ബംഗളൂരു: ക്രിക്കറ്റിലെ ഒറ്റ ഓവറില്‍ എത്ര റണ്‍സ് വരെ നേടാം. അതിനു മറുപടി എളുപ്പം കിട്ടും. എന്നാല്‍ ഒറ്റ ഇന്നിംഗ്സില്‍ എത്ര റെക്കോര്‍ഡു നേടാം? ഗെയിലിനോടു ചോദിക്കൂ എന്നായിരിക്കും ഇനി മറുപടി. കാരണം, ഐപിഎല്ലിലെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഇൗ വിന്‍ഡീസ് താരം ക്രിസ് ഗെയില്‍ ഒറ്റ ഇന്നിംഗ്സില്‍ സ്വന്തമാക്കിയത് നിരവധി റെക്കോര്‍ഡുകള്‍. ഏറ്റവും വേഗതയേറിയ സെഞ്ച്വറി, ഏറ്റവും ഉയര്‍ന്ന സ്കോര്‍, ഏറ്റവും കൂടുതല്‍ സിക്സറുകള്‍…
ഐപിഎല്ലില്‍ ഇന്നലെ പൂനെ വാരിയേഴ്സിനെതിരായ മത്സരത്തില്‍ 30 പന്തില്‍ 100 റണ്‍സ് നേടിയാണ് ഏറ്റവും വേഗതയേറിയ സെഞ്ച്വറി സ്വന്തം പേരിലാക്കി ഗെയില്‍ ആദ്യ റെക്കോര്‍ഡ് നേടിയത്. റണ്‍സ് എന്നാല്‍ ഓടിയെടുക്കുന്നത് എന്ന ക്രിക്കറ്റ് നിര്‍വചനം ഗെയില്‍ ഇന്നലെ തിരുത്തി. റെക്കോര്‍ഡ് സെഞ്ച്വറിയിലെ 98 റണ്‍സും നേടാന്‍ ഗെയില്‍ വിക്കറ്റുകള്‍ക്കിടയില്‍ ഓടിയണച്ചില്ല. 66 റണ്ണുകള്‍ നിലം തൊടാതെ പിറന്നു, 11 സിക്സറുകളും 8 ഫോറുകളും സെഞ്ചുറി പൂര്‍ത്തിയാക്കിയപ്പോള്‍ ഗെയിലിന്റെ അക്കൗണ്ടില്‍ ഉണ്ടായിരുന്നു. പിന്നെ നൂറു തികക്കാന്‍ വേണ്ടിയിരുന്നത് വെറും രണ്ടേ രണ്ട് ഓട്ടം മാത്രം.
സിക്സറിലും ഗെയില്‍ ഈ വര്‍ഷത്തെ റെക്കോര്‍ഡിട്ടു. 98 റണ്‍സില്‍ ആരോണ്‍ ഫിഞ്ചിനെതിരെ ഒരോവറില്‍ നേടിയ നാലു സിക്സറുകളും ഉള്‍പ്പെടുന്നു. കൂടാതെ ട്വന്റി-20യിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറും ഒരു ഇന്നിംഗ്സില്‍ ഏറ്റവും അധികം സിക്സറുകള്‍ നേടുന്ന റെക്കോര്‍ഡിനും ഗേല്‍ ഉടമയായി. 66 പന്ത് നേരിട്ട ഗെയില്‍ 13 ഫോറും 17 സിക്സും അടക്കം 175 റണ്‍സ് നേടി പുറത്താകാതെ നിന്നു. 17 പന്തില്‍ നിന്ന് 50 തികച്ച ഗെയിലിന് അടുത്ത 50 റണ്‍സിന് 13 പന്തുകള്‍ മാത്രമേ വേണ്ടിവന്നുള്ളൂ. 2010 ല്‍ രാജസ്ഥാന് റോയല്‍സിന് വേണ്ടി മുംബൈ ഇന്ത്യന്‍സിനെതിരെ യൂസഫ് പഠാന് 37 പന്തില്‍ നേടിയ സെഞ്ചുറിയാണ് ഇന്നലത്തെ ഗെയിലാട്ടത്തില്‍ പഴങ്കഥയായത്. ഐപിഎല്‍ ചരിത്രത്തില്‍ ഗെയിലിന്റെ നാലാം സെഞ്ച്വറിയാണിത്.
ഐപിഎല്‍ ആറാം സീസണിലെ ആദ്യ സെഞ്ച്വറി പിറന്ന തൊട്ടടുത്ത ദിവസം തന്നെയാണ് ഗെയിലിന്റെ റെക്കോര്‍ഡ് സെഞ്ച്വറി നേട്ടവും. തിങ്കളാഴ്ച രാജസ്ഥാന് റോയല്‍സിന് വേണ്ടി ഷെയ്ന് വാട്സണ് സെഞ്ച്വറി നേടിയിരുന്നു.
സാധാരണ ബൗളര്‍മാരെ കണക്കറ്റ് പ്രഹരിക്കുന്ന ഗെയിലിന്റെ താണ്ഡവത്തിനാണ് ചിന്നസ്വാമി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. സ്പിന്നര്‍മാരെയും പേസര്‍മാരെയും ഒരുപോലെ പ്രഹരിച്ച ഗെയിലിന്റെ ബാറ്റിന്റെ ചൂട് ഏറ്റവുമധികം അറിഞ്ഞത് നാലാം ഓവര്‍ എറിഞ്ഞ മിച്ചല്‍ മാര്‍ഷല്‍, ഏഴാം ഓവര്‍ എറിഞ്ഞ ഫിഞ്ച്, പതിനാലാം ഓവര്‍ എറിഞ്ഞ മുര്‍താസ എന്നിവരാണ്. 4, 7 ഈ ഓവറുകളില്‍ നാലു സികസറും ഒരു ബൗണ്ടറിയുമടക്കം 28 റണ്‍സ് വീതം അടിച്ചു കൂട്ടിയ ഗെയില്‍ 14-ാം ഓവറില്‍ മൂന്നു സിക്സറും രണ്ടു ഫോറുമടക്കം 28 റണ്‍സ് നേടി. ഭുവനേശ്വര്‍ കുമാറും ലൂക്ക് റൈറ്റും മാത്രമാണ് ഗെയില്‍ താണ്ഡവത്തില്‍ അടികിട്ടാതെ രക്ഷപ്പെട്ട പൂനെ ബൗളര്‍മാര്‍. ഇരുവരും എറിഞ്ഞ എട്ട് ഓവറില്‍ വഴങ്ങിയത് 49 റണ്‍സ് മാത്രം.
ശേഷിക്കുന്ന 12 ഓവറില്‍ പൂനെ ബൗളര്‍മാര്‍ വഴങ്ങിയത് 214 റണ്‍സ്. മൂന്ന് ഓവര്‍ ബൗള്‍ ചെയ്ത മിച്ചല്‍ മാര്‍ഷ് വഴങ്ങിയത് 56 റണ്‍സാണ്. നാല് ഓവര്‍ എറിഞ്ഞ അശോക് ദിന്‍ഡ 48 റണ്‍സ് വിട്ടുകൊടുത്തപ്പോള്‍ രണ്ട് ഓവര്‍ പന്തെറിഞ്ഞ അലി മുര്‍ത്താസ വഴങ്ങിയത് 45 റണ്‍സ്. എല്ലാവരും തല്ലു വാങ്ങിയപ്പോള്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചും സങ്കടത്തില്‍ പങ്കുചേര്‍ന്നു. ഒരോവര്‍ എറിഞ്ഞ ഫിഞ്ച് വഴങ്ങിയത് 29 റണ്‍സ്.
ഐപിഎല്ലില്‍ ഏറ്റവും വേഗത കുറഞ്ഞ സെഞ്ച്വറിയുടെ ഉടമ സച്ചിന് ടെണ്ടുല്‍ക്കറാണ്. കൊച്ചി ടാസ്കേഴ്സിനെതിരെ 66 പന്തില്‍ നിന്നായിരുന്നു സച്ചിന്റെ സെഞ്ചുറി നേട്ടം. ഐപിഎല്ലിലെ ആദ്യ സെഞ്ചുറിക്ക് ഉടമ കൊല്‍ക്കത്ത താരമായിരുന്ന ബ്രണ്ടന്‍ മക്കലമാണ്. 2008 ഏപ്രില്‍ 18 ന് ഐപിഎല്ലിലെ ആദ്യ മല്‍സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി റോയല്‍ ചലഞ്ചേഴ്സിനെതിരെ മക്കല്ലം 13 സിക്സറുകളുടെ അകമ്പടിയോടെ പുറത്താകാതെ നേടിയ 158 റണ്‍സായിരുന്നു ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍. ഇതാണ് ഗെയിലിന് മുന്നില്‍ വഴിമാറിയത്.
ഗെയിലിന്റെ മാരക ബാറ്റിംഗ് മികവില്‍ ബാംഗ്ലൂര്‍ പൂനയ്ക്കെതിരേ 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 263 റണ്‍സ് നേടി. എട്ട് പന്തില്‍ മൂന്ന് ഫോറും മൂന്ന് സിക്സും അടക്കം 31 റണ്‍സ് നേടിയ എ.ബി.ഡിവില്ലിയേഴ്സും ബാറ്റിംഗില്‍ തിളങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: