ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തിരിച്ചുപിടിച്ചു. ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് സര് അലക്സ് ഫെര്‍ഗൂസന്റെ ചുവന്ന ചെകുത്തന്മാര് കിരീടം സ്വന്തമാക്കിയത്. നാല് മത്സരങ്ങള്‍ ബാക്കിനില്‍ക്കേയാണ് യുണൈറ്റഡ് ലീഗ് ജേതാക്കളായത്. സ്വന്തം തട്ടകമായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന മത്സരത്തില്‍ ആസ്റ്റണ്‍ വില്ലയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കിരീടം ഉറപ്പിച്ചത്. കഴിഞ്ഞ സീസണില്‍ അയല്‍ക്കാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് പിന്നില്‍ രണ്ടാമതെത്താനേ യുണൈറ്റഡിന് സാധിച്ചിരുന്നുള്ളു. ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഇരുപതാം കിരീടമാണിത്. ജയത്തോടെ ലീഗില്‍ 16 പോയിന്റിന്റെ അപ്രതിരോധ ലീഗാണ് മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നേടിയത്. കഴിഞ്ഞ ദിവസം ടോട്ടനത്തിനെതിരെ മാഞ്ചസ്റ്റര്‍ സിറ്റി തോറ്റതാണ് യുണൈറ്റഡിന്റെ കിരീടധാരണം നേരത്തെയാക്കിയത്.
ഡച്ച് താരം റോബിന് വാന്‍ പേഴ്സിയുടെ ഹാട്രിക്കാണ് ആസ്റ്റണ്‍ വില്ലക്കെതിരായ മത്സരത്തില്‍ യുണൈറ്റഡിന് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. കളി തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ വാന്‍ പേഴ്സി അക്കൗണ്ട് തുറന്നു. പിന്നീട് പതിമൂന്നാം മിനിറ്റിലും മുപ്പത്തിമൂന്നാം മിനിറ്റിലും വില്ലയുടെ പ്രതിരോധം ഭേദിച്ച വാന്‍ പേഴ്സി ഹാട്രിക്കും ടീമിന്റെ വിജയവും കിരീടവും ഉറപ്പിക്കുകയായിരുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഇരുപതാം നമ്പര്‍ ജേഴ്സിയണിഞ്ഞ വാന്‍പെഴ്സി തന്നെ ടീമിന്റെ ഇരുപതാം കിരീടനേട്ടത്തിനായി ഗോള്‍വല ചലിപ്പിച്ചെന്ന പ്രത്യേകതയുമുണ്ട്. 39 ദശലക്ഷം ഡോളറിന് ആഴ്സണലില്‍ നിന്നാണ് കഴിഞ്ഞ ആഗസ്റ്റില്‍ വാന്‍ പെഴ്സി യൂണൈറ്റഡിലെത്തിയത്.
ഈ വിജയത്തോടെ 34 മത്സരങ്ങളില്‍ നിന്ന് 84 പോയിന്റാണ് മാഞ്ചസ്റ്ററിനുള്ളത്. രണ്ടാമതുള്ള സിറ്റിയേക്കാള്‍ 16 പോയിന്റ് മുന്നിലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. 33 മത്സരങ്ങളില്‍ നിന്ന് സിറ്റിക്ക് 68 പോയിന്റാണുള്ളത്. യുണൈറ്റഡ് ബാക്കിയുള്ള നാല് മത്സരങ്ങളില്‍ തോറ്റാലും ഇനി കിരീടം കൈവിടില്ല. യുണൈറ്റഡ് എല്ലാ മത്സരങ്ങളും പരാജയപ്പെടുകയും സിറ്റി ബാക്കിയുള്ള അഞ്ച് മത്സരങ്ങള്‍ ജയിച്ചാലും 83 പോയിന്റ് നേടാനെ അവര്‍ക്ക് കഴിയുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: