ന്യൂദല്‍ഹി: നാലാം പാദത്തില്‍ മാരുതി സുസുക്കിയുടെ അറ്റ ലാഭം 80 ശതമാനം ഉയര്‍ന്ന് 1,148 കോടി രൂപയിലെത്തി. പ്രതീക്ഷിച്ചതിലും ഉയര്‍ന്ന ലാഭമാണ് രാജ്യത്തെ മുന്‍ നിര വാഹന നിര്‍മാതാക്കളായ മാരുതി നേടിയിരിക്കുന്നത്. മാരുതിയുടെ ഡീസല്‍ കാറുകളായ സ്വിഫ്റ്റ്, സ്വിഫ്റ്റ് ഡിസയര്‍, എര്‍ട്ടിഗ എന്നിവയുടെ വില്പനയിലുണ്ടായ വര്‍ധനവാണ് ഈ നേട്ടം കൈവരിക്കാന്‍ സഹായകമായതെന്ന് കമ്പനിയുടെ പ്രസ്താവനയില്‍ പറയുന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ മാരുതി സുസുക്കിയുടെ അറ്റലാഭം 637.5 കോടി രൂപയായിരുന്നു.
ചെലവ് ചുരുക്കല്‍ നടപടികളും പ്രാദേശിക പ്രവര്‍ത്തനങ്ങളും അനുകൂലമായ വിനിമയ നിരക്കുമാണ് കമ്പനിയുടെ ലാഭം ഉയരാന്‍ കാരണമെന്നും പ്രസ്താവനയില്‍ പറയുന്നു. മാരുതിയുടെ അറ്റ വില്പന 9.4 ശതമാനം ഉയര്‍ന്ന് 12,566.6 കോടിയിലെത്തി. കമ്പനിയുടെ മാത്രം വില്പന 21.4 ശതമാനം ഉയര്‍ന്ന് 42,122.9 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 34,705.9 കോടി രൂപയായിരുന്നു. സുസുക്കി പവര്‍ട്രെയിന്‍ ഇന്ത്യ ലിമിറ്റഡ് സുസുക്കിയില്‍ ലയിച്ച ശേഷമുള്ള വില്പന ഉയര്‍ന്ന് 13,056.2 കോടി രൂപയിലെത്തി. 1239.6 കോടി രൂപയാണ് അറ്റലാഭം.
ഈ വര്‍ഷം വാഹന മേഖലയെ സംബന്ധിച്ച് വെല്ലുവിളികള്‍ നിറഞ്ഞതാണെന്നും ഡീസല്‍ വാഹനങ്ങളുടെ വില്പന 48 ശതമാനത്തില്‍ നിന്നും 58 ശതമാനമായി ഉയരുമെന്നും മാരുതി സുസുക്കി സിഇഒ ഷിന്‍സോ നകാനിഷി അഭിപ്രായപ്പെടുന്നു. കൂടാതെ ഇറക്കുമതിയ്ക്ക് വേണ്ടി ജപ്പാനെ ആശ്രയിക്കുന്നത് കുറച്ചുകൊണ്ട് വരാനാണ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. ചെലവിന്റെ 20 ശതമാനവും ജപ്പാനില്‍ നിന്നുള്ള ഇറക്കുമതി മൂലമാണെന്നും അദ്ദേഹം പറഞ്ഞു. ലാഭവിഹതം 160 ശതമാനമായി ഉയര്‍ത്തുന്നതിനും ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. 2012-13 കാലയളവില്‍ അഞ്ച് രൂപ മുഖ വിലയുള്ള ഓഹരി ഒന്നിന്റെ ലാഭ വിഹിതം എട്ട് രൂപയായിരുന്നു. ഫലപ്രഖ്യാപനം വന്നതിനെ തുടര്‍ന്ന മാരുതി സുസുക്കിയുടെ ഓഹരി വില 4.2 ശതമാനം വര്‍ധിച്ച് 1656.50 രൂപയിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: