പള്ളുരുത്തി: തൊഴിലാളി പ്രശ്നം മൂലം സിമെമന്റ് കമ്പനിക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലായെന്ന് പരാതി. കൊച്ചി തുറമുഖത്ത് പ്രവര്‍ത്തിക്കുന്ന ആദിത്യ-ബിര്‍ള സിമന്റ് കമ്പനി അധികൃതരാണ് തൊഴിലാളികളുടെ നിരന്തര ശല്യം മൂലം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നില്ലെന്ന് കാട്ടി ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡിനും, കൊച്ചി തുറമുഖ ട്രസ്റ്റിനും പരാതി നല്‍കിയത്. ആദിത്യ ബിര്‍ള ഗ്രൂപ്പിനു കീഴില്‍ പ്രവര്‍ത്തിപ്പിക്കുന്ന അള്‍ട്രാടെക്ക് സിമന്റ് കമ്പനിയാണ് പരാതിക്കാര്‍. പണിയെടുക്കാതെ തന്നെ എട്ടുപേര്‍ക്ക് നിത്യവും കൂലി നല്കി വരുന്നതായി കമ്പനി അധികൃതര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി.
110 കോടി രൂപ ചെലവിലാണ് ആദിത്യ-ബിര്‍ള ഗ്രൂപ്പ് തുറമുഖത്ത് പ്ലാന്റ് നിര്‍മ്മിച്ചത്. കപ്പലില്‍ ഇവിടെ എത്തിക്കുന്ന സിമന്റ് ഓട്ടോമാറ്റിക്കായി പാക്ക് ചെയ്ത് ലോറിയിലേക്ക് ലോഡ് ചെയ്യുന്ന സംവിധാനമാണ് ഇവിടെയുള്ളത്. ഈ സാഹചര്യത്തില്‍ ചുമട്ടുതൊഴിലാളികളെ ഇവിടെ ആവശ്യമില്ല. തൊഴിലാളി യൂണിയനുകളുടേയും, ചുമട്ടുതൊഴിലാളിക്ഷേമബോര്ഡിന്റേയും നിര്‍ബന്ധത്തിനുവഴങ്ങി ദിനംപ്രതി എട്ടുപേര്‍ക്ക് കൂലി നല്കുവാന് കമ്പനി തയ്യാറാവുകയായിരുന്നു. പണിയെടുക്കാതെ ഇവര്‍ക്ക് കൂലി നല്‍കാമെന്നാണ് കമ്പനി നിലപാട്. മാര്‍ച്ച് 21 ന് ഇതുപ്രകാരം യൂണിയനുകളിമായി കരാര്‍ ഉണ്ടാക്കുകയും ചെയ്തു. എന്നാല്‍ കരാറിന്റെ പകര്‍പ്പ് ഇതുവരെ നല്‍കിയിട്ടില്ലെന്ന് കമ്പനി അധികൃതര്‍ ചൂണ്ടിക്കാട്ടി. ഐലന്റില്‍ ഒരു ഗോഡൗണ്‍ എടുത്ത് അവിടെ ചുമട്ടുതൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കാമെന്ന് കമ്പനി അധികൃതര്‍ സമ്മതിക്കുകയും ചെയ്തു. ആറുമാസത്തിനകം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നും കരാറില്‍ പറഞ്ഞിരുന്നു.
കരാര്‍ ലംഘിച്ച് തൊഴിലാളികള്‍ പ്ലാന്റിനു മുന്നില്‍ വന്നിരുന്ന് പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുകയും, ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും, ചെയ്യുന്നതായി കമ്പനി അധികൃതര്‍ ചുമട്ടു തൊഴിലാളി ക്ഷേമബോര്‍ഡിനു നല്കിയ പരാതിയില്‍ ആരോപിക്കുന്നു.
യൂണിയന് തൊഴിലാളികള്‍ ഇടപെട്ട് ലോറിയില്‍ ലോഡ് ചെയ്യുന്നത് തടസ്സപ്പെടുത്തുന്നതു മൂലം കനത്ത സാമ്പത്തിക നഷ്ടമുണ്ടാകുന്നതായും കമ്പനി ആരോപിക്കുന്നു.
തൊഴിലാളികളുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളില്‍ പോലും ഇവര്‍ ഇടപെടുകയാണ്. കമ്പനിക്ക് സുഗമമായി മുന്നോട്ട് പോകണമെങ്കില്‍ ഇവരെ തടയണം. തൊഴിലാളികള്‍ ഉണ്ടാക്കിയ കരാര്‍ ഇവര്‍ തന്നെ ലംഘിക്കുകയാണ്. തൊഴിലാളികള്‍ പ്ലാന്റില്‍ പ്രശ്നമുണ്ടാക്കുന്നുവെന്ന പരാതി അടിസ്ഥാന രഹിതമാണെന്ന് സിടിടിയു യൂണിയന് വൈസ് പ്രസിഡന്റ് പി.എസ്.ആഷിക് നിഷേധിച്ചു. തൊഴിലാളികളെ വെച്ച് ജോലിചെയ്യിക്കേണ്ട ഇടങ്ങളില്‍ പോലും അവരെ മാറ്റി നിര്‍ത്തുകയാണെന്നും ആഷിക് പറഞ്ഞു. കമ്പനിയുടെ ആരോപണങ്ങളും യൂണിയന് നിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: