പുത്തൂര്‍: കൈത്തോട് കെട്ടിയടച്ച് നീരൊഴുക്ക് തടഞ്ഞവര്‍ക്ക് ഒത്താശ ചെയ്ത പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കര്‍ഷകമോര്‍ച്ചയുടെ ഉപരോധം. നെടുവത്തൂര്‍ പഞ്ചായത്ത് സെക്രട്ടറി ഷിബുവിന്റെ വഴിവിട്ട നടപടികള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബിജെപി, കര്,കമോര്‍ച്ച പ്രവര്‍ത്തകര്‍ ഇന്നലെ ഉപരോധ സമരം നടത്തിയത്.
പുത്തൂര്‍ വല്ലഭന്‍കര ഏലായിലേക്ക് ജലമെത്തിക്കുന്നതിനുള്ള കൈത്തോട് നികത്തി കൃഷിയിറക്കിയ സ്വകാര്യ വ്യക്തിക്ക് വേണ്ടിയാണ് പഞ്ചായത്ത് സെക്രട്ടറി സര്‍ക്കാര്‍ പദവി ദുരുപയോഗം ചെയ്തത്. കൈത്തോട് തെളിക്കണമെന്ന കര്‍ഷകരുടെ പരാതികള്‍ക്ക് പുല്ലുവില നല്കിയ സെക്രട്ടറി പരാതി നല്‍കിയവര്‍ക്കെതിരെ നോട്ടീസ് അയയ്ക്കുകയായിരുന്നു.
മൂന്നുവര്‍ഷം മുമ്പ് കെട്ടിയടച്ച കൈത്തോട് തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് ഏലായിലെ കര്‍ഷകര്‍ വില്ലേജോഫീസ് മുതല്‍ കളക്ട്രേറ്റ് വരെ പരാതി നല്‍കിയിട്ടും ചെറുവിരലനക്കാത്ത പഞ്ചായത്ത് സെക്രട്ടറി കര്‍ഷകര്‍ക്കെതിരെ തിരിഞ്ഞത് അവിഹിത സ്വാധീനത്തിന് വഴങ്ങിയാണെന്ന് ഉപരോധസമരം ഉദ്ഘാടനം ചെയ്ത കര്‍ഷകമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ബൈജു ചെറുപൊയ്ക പറഞ്ഞു. പഞ്ചായത്ത് അധികൃതര്‍ അനങ്ങാപ്പാറ നയം സ്വീകരിച്ചപ്പോള്‍ കൈത്തോട് തെളിച്ചത് കര്‍ഷകമോര്‍ച്ച പ്രര്‍ത്തകരുടെ ശ്രമദാനം മൂലമാണ്. ഇതിനുള്ള പകപോക്കലായാണ് കര്‍ഷകര്‍ക്ക് സെക്രട്ടറി നോട്ടീസ് അയച്ചത്.
ഒരു നോട്ടീസ് അയയ്ക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകളൊന്നും സെക്രട്ടറി പാലിച്ചിട്ടില്ല. കൈത്തോട് കെട്ടിയടച്ച വ്യക്തി ചൂണ്ടിക്കാണിച്ചവര്ക്കെല്ലാം നോട്ടീസ് അയയ്ക്കുന്ന വിലകുറഞ്ഞ നടപടിയാണ് സെക്രട്ടറിയുടെ ഭാഗത്തു നിന്നുണ്ടായത്. വാര്‍ഡ്മെമ്പറും നിലംനികത്തലുകാരും കൈകോര്‍ത്തു നടത്തുന്ന അതിക്രമങ്ങള്‍ക്ക് പഞ്ചായത്ത് സെക്രട്ടറി കൂട്ടുനില്‍ക്കുകയാണെന്നും ഇദ്ദേഹത്തിനെതിരെ ബന്ധപ്പെട്ടവര്‍ നടപടികള്‍ സ്വീകരിക്കണമെന്നും ബൈജു ആവശ്യപ്പെട്ടു.
അന്വേഷണം നടത്താതെ നോട്ടീസ് അയച്ച സെക്രട്ടറിക്കും സെക്രട്ടറിയെ തെറ്റിദ്ധരിപ്പിച്ച വാര്ഡുമെമ്പര്ക്കുമെതിരെ ജനകീയപ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കര്‍ഷകമോര്‍ച്ച നേതാവ് മുന്നറിയിപ്പ് നല്കി.
ഉപരോധസമരത്തിന് ബിജെപി ജില്ലാ കമ്മറ്റിയംഗങ്ങളായ പുത്തൂര്‍ രാജേഷ്, ആര്. കലാധരന്‍, മണ്ഡലം വൈസ്പ്രസിഡന്റ് അജിത് ചാലൂക്കോണം, പഞ്ചായത്ത് സമിതി പ്രസിഡന്റ് ആര്. ഭാസ്കരന്‍പിള്ള, വി. രാമകൃഷ്ണപിള്ള, ഗിരീഷ്, ഷൈന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: