ചെന്നൈ: ഷെയ്ന്‍വാട്സന്റെ തകര്‍പ്പന്‍ സെഞ്ച്വറിക്ക് മറുപടിയായി ഹസ്സിയുടെയും റെയ്നയുടെയും വെടിക്കെട്ട്. ഫലംപ്രീമിയര് ലീഗിലെ ആവേശം നിറഞ്ഞ മത്സരത്തില്‍ രാജസ്ഥാന് റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് അഞ്ച് വിക്കറ്റിന്റെ ഉജ്ജ്വല വിജയം.
ഐപിഎല്‍ ആറാം സീസണിലെ ആദ്യ സെഞ്ച്വറി രാജസ്ഥാന്റെ ഷെയ്ന് വാട്സണ് നേടിയെങ്കിലും ടീമിനെ ജയിപ്പിക്കാന്‍ അതുകൊണ്ടായില്ല. അത്യന്തം ആവേശകരമായ മത്സരത്തില്‍ ഒരു പന്ത് ബാക്കി നില്‍ക്കെയാണ് ചെന്നൈ ജയം സ്വന്തമാക്കിയത്. സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ അഞ്ചാം വിജയമാണ് ഇത്. സ്കോര്‍: രാജസ്ഥാന് റോയല്‍സ് 20 ഓവറില്‍ നാല് വിക്കറ്റിന് 185. ചെന്നൈ സൂപ്പര്‍ കിംഗ്സ് 19.5 ഒാവറില്‍ 5 വിക്കറ്റിന് 186.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് റോയല്‍സ് വാട്സന്റെ സെഞ്ച്വറി (61 പന്തില്‍ 6 ബൗണ്ടറി, 6 സിക്സര്‍) പ്രകടനത്തിന്റെ പിന്‍ബലത്തില്‍ 20 ഓവറില്‍ നാല് വിക്കറ്റുകളുടെ നഷ്ടത്തില്‍ 185 റണ്‍സ് ആണ് എടുത്തത്. വാട്സണ് പുറമെ 22 പന്തില്‍ മൂന്ന് ബൗണ്ടറിയും ഒരു സിക്സറുമടക്കം 36 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സ്റ്റുവര്‍ട്ട് ബിന്നിയും മികച്ച ബാറ്റിംഗ് കാഴ്ചവെച്ചു. ഇന്നിംഗ്സിന് തിരശ്ശീല വീഴുമ്പോള്‍ 9 റണ്‍സുമായി ഹോഡ്ജായിരുന്നു ബിന്നിക്കൊപ്പം ക്രീസില്‍. രഹാനെ (16), യാഗ്നിക് (ഏഴ്), ദ്രാവിഡ് (ആറ്) എന്നിങ്ങനെയാണ് മറ്റ് ബാറ്റ്സ്മാന്മാരുടെ സ്കോറുകള്‍. ചെന്നൈക്ക് വേണ്ടി അശ്വിനും ബ്രാവോയും രണ്ട് വിക്കറ്റുകള്‍ വീതമെടുത്തു.
മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈയുടെ ഓപ്പണര്‍ മുരളി വിജയ് മൂന്ന് റണ്‍സ് മാത്രമെടുത്ത് തുടക്കത്തിലേ പുറത്തായി. പക്ഷേ ഹസ്സിയുടേയും സുരേഷ് റെയ്നയുടേയും അര്‍ദ്ധസെഞ്ച്വറി പ്രകടനങ്ങള്‍ ചെന്നൈക്ക് തുണയായി. ഹസ്സി 51 പന്തുകളില്‍ നിന്ന് ഒരു സിക്സറും 13 ഫോറുകളും ഉള്‍പ്പടെ 88 റണ്‍സെടുത്തു. സുരേഷ് റെയ്ന 35 പന്തുകളില്‍ നിന്ന് രണ്ട് സിക്സറുകളും നാല് ഫോറുകളും ഉള്‍പ്പടെ 51 റണ്‍സെടുത്തു. ധോണി 21 ഉം ബ്രാവോ 15ഉം റണ്‍സെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: