പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. പനി ബാധിച്ചാണ് മരണം. പുതൂര്‍ പഞ്ചായത്തിലെ കരതൂര് ഊരിലെ മുരുകേശന്റെ മകള്‍ സുചിത്ര(6)യാണ് മരിച്ചത്. ആനക്കട്ടിയില്‍ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
പനിയെ തുടര്‍ന്ന് നാല് ദിവസം മുമ്പാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഠിനമായ അതിസാരവും പനിയും മൂലം അവശനിലയിലാരുന്നു കുട്ടി. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ശേഷവും കുട്ടിയുടെ നില മോശമാകുകയായിരുന്നു.
ദിവസങ്ങള്‍ക്കു മുമ്പ് അസുഖം പിടിപെട്ടെങ്കിലും ആശുപത്രിയില്‍ കൊണ്ടുപോകാനുള്ള സൗകര്യങ്ങള്‍ ലഭിക്കാത്തതിനാല്‍ വീട്ടില്‍ തന്നെ കിടക്കുകയായിരുന്നു. കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ മാത്രം പോഷകാഹാരക്കുറവ് മൂലം മരിച്ച 18 നവജാത ശിശുക്കളടക്കം 2012 ഏപ്രില്‍ മുതല്‍ 2013 മാര്‍ച്ച് വരെ അട്ടപ്പാടിയില്‍ അമ്പത്തിയെട്ട് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പോഷകാഹാരക്കുറവും ശിശുരോഗവും കാരണവും മരിക്കുന്ന അമ്പത്തിയൊമ്പതാമത്തെ കുട്ടിയാണ് സുചിത്ര. ഇതിനിടെ അട്ടപ്പാടിയിലെ ശിശുമരണം സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിളിച്ചു ചേര്‍ത്ത മന്ത്രിതല യോഗം തിരുവനന്തപുരത്ത് ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: