ന്യൂയോര്‍ക്ക്: ബോസ്റ്റണ്‍ മാരത്തണിനിടെ ചെചെന്‍ ഭീകരന് സോഖര്‍ സര്‍നേവ് പ്രഷര്‍ കുക്കര്‍ ബോംബുകള്‍ പൊട്ടിച്ചത് മൊബെയില്‍ ഫോണ്‍ ഉപയോഗിച്ചെന്ന് അന്വേഷണ സംഘത്തിന്റെ നിഗമനം. സോഖറിനെതിരെ യുഎസ് കോടതിയില്‍ എഫ്ബിഐ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇക്കാര്യം വ്യക്തമാക്കുന്നു.
സ്ഫോടനം നടക്കുന്നതിന ്പതിനൊന്ന് മിനിറ്റുകള്‍ക്ക് മുന്‍പുള്ള ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ സോഖറും ജ്യേഷ്ഠ സഹോദരന് തമര്‍ലാനും ഫിനിഷിങ് ലൈനിനു തൊട്ടരികിലേക്ക് നീങ്ങുന്നതായി കാണാന്‍ സാധിച്ചു. ഈ സമയം അരക്കെട്ടിനോളം ഉയരത്തില്‍ പിടിച്ചിരുന്ന മൊബെയില്‍ ഫോണില്‍ സോഖര്‍ നോക്കുന്നുണ്ടായിരുന്നു. സ്ഫോടനത്തിന് 30 സെക്കന്റുകള്‍ക്ക് മുന്‍പ് സോഖര്‍ ഫോണ്‍ ചെവിയോടു ചേര്‍ത്തപിടിച്ചു. സംഭാഷണം കഴിഞ്ഞു സോഖര്‍ ഫോണ്‍ മാറ്റിയതിനു പിന്നാലെ സ്ഫോടനമുണ്ടായി. മൊബെയില്‍ ഫോണും പ്രഷര്‍ കുക്കര്‍ ബോംബുകളും കണക്റ്റ് ചെയ്തിരുന്നുവെന്നാണ് ഇതു സൂചിപ്പിക്കുന്നത്, എഫ്ബിഐ പറയുന്നു. അതേസമയം, തമര്‍ലാന്‍ പറഞ്ഞതനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്നും തനിക്കു വിദേശ ഭീകര സംഘടനകളുമായി ബന്ധമില്ലെന്നും സോഖര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. അങ്ങനെയെങ്കില്‍ സോഖറും കൊല്ലപ്പെട്ട ഭീകരന് തമര്‍ലാനും സ്വയം പ്രഖ്യാപിത ജിഹാദികളാവാനാണു സാധ്യത. പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കഴുത്തിന് വെടിയേറ്റതടക്കം ഗുരുതര പരിക്കുകള്‍ പറ്റിയ സോഖര്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംസാരിക്കാന്‍ സാധിക്കാത്തതിനാല്‍ ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍ എഴുതി നല്‍കുന്നുണ്ട്. ആശുപത്രിയില്‍ പ്രത്യേകം ഒരുക്കിയ താത്കാലിക കോടതിയില്‍ സോഖറിനെ ഇന്നലെ ഹാജരാക്കിയിരുന്നു. ഇയാള്‍ക്കെതിരായ കേസിലെ പ്രാരംഭ വാദം മെയ് 30നു മസാച്യുസെറ്റ്സ് ജില്ലാ കോടതിയില്‍ ആരംഭിക്കും.
ഏപ്രില്‍ 15നായിരുന്നു ബോസ്റ്റണ്‍ മാരത്തണിനിടെ സ്ഫോടനങ്ങള്‍ അരങ്ങേറിയത്. ഏപ്രില്‍ 19ന് ബോസ്റ്റണിന് സമീപത്തെ മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയിലെ സുരക്ഷാ ചുമതലയുള്ള പൊലീസുകാരനെ തമര്‍ലാനും സോഖറും ചേര്‍ന്നു വെടിവച്ചുകൊന്നു. കാര്‍ തട്ടിയെടുത്തുകളഞ്ഞ ഇവരെ തടഞ്ഞ പോലീസ് തമര്ലാനെ വധിച്ചു. പോലീസിനെ വെട്ടിച്ചുകടന്ന സോഖറിനെ വാട്ടര്‍ ടൗണിലെ ഒരു വീട്ടിനു പിന്നില്‍ നിന്നു പിടികൂടുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: