കൊട്ടാരക്കര: നാട്ടുകാര്‍ക്ക് ദാഹജലം നല്കാന് പണം കണ്ടെത്തുന്നതിന് മൈക്കാഡ് പണിയെടുക്കുകയാണ് മേലിലയിലെ യുവമോര്‍ച്ചാ, ബിജെപി പ്രവര്‍ത്തകര്‍. ജില്ലയിലെ തന്നെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ഒന്നായ ഇവിടെ കുടിവെള്ളക്ഷാമം രൂക്ഷമാണ്. പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതികള്‍ താളംതെറ്റിയപ്പോള്‍ നാട്ടുകാര്‍ ദാഹജലത്തിനായി നെട്ടോട്ടമോടിത്തുടങ്ങി. പഞ്ചായത്ത് മെമ്പര്‍മാര്‍ വല്ലപ്പോഴും ജലവിതരണം നടത്തിയാല്‍ അതില്‍ രാഷ്ട്രീയം കലര്‍ന്നുവരും. കുടിവെള്ളപ്രശ്നം നാടിന്റെ പ്രശ്നം ആയതോടെ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ നാടിന് ദാഹജലം നല്കാന് രംഗത്തെത്തി. ആദ്യം ചെറിയ വാഹനങ്ങളില്‍ അത്യാവശ്യക്കാര്‍ക്ക് വെള്ളം വിതരണം തുടങ്ങി.
ആവശ്യക്കാരുടെ എണ്ണം കൂടിയതോടെ ജലവിതരണം കൂടുതല്‍ കാര്യക്ഷമമാക്കി. ഞായറാഴ്ച ദിവസങ്ങളില്‍ വലിയ ലോറിയിലും മറ്റ് ദിവസങ്ങളില്‍ ചെറിയ വാഹനങ്ങളിലും വിതരണം തുടര്‍ന്നതോടെ സാമ്പത്തികം വലിയ പ്രശ്നമായി. ലോറിവാടകയും ടാങ്കറിന്റെ ചാര്‍ജും എല്ലാ കൂടി പണം കണ്ടെത്താന്‍ വലഞ്ഞതോടെ ഇവര്‍ ഒരു തീരുമാനമെടുത്തു. ആഴ്ചയില്‍ നാലുദിവസം വിവിധ ജോലികള്‍ക്ക് പോകുക. അതില്‍ നിന്ന് കിട്ടുന്ന വരുമാനം ഉപയോഗിച്ച് കുടിവെള്ള വിതരണം നടത്തുക.
കോയിപ്പുറം, ആവിയാട്ട്, കിണറ്റിന്‍കര, മൂലവട്ടം തുടങ്ങി മേലിലയുടെ വിവിധ ഭാഗങ്ങളില്‍ ആണ് വിതരണം കാര്യക്ഷമമായി നടത്തുന്നത്. നേതാക്കളും പ്രവര്‍ത്തകരുമായ എന്‍. രാമചന്ദ്രന്‍പിള്ള, അജികുമാര്‍, രമേശ്കുമാര്‍, ജി. മോഹനന്, അരുണ്‍രാജ്, വിനോദ്കുമാര്‍, സുജിത്ത് സോമശേഖരന്‍, പ്രവീണ്‍, സുമിത് സോമശേഖരന്‍ എന്നിവരാണ് കുടിവെള്ള വിതരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: