടെ ഒത്തുചേരലിനാണ് ഒമ്പതാം സംസ്ഥാന സമ്മേളനം വേദിയാകുന്നത്. ചട്ടമ്പിത്തരത്തിന് തലേക്കെട്ട് കെട്ടിയ ചുമട്ടുതൊഴിലാളിയുടെ ഭയപ്പെടുത്തുന്ന മുഖത്തിന് പകരം അധ്വാനം ആരാധനയാണെന്ന് കരുതിയ പുതിയ തലമുറയെ പ്രതിഷ്ഠിക്കുകയായിരുന്നു ബിഎംഎസ്. അത് സേവനം ജീവനധര്മ്മമാക്കിയവരുടെ ചുവടുവയ്പ്പായിരുന്നു.
ഭീഷണികളുമായെത്തുന്ന ചുവന്ന കണ്ണുകളല്ല ചുമട്ടുതൊഴിലാളികളുടെ വ്യക്തിമുദ്രയെന്ന് പൊതുതൊഴിലാളി സമൂഹത്തെ പഠിപ്പിക്കുകയായിരുന്നു ബിഎംഎസ്. പിടിച്ചുപറിക്കും അട്ടിമറിക്കൂലിക്കും അംഗീകാരം നല്കി 67ല്‍ ഇഎംഎസ് കൊടിഉയര്‍ത്തി വളര്‍ത്തിയ പ്രസ്ഥാനത്തിന്റെ അണികള്‍ പോലും ബിഎംഎസ് തുറന്നുവെച്ച പരസ്പര സൗഹൃദത്തിന്റെ പടിവാതില്‍ മടികൂടാതെ ചവിട്ടി അകത്തുകയറി.
കൊല്ലത്തിന്റെ തൊഴിലാളി മണ്ഡലത്തില്‍ സൗമ്യതയുടെ സ്വാധീനം അറിയിച്ച സംഘടിത ശക്തിയാണ് ബിഎംഎസ് എന്ന് എസ്എന്‍ കോളേജ് പ്രിന്‍സിപ്പാളായിരുന്ന പ്രൊഫ. ശ്രീനിവാസന് തന്റെ ഗവേഷണ പ്രബന്ധത്തില്‍ അടയാളപ്പെടുത്തിയത് വെറുതെയല്ല. ഒമ്പതാം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്തെ ചുമട്ടുതൊഴിലാളികള്‍ കച്ചമുറുക്കുമ്പോള്‍ അവര്‍ പകരുന്ന സാമൂഹ്യ സന്ദേശത്തില്‍ സേവനത്തിന്റെ നനവ് പുരണ്ടിട്ടുണ്ട്.
ജീവകാരുണ്യ മേഖലയില്‍ ബിഎംഎസ് പ്രവര്‍ത്തകര്‍ അനുകരണീയ മാതൃകകളാണെന്നതിന് അനുഭസ്ഥര്‍ ഏറെ. നഗരത്തിലെ 1800 ചുമട്ടുതൊഴിലാളികള്‍ നേത്രദാന സമ്മതപത്രം ഒപ്പിട്ട് ഡിഎംഒയ്ക്ക് സമര്‍പ്പിച്ചതും ആരും തിരിഞ്ഞുനോക്കാന്‍ അറയ്ക്കുന്ന ക്ഷയരോഗാശുപത്രി ശുചീകരിക്കുന്നതുമെല്ലാം അത്തരം സേവനങ്ങളില്‍ ചിലതുമാത്രം. അധ്വാനം ആരാധനയായും കൂലി പ്രസാദമായും കാണുന്ന തൊഴിലാളികളുടെ ഒത്തുചേരലിന് കൊല്ലം ഒരുങ്ങിക്കഴിഞ്ഞു.
കാവിയണിഞ്ഞ നഗരത്തില്‍ ഇന്ന് ഉച്ചയ്ക്ക് മൂന്നിന് ശക്തിപ്രകടനം നടക്കും. കാവിഷര്‍ട്ട് അണിഞ്ഞ പതിനായിരങ്ങള്‍ ഭാരത് മാതാവിന് ജയ് വിളിച്ച് പ്രകടനം നടത്തും. പ്രകടനം ആശ്രാമം മൈതാനത്ത് നിന്ന് ആരംഭിക്കും. ചിന്നക്കട പ്രസ്ക്ലബ്ബ് മൈതാനത്ത് ചേരുന്ന പൊതുസമ്മേളനം ബിഎംഎസ് സെക്രട്ടറി എസ്. ദുരൈ രാജ് ഉദ്ഘാടനം ചെയ്യും. ഫെഡറേഷന് പ്രസിഡന്റ് ബി. ശിവജി സുദര്ശനന് അധ്യക്ഷത വഹിക്കും. നാളെ സിഎസ്ഐ കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന സമ്മേളനം ചുമട്ടുതൊഴിലാളികളുടെ നിത്യജീവിത പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യും. നടുവൊടിയും വരെ ചുമടെടുത്തിട്ടും അഞ്ഞൂറ്രൂപാ മാത്രം പെന്ഷന് വാങ്ങുന്ന ദൈന്യതയെപ്പറ്റി, ആരോഗ്യ സുരക്ഷാപദ്ധതികളില്ലാത്ത ദുരിതകാലത്തെപ്പറ്റി, ജീവിതം തെരുവില്‍ ചുമടെടുത്തു തീര്‍ക്കുന്ന ഒരു സമൂഹത്തിന്റെ ഭാവിയെപ്പറ്റി, അതിനുതകുന്ന പരിഹാരമാര്‍ഗങ്ങളെപ്പറ്റി, അതിനായി നടത്തേണ്ടുന്ന മുന്നേറ്റങ്ങളെപ്പറ്റി ഒരു പകല്‍ മുഴുവന്‍ തൊഴിലാളി പ്രതിനിധികള്‍ ചര്‍ച്ച ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: