ബംഗളൂരു: വിന്‍ഡീസിന്റെ കറുത്തമുത്ത് ക്രിസ് ഗെയിലിന്റെ സംഹാരതാണ്ഡവത്തില്‍ പൂനെ വാരിയേഴ്സ് തകര്‍ന്നുതരിപ്പണമായി. ട്വന്റി 20യുടെ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി സ്വന്തമാക്കി ക്രിസ് ഗെയില്‍ നിറഞ്ഞാടിയ മത്സരത്തില്‍ 130 റണ്‍സിനാണ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് പൂനെ വാരിയേഴ്സിനെ തരിപ്പണമാക്കിയത്. ട്വന്റി 20യുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ സ്വന്തമാക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്സ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 263 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഇതില്‍ 175 റണ്‍സും ക്രിസ് ഗെയിലിന്റെ സംഭാവന. അകമ്പടിയായി 13 ബൗണ്ടറികളും 17 സിക്സറുകളും. മറുപടി ബാറ്റിങ്ങിനിറങ്ങിയ പൂനെ വാരിയേഴ്സിന് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. അത്ഭുതകരമായ ബാറ്റിംഗിന് പുറമെ ഒരു ഓവര്‍ മാത്രം എറിഞ്ഞ് അഞ്ച് റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകളും ഗെയില്‍ സ്വന്തമാക്കി. മത്സരത്തിലെ താരവും ഗെയില്‍ തന്നെ. ഐപിഎല്ലില്‍ ഗെയിലിന്റെ നാലാം സെഞ്ച്വറിയാണിത്. വിജയത്തോടെ ബാംഗ്ലൂര്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി.
ടോസ് നേടിയ പൂനെ ക്യാപ്റ്റന്‍ ബാംഗ്ലൂരിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. തുടക്കം മുതല്‍ കമ്പക്കെട്ടിന് തിരികൊളുത്തിയ ക്രിസ് ഗെയിലിന് മുന്നില്‍ പൂനെ ബൗളര്‍മാര്‍ നിസ്സഹായരായി. സഹ ഓപ്പണറായ ദില്‍ഷനെ കാഴ്ചക്കാരനാക്കി നിര്‍ത്തിയാണ് ഗെയില്‍ താണ്ഡവം നടത്തിയത്. ഗെയില്‍ കരുത്തില്‍ 4.5 ഓവറില്‍ അമ്പത് കടന്ന ബാംഗ്ലൂര്‍ സ്കോര്‍ 7.5 ഓവറില്‍ 100ലെത്തി. ഇതിനിടെ ഗെയില്‍ 17 പന്തില്‍ നിന്ന് അര്‍ദ്ധസെഞ്ച്വറിയിലെത്തി. ഗെയില്‍ അര്‍ദ്ധസെഞ്ച്വറി പിന്നിട്ടപ്പോള്‍ ദില്ഷന് 10 റണ്‍സാണെടുത്തത്.
നോബോളിനെ തുടര്‍ന്ന് ഫ്രീഹിറ്റ് കിട്ടിയ ഒമ്പതാം ഓവറിലെ അഞ്ചാം പന്ത് സ്റ്റേഡിയത്തിന് പുറത്തേക്ക് പറത്തിയാണ് 30 പന്തില്‍ ഗെയില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 8 ബൗണ്ടറികളും 11 സിക്സറുകളും ഈ സെഞ്ച്വറിക്ക് മാറ്റുകൂട്ടി. ഈ സമയത്ത് ദില്‍ഷന്റെ സ്കോര്‍ 11 റണ്‍സ് മാത്രമായിരുന്നു. ഒന്നാം വിക്കറ്റില്‍ 13.4 ഓവറില്‍ സ്കോര്‍ 167 എത്തിയശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. ഇതില്‍ 127 റണ്‍സും ഗെയിലിന്റെ സംഭാവനയായിരുന്നു. 36 പന്തില്‍ നിന്ന് അഞ്ച് ബൗണ്ടറികളോടെ 33 റണ്‍സെടുത്ത ദില്‍ഷനെ റൈറ്റിന്റെ പന്തില്‍ മുര്‍ത്താസ് പിടികൂടി. പിന്നീടെത്തിയ വിരാട് കോഹ്ലി 11 റണ്‍സെടുത്ത് റണ്ണൗട്ടായി മടങ്ങിയെങ്കിലും അപ്പോഴേക്കും ബാംഗ്ലൂര്‍ സ്കോര്‍ 200 കടന്നിരുന്നു. പിന്നീടെത്തിയ ഡിവില്ലിയേഴ്സും പൂനെ ബൗളര്‍മാരെ അടിച്ചുതകര്‍ക്കാനുള്ള മൂഡിലായിരുന്നു. വെറും എട്ടുപന്തുകള്‍ നേരിട്ട ഡിവില്ലിയേഴ്സ് മൂന്ന് വീതം സിക്സറുകളും ബൗണ്ടറികളും നേടി 31 റണ്‍സെടുത്ത് മാര്‍ഷിന്റെ പന്തില്‍ മന്ഹാസിന് ക്യാച്ച് നല്കുമ്പോള് ബാംഗ്ലൂര്‍ സ്കോര്‍ ചരിത്രം സൃഷ്ടിച്ച് 251-ലെത്തിയിരുന്നു. സൗരഭ് തിവാരിയും (2), രാംപാലും (0) വന്നതും പോയതും ഒരുമിച്ചായതോടെ ബാംഗ്ലൂരിന്റെ തേരോട്ടം 263 റണ്‍സില്‍ അവസാനിച്ചു.
ഗെയ്ലിന്റെ ആക്രമണത്തില്‍ മനസ് മടുത്തിറങ്ങിയ പൂനെയുടെ പോരാളികള്‍ക്ക് വിജയലക്ഷ്യം എത്തിപ്പിടിക്കാവുന്നതിലും ഏറെ അകലെയായിരുന്നു. 20 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ അവരുടെ ഇന്നിംഗ്സ് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സിന് അവസാനിച്ചു. 31 പന്തില്‍ 41 റണ്‍സ് നേടിയ സ്റ്റീവന്‍ സ്മിത്ത് മാത്രമാണ് പൂനെ നിരയില്‍ പോരാട്ടത്തിനുള്ള മനസ് കാട്ടിയത്. ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് 18ഉം യുവരാജ് 16ഉം മിച്ചല്‍ മാര്‍ഷ് 25ഉം റണ്‍സ് നേടി. മന്‍ഹാസ് 11 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ബാംഗ്ലൂരിന് വേണ്ടി രവി രാംപാല്‍, ഉനദ്കത്, ക്രിസ് ഗെയില്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: