പത്തനാപുരം: തലവൂര്‍ ഗ്രാമപഞ്ചായത്തിലെ കുടിവെള്ളം കിട്ടാക്കനിയായ പറങ്കിമാംമുകള്‍, മഞ്ഞക്കാല എന്നീ വാര്‍ഡുകളില്‍ ജനങ്ങള്‍ക്ക് ആശ്വാസമായി മഞ്ഞക്കാല ആറ്റൂര്‍കാവ് ദേവീക്ഷേത്ര ദേവസ്വം ട്രസ്റ്റ്. ദിവസം 13000 ലിറ്റര്‍ ജലമാണ് ആയിരം കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യുന്നത്.
വേനല്‍ കടുത്തതോടെ ഒരിറ്റ് വെള്ളത്തിനായി കാത്തിരിക്കേണ്ട അവസ്ഥയിലാണ് പ്രദേശവാസികള്‍. പഞ്ചായത്ത് അധികൃതര്‍ മാസത്തില്‍ ഒന്നോ, രണ്ടോ തവണ മാത്രമാണ് ജലം എത്തിക്കുന്നത്. ആഴ്ചയില്‍ മൂന്നുദിവസം ശുദ്ധജലവിതരണം നടത്തി സമൂഹത്തിന് മാതൃകയായി മാറിയിരിക്കുകയാണ് ആറ്റൂര്‍കാവ് ദേവസ്വം ട്രസ്റ്റ് പ്രവര്‍ത്തകര്‍.
ക്ഷേത്രത്തിലെ സഫാത ആവശ്യത്തിനു വേണ്ടി കുഴിച്ച കുളത്തില്‍ നിന്നുമാണ് ട്രസ്റ്റ് കൂട്ടായ്മയില്‍ നിന്നും പണം സമാഹരിച്ച് ശുദ്ധജലവിതരണം നടത്തുന്നത്. ക്ഷേത്രാചാര സംസ്കാരങ്ങളോടൊപ്പം തന്നെ മാനവസേവ മാധവസേവ എന്ന മൂല്യത്തെ ഉള്‍ക്കൊണ്ട് ട്രസ്റ്റ് നിരവധി സേവനപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. നിരവധി കുടുംബങ്ങള്‍ക്ക് ഗോദാനവും ധനസഹായവും നല്‍കിയതിനു പുറമെ ശുദ്ധജലവിതരണം കൂടി നടത്തി വരുകയുമാണ് ട്രസ്റ്റ്.
പഞ്ചായത്ത് അധികൃതര്‍ പോലും കാണിക്കാത്ത ഈ പുണ്യപ്രവര്‍ത്തിയില്‍ ഏറെ സന്തോഷത്തിലാണ് പ്രദേശവാസികള്‍. ആറ്റൂര്‍കാവ് ദേവസ്വം ട്രസ്റ്റ് ചെയര്മാന് ടി. ജയപ്രകാശ്, സോമനാഥപിള്ള, സുരേന്ദ്രന്‍പിള്ള, ഉണ്ണികൃഷ്ണന്, സുരേഷ്കുമാര്‍, ലക്ഷ്മി നാരായണന്, ശ്യാംകുമാര്‍, പ്രതീഷ്കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: