ബാസില്‍: യൂറോപ്പ ലീഗിന്റെ ആദ്യപാദ സെമിഫൈനലില്‍ ചെല്‍സിക്ക് വിജയം. എവേ മത്സരത്തില്‍ ഇഞ്ച്വറി സമയത്ത് ഡേവിഡ് ലൂയിസ് നേടിയ ഗോളിന്റെ കരുത്തിലാണ് പ്രീമിയര്‍ ലീഗ് ടീമായ ചെല്‍സി സ്വിസ് ടീമായ എഫ്സി ബാസിലിനെയാണ് ചെല്‍സി പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ചെല്‍സിയുടെ വിജയം. ഇതോടെ ചെല്‍സി ഫൈനലില്‍ കളിക്കാനുള്ള സാധ്യത ഏറി. രണ്ട് എവേ ഗോളിന്റെ ആനുകൂല്യമുള്ള ചെല്‍സിക്ക് രണ്ടാം പാദമത്സരം സ്വന്തം സ്റ്റേഡിയമായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലാണ് കളിക്കേണ്ടത്. ഈ മത്സരത്തില്‍ വന്‍ മാര്‍ജിനില്‍ ചെല്‍സി തോല്‍ക്കാതിരുന്നാല്‍ മാത്രം മതി കലാശക്കളിക്ക് യോഗ്യത നേടാന്‍.
മത്സരം തുടങ്ങി 12-ാം മിനിറ്റില്‍ വിക്ടര്‍ മോസസ് ചെല്‍സിക്ക് ലീഡ് നേടിക്കൊടുത്തു. ഒരു കോര്‍ണറിനൊടുവിലാണ് ഗോള്‍ പിറന്നത്. സെസാര്‍ അസ്പിലിക്യൂറ്റയുടെ പാസില്‍ നിന്ന് ലംപാര്‍ഡ് തൊടുത്ത ഷോട്ട് ബാസില്‍ ഗോളി യാന്‍ സമ്മര്‍ കോര്‍ണറിന് വഴങ്ങി രക്ഷപ്പെടുത്തി. തുടര്‍ന്ന് വലതു കോര്‍ണറില്‍ നിന്ന് ലംപാര്‍ഡ് എടുത്ത കിക്ക് ബോക്സിലേക്ക് പറന്നിറങ്ങിയത് ബാസില്‍ പ്രതിരോധക്കാരെ കാഴ്ച്ചക്കാരാക്കി തകര്‍പ്പനൊരു ഹെഡ്ഡറിലൂടെ വിക്ടര്‍ മോസസ് വലയിലാക്കുകയായിരുന്നു. തൊട്ടുപിന്നാലെ ഈഡന് ഹസാര്‍ഡിന്റെ മനല്ലൊരു ഷോട്ടും ബാസില്‍ ഗോളി രക്ഷപ്പെടുത്തി. 18-ാം മിനിറ്റില്‍ ബാസിലിന് പെനാല്‍ട്ടി ബോക്സിന് സമീപത്ത് ഫ്രീകിക്ക് ലഭിച്ചെങ്കിലും മുഹമ്മദ് സാദിഖ് എടുത്ത കിക്ക് ചെല്‍സി ഗോള്‍കീപ്പര്‍ പീറ്റര്‍ ചെക്ക് പന്ത് ബാറിന് മുകളിലൂടെ പുറത്തേക്ക് കുത്തിയകറ്റി രക്ഷപ്പെടുത്തി. തുടര്‍ന്നും ചെല്‍സിയും ബാസിലും മികച്ച ഫുട്ബോള്‍ കാഴ്ചവെച്ചെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ചെല്‍സി 1-0ന് മുന്നിലായിരുന്നു.
രണ്ടാം പകുതി ആരംഭിച്ച് രണ്ട് മിനിറ്റായപ്പോഴേക്കും ബാസലിന്റെ ഒരു ശ്രമം പോസ്റ്റില്‍ തട്ടി തെറിച്ചു. അവരുടെ വാലന്റയിന്‍ സ്റ്റോക്കര്‍ ബോക്സിനുള്ളില്‍വച്ച് ഉതിര്‍ത്ത തകര്‍പ്പന്‍ ഷോട്ട് ചെല്‍സി ഗോളി പീറ്റര്‍ ചെക്കിനെ കീഴടക്കിയെങ്കിലും പോസ്റ്റില്‍ത്തട്ടി മടങ്ങി. 54-ാം മിനിറ്റില്‍ ചെല്‍സിയുടെ ഈഡന് ഹസാര്‍ഡിന്റെ പാസില്‍ നിന്ന് ടോറസ് പായിച്ച ഷോട്ടും പോസ്റ്റില്‍ത്തട്ടി മടങ്ങി. മത്സരത്തില്‍ ചെല്‍സി ഏറെക്കുറെ വിജയം ഉറപ്പിച്ച നിമിഷത്തിലാണ് ബാസിലിന്റെ സമനിലഗോള്‍ പിറന്നത്. 87-ാം മിനിറ്റില്‍ അവര്‍ക്ക് അനുകൂലമായി ലഭിച്ച പെനാല്‍റ്റി കിക്കില്‍ നിന്നാണ് സമനില ഗോള്‍പിറന്നത്.
ചെല്‍സിയുടെ സീസര്‍ അസ്പിലിക്യൂറ്റ വാലന്റൈന്‍സ് ടോക്കറെ ബോക്സിനുള്ളില്‍ വച്ച് ഫൗള്‍ ചെയ്തതിനാണ് പെനാല്‍റ്റി ലഭിച്ചത്. ഫാബിയന്റെ വലംകാല് ഷോട്ട് പീറ്റര്‍ ചെക്കിന് രക്ഷിക്കാനായില്ല. സമനില ഗോള്‍ വീണതോടെ ഉണര്‍ന്ന ചെല്‍സി മിനിറ്റുകള്‍ക്കം വിജയ ഗോള്‍ കണ്ടെത്തി. ഫ്രീകിക്കില്‍ നിന്നാണ് ഗോള്‍ പിറന്നത്. ബോക്സിന് പുറത്തുവച്ച് ഡേവിഡ് ലൂയിസ് എടുത്ത കിക്ക് പ്രതിരോധമതിലിന് മുകളിലൂടെ വളഞ്ഞിറങ്ങി ബാസില്‍ വലയില്‍ പതിച്ചു. ഇതിന് തൊട്ടുമുമ്പ് ബ്രാനിസ്ലാവ് ഇവാനോവിക്കിന്റെയും ജോണ്‍ ടെറിയുടെയും രണ്ട് ശ്രമങ്ങള്‍ ബാസില്‍ ഗോളി ഉജ്ജ്വലമായി രക്ഷപ്പെടുത്തി.ഇതിനിടെ ഡേവിഡ് ഡെഗന്റെ നല്ലൊരു ഷോട്ട് ചെല്‍സി ഗോളി പീറ്റര്‍ ചെക്കും രക്ഷപ്പെടുത്തി.
കളിയില്‍ ഉടനീളം യൂറോപ്യന്‍ ചാമ്പ്യന്മാരായ ചെല്‍സിയെ വിറപ്പിക്കുന്ന പ്രകടനമാണ് എഫ്സി ബാസില്‍ പുറത്തെടുത്തതെങ്കിലും ഫിനിഷിംഗിലെ പോരായ്മ അവര്‍ക്ക് തിരിച്ചടിയായി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്മാരായ ടോട്ടന്‍ഹാമിനെ പെനാല്‍ട്ടി ഗോളില്‍ തോല്‍പ്പിച്ചായിരുന്നു ബാസിലിന്റെ സെമി പ്രവേശനം.
മറ്റൊരു ആദ്യപാദ സെമിഫൈനലില്‍ തുര്‍ക്കി ക്ലബ്ബായ ഫെനര്‍ബാഷെ പോര്‍ച്ചുഗീസ് ടീമായ ബെനഫിക്കയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി. ഇസ്താംബൂളില്‍ നടന്ന മത്സരത്തില്‍ 72-ാം മിനിറ്റില്‍ എഗ്മെന് കോര്ക്ക്മാസ് നേടിയ ഗോളാണ് സ്വന്തം തട്ടകത്തില്‍ ഫെനര്‍ബാഷെക്ക് വിജയം സമ്മാനിച്ചത്. കോര്‍ണറില്‍ നിന്ന് ഉയര്‍ന്നുവന്ന പന്ത് തകര്‍പ്പനൊരു ഹെഡ്ഡറിലൂടെ കോര്ക്ക്മാസ് ബെനഫിക്ക വല കുലുക്കുകയായിരുന്നു. രണ്ടാം പാദ മത്സരങ്ങള്‍ മെയ് രണ്ടിന് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: