ഡോര്‍ട്ട്മുണ്ട്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ വീണ്ടും സ്പാനിഷ് ദുരന്തം. ഇന്നലെ പുലര്‍ച്ചെ നടന്ന രണ്ടാം സെമിഫൈനലിന്റെ ആദ്യപാദത്തില്‍ ജര്‍മ്മന്‍ ടീമായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടാണ് സ്വന്തം മൈതാനത്ത് സ്പാനിഷ് ടീമായ റയല്‍ മാഡ്രിഡിനെ കെട്ടുകെട്ടിച്ചത്. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ബൊറൂസിയ ഡോര്‍ട്ട്മുണ്ട് റയല്‍ മാഡ്രിഡിനെ കെട്ടുകെട്ടിച്ചത്. കഴിഞ്ഞ ദിവസം ബാഴ്സലോണയെ ബയേണ്‍ മ്യൂണിക്ക് 4-0ന് തകര്‍ത്തിരുന്നു. ബൊറൂസിയയുടെ പോളിഷ് സ്ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോവ്സ്കിയുടെ തകര്‍പ്പന്‍ ഷൂട്ടിംഗ് പാടവമാണ് ബൊറൂസിയക്ക് റയലിന് മേല്‍ തകര്‍പ്പന്‍ വിജയം സമ്മാനിച്ചത്. ബൊറൂസിയയുടെ നാല് ഗോളുകളും ലെവന്‍ഡോവ്സ്കിയാണ് അടിച്ചത്. റയലിന്റെ ആശ്വാസഗോള്‍ നേടിയത് സൂപ്പര്‍താരം ക്രിസ്റ്റ്യാനാ റൊണാള്‍ഡോയാണ്. ബാഴ്സയുടെയും റയലിന്റെയും ഞെട്ടിക്കുന്ന പരാജയത്തോടെ ചാമ്പ്യന്‍സ് ലീഗില്‍ ചരിത്രത്തിലാദ്യമായി ജര്‍മ്മന്‍ ഫൈനലിന് കളമൊരുങ്ങിയിരിക്കുകയാണ്. ചാമ്പ്യന്‍സ് ലീഗിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരാള്‍ സെമിയില്‍ നാല് ഗോളുകള്‍ നേടുന്നത്. മത്സരത്തില്‍ പന്ത് കൂടുതല്‍ സമയവും റയലിന്റെ നിയന്ത്രണത്തിലായിരുന്നു. അതേസമയം റയലിന്റെ മുന്നേറ്റനിരയിലെ സൂപ്പര്താരനിരയിലെ മാര്‍ക്ക് ചെയ്യുന്നതില്‍ ബൊറൂസിയ പ്രതിരോധം വിജയിച്ചതും മത്സരത്തില്‍ അവര്‍ക്ക് തുണയായി. ചാമ്പ്യന്‍സ് ലീഗില്‍ ഹോസ് മൊറീഞ്ഞോയുടെ പരിശീലനത്തിനിറങ്ങിയ ടീം 106 മത്സരങ്ങള്‍ക്കിടെ നേടുന്ന ഏറ്റവും വലിയ പരാജയവുമാണ് റയല്‍ സ്വന്തമാക്കിയത്.
കളി തുടങ്ങി എട്ടാം മിനിറ്റില്‍ തന്നെ പോളണ്ട് സ്ട്രൈക്കര്‍ ലെവന്‍ഡോവ്സ്കിയുടെ ഗോളില്‍ മുന്നിലെത്തി. ഇടതുവിംഗില്‍ നിന്ന് മരിയോ ഗോട്സെ നല്കിയ ക്രോസില്‍ നിന്നാണ് ലെവന്‍ഡോവ്സ്കി റയല്‍ വല കുലുക്കിയത്. ഏഴാം മിനിറ്റില്‍ മാര്‍ക്കോ റൂസിന്റെ ഗോള്‍ ശ്രമം റയല്‍ ഗോളി ലോപസ് മുഴുനീളെ ഡൈവ് ചെയ്ത് തടഞ്ഞതിനു തൊട്ടു പിന്നാലെയാണ് ലെവന്‍ഡോവ്സ്കിയുടെ ഗോള്‍ പിറന്നത്. പിന്നീട് 23-ാം മിനിറ്റില്‍ റയലിന് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എടുത്ത കിക്ക് വലയിലേക്ക് വളഞ്ഞിറങ്ങിയെങ്കിലും ഉജ്ജ്വല മെയ്വഴക്കത്തോടെ ബൊറൂസിയ ഗോളി രക്ഷപ്പെടുത്തി. തുടര്‍ന്നും റയല്‍ ചില മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും അവയൊന്നും ലക്ഷ്യം കണ്ടില്ല. ആദ്യ പകുതിയില്‍ റയലിന് അനുകൂലമായി മൂന്ന് ഫ്രീകിക്കുകള്‍ ലഭിച്ചെങ്കിലും ലക്ഷ്യം നേടാന്‍ കഴിഞ്ഞില്ല. പിന്നീട് ആദ്യ പകുതി അവസാനിക്കാന്‍ രണ്ട് മിനിറ്റ് ബാക്കിനില്‍ക്കെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ ഗോളില്‍ റയല്‍ സമനില പിടിച്ചു. ബൊറൂസിയ ഏരിയയിലേക്ക് വന്ന പന്ത് പിടിച്ചെടുക്കാന്‍ പ്രതിരോധനിരക്കാരന്‍ ഹമ്മല്‍സ് പരാജയപ്പെട്ടപ്പോള്‍ വലതുവിംഗില്‍ക്കൂടി ഓടിയെത്തിയ ഹിഗ്വയിന് പന്ത് റാഞ്ചി ക്രിസ്റ്റ്യാനോക്ക് പാസ്സ് ചെയ്തു. ഗോളി ഹിഗ്വയിന് നേരെ ഓടിക്കയറിയതിനാല്‍ ഒഴിഞ്ഞുകിടന്ന പോസ്റ്റിലേക്ക് പന്ത് തട്ടിയിടാന്‍ ക്രിസ്റ്റ്യാനോക്ക് ഒട്ടും വിഷമിക്കേണ്ടിവന്നില്ല. ഇതിന് തൊട്ടുമുന്‍പ് റയസിനെ റയലിന്റെ വാര്‍ണെ ബോക്സിനുള്ളില്‍ വീഴ്ത്തിയതിനെത്തുടര്‍ന്ന് ബൊറൂസിയ താരങ്ങള്‍ പെനാല്‍റ്റിക്ക് വേണ്ടി വാദിക്കുന്ന സമയത്താണ് റയലിന്റെ സമനില ഗോള്‍ പിറന്നത്.
ഗോള്‍ നിലയിലെ തുല്യത നല്കിയ ആത്മവിശ്വാസവുമായി ഇടവേളയ്ക്ക് ശേഷം കളത്തിലിറങ്ങിയ റയലിന് മേല്‍ ലെവന്‍ഡോവ്സ്കി പറന്നിറങ്ങുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. മത്സരത്തിന്റെ അന്‍പതാം മിനിറ്റില്‍ ലെവന്‍ഡോവ്സ്കി തന്റെയും ടീമിന്റെയും രണ്ടാം ഗോള്‍ നേടി. മാര്‍ക്കോ റയസ് നല്കിയ പാസ് സ്വീകരിച്ച ലെവന്‍ഡോവ്സ്കി ഓഫ് സൈഡാണെന്ന വിശ്വാസത്തില്‍ റയല്‍ പ്രതിരോധം അനങ്ങാതെ നിന്ന അവസരം മുതലെടുത്ത് ലെവന്‍ഡോവ്സ്കി റയല്‍ ഗോളി ഡീഗോ ലോപ്പസിനെ കബളിപ്പിച്ച് വല കുലുക്കി. പിന്നീട് അഞ്ച് മിനിറ്റിനുശേഷം ലെവന്‍ഡോവ്സ്കി അതിസുന്ദരമായ ഗോളിലൂടെ തന്റെ ഹാട്രിക്കും ടീമിന്റെ മൂന്നാം ഗോളും സ്വന്തമാക്കി. മാര്‍സല ഷ്മല്സര് തള്ളിക്കൊടുത്ത പന്ത് ബോക്സിനുള്ളില്‍ വച്ച് ഇടതുകാലുകൊണ്ട് പിടിച്ചെടുത്തശേഷം അലോണ്‍സോയെയും പെപ്പെയും കബളിപ്പിച്ച് വലതുകാലിലേക്ക് പന്ത് മാറ്റിയശേഷം ഉതിര്‍ത്ത ഉജ്ജ്വലമായ വോളി റയല്‍ ഗോളി ഡീഗോ ലോപ്പസിനെ നിഷ്പ്രഭനാക്കി വലയുടെ മോന്തായത്തില്‍ പതിച്ചു. തൊട്ടുപിന്നാലെ റയലിന്റെ ലൂക്കാ മോഡ്രിച്ചിന്റെ ഒരു നല്ല ഷോട്ട് ബൊറൂസിയ ഗോളി മികച്ച മെയ്വഴക്കത്തോടെ രക്ഷപ്പെടുത്തി. പിന്നീട് 61-ാം മിനിറ്റില്‍ ബൊറൂസിയയുടെ ഒരു ശ്രമം റയല്‍ ഗോളി കോര്‍ണറിന് വഴങ്ങി രക്ഷപ്പെടുത്തി. 67-ാം മിനിറ്റില്‍ ബൊറൂസിയയുടെ ഗോള്‍ വേട്ട പൂര്‍ത്തിയായി. അവര്‍ക്ക് അനുകൂലമായി ലഭിച്ച പെനാല്‍റ്റിയില്‍ നിന്നാണ് ഗോള്‍ പിറന്നത്. റയല്‍ ബോക്സിനുള്ളില്‍ വച്ച് റയസിനെ അലോണ്‍സോ വീഴ്ത്തിയതിനാണ് പെനാല്‍റ്റി ലഭിച്ചത്. കിക്കെടുത്ത ബൊറൂസിയയുടെ സൂപ്പര്‍താരം ലെവന്‍ഡോവ്സ്കി ഡീഗോ ലോപ്പസിന് ഒരു അവസരവും നല്‍കാതെ പന്ത് വലയിലെത്തിച്ചു. ഇതോടെ ചാമ്പ്യന്‍സ് ലീഗിന്റെ ചരിത്രത്തില്‍ റയല്‍ മാഡ്രിഡിനെതിരെ ഹാട്രിക്ക് നേടുന്ന ആദ്യതാരമെന്ന ബഹുമതിയും ലെവന്‍ഡോവ്സ്കിക്ക് സ്വന്തമായി. ലെവന്‍ഡോവ്സ്കിയെ മാര്‍ക്ക് ചെയ്യുന്നതില്‍ പ്രതിരോധനിരയിലെ കരുത്തനായ പെപ്പെ വരുത്തിയ വീഴ്ചയും റയലിന്റെ തകര്‍ച്ചക്ക് ആക്കം കൂട്ടി. അതേസമയം മൂന്ന് ഗോളുകള്‍ക്ക് അവസരമൊരുക്കുകയും കളംനിറഞ്ഞ് കളിക്കുകയും ചെയ്ത മാര്‍ക്കോ റയസിന്റെ ഉജ്ജ്വല പ്രകടനവും ബൊറൂസിയയുടെ തിളക്കമേറിയ വിജയത്തിന് മാറ്റുകൂട്ടി.
ഈ മാസം 30നാണ് റയലിന്റെ തട്ടകമായ സാന്റിയാഗോ ബെര്ണാബൂവിലാണ് രണ്ടാം പാദ മത്സരം. ഈ മത്സരത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് വിജയിച്ചാല്‍ എവേ ഗോളിന്റെ കരുത്തില്‍ റയലിന് ഫൈനലിലേക്ക് യോഗ്യത നേടാം. അതേസമയം 2-0ന് തോറ്റാലും ഫൈനലില്‍ കളിക്കുക ബൊറൂസിയയായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: