മുഹമ്മ(ആലപ്പുഴ): മത്സ്യ-കക്ക തൊഴിലാളികള്‍ക്ക് ദോഷകരമായ സീ പ്ലെയിന്‍ പദ്ധതിയെ എതിര്‍ക്കുമെന്ന് യുഡിഎഫിലെ ഹരിത എംഎല്‍എമാര്‍. വേമ്പനാട് കായല്‍ ഉള്‍പ്പെടെയുള്ള ഉള്‍നാടന്‍ ജലാശയങ്ങളുടെ സംരക്ഷണത്തിനായി തണ്ണീര്‍തട സംരക്ഷണ അതോറിറ്റിക്ക് രൂപം നല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. വേമ്പനാട് കായലിന്റെയും പാതിരാമണല്‍ ദ്വീപിന്റെയും പരിസ്ഥിതി പ്രശ്നങ്ങള്‍ പഠിക്കാനെത്തിയ സംഘം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
വ്യത്യസ്തമായ ആവാസ വ്യവസ്ഥകളുള്ള വേമ്പനാട് കായല്‍ ലോക തലത്തില്‍തന്നെ അംഗീകരിക്കപ്പെട്ടിട്ടുള്ള റാംസര്‍ സൈറ്റുകളിലുള്പ്പെട്ടിട്ടുള്ളതാണ്. 38 പഞ്ചായത്തുകളിലെയും ആലപ്പുഴ നഗരത്തിലെയും ജനങ്ങളുടെ ജീവന് തന്നെ അപകടകരമായ സ്ഥിതിയിലാണ് വേമ്പനാട് കായലിന്റെ നിലവിലെ അവസ്ഥ. സ്വാഭാവിക വേലിയേറ്റവും വേലിയിറക്കവും തടയപ്പെട്ട നിലയിലാണ്. രൂക്ഷമായ പരിസ്ഥിതി പ്രശ്നങ്ങള്‍ കാരണം മത്സ്യസമ്പത്ത് ഗണ്യമായി കുറയുകയും പലതും അന്യം നിന്നുപോകുകയും ചെയ്തു.
കോടിക്കണക്കിന് രൂപയുടെ നഷ്ടമാണിതിലൂടെ സംഭവിക്കുന്നത്. ദേശാടന പക്ഷികളുടെ വരവ് നിലച്ചു. മത്സ്യമേഖലയിലും കക്കാ മേഖലയിലും പണിയെടുക്കുന്ന ആയിരങ്ങള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. മാലിന്യ കൂമ്പാരങ്ങള്‍ നിറഞ്ഞ കായല്‍ മാരകരോഗങ്ങളുടെ പ്രഭവകേന്ദ്രമായി മാറിയിരിക്കയാണ്. ഇതിനെല്ലാം ശാശ്വത പരിഹാരം കാണാന്‍ നദീതട സംരക്ഷണ അതോറിറ്റി മാതൃകയില്‍ തണ്ണീര്‍തട സംരക്ഷണ അതോരിറ്റി രൂപവല്‍ക്കരിക്കണമെന്ന് എംഎല്‍എമാര്‍ ആവശ്യപ്പെട്ടു.
നെയ്യാര്‍ മുതല്‍ ചന്ദ്രഗിരി വരെ കേരളത്തിലെ നദികളും കായലുകളുമായി ബന്ധപ്പെട്ട പരിസ്ഥിതി പ്രശ്നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് തയാറാക്കി ആവശ്യമായ നിര്‍ദേശങ്ങളടക്കം സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് അവര്‍ പറഞ്ഞു. ആറ് മാസം കൊണ്ട് തങ്ങളുടെ ഇടപെടലുകള്‍ മൂലം അര ഡസനോളം പ്രശ്നങ്ങള്‍ക്ക് പരിഹാരം നേടിയെടുക്കാനായതായി അവര്‍ അവകാശപ്പെട്ടു.
എംഎല്‍എമാരായ വി.ഡി.സതീശന്, എം.വി.ശ്രേയാംസ്കുമാര്‍, വി.ടി.ബലറാം, ടി.എന്‍.പ്രതാപന് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. രാവിലെ പത്തോടെ മുഹമ്മ കായിപ്പുറത്തെത്തിയ സംഘം പ്രത്യേക ബോട്ടില്‍ പാതിരാമണല്‍ ദ്വീപ് സന്ദര്‍ശിച്ച ശേഷം പരിസ്ഥിതി പ്രവര്‍ത്തകരും ജനപ്രതിനിധികളും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തിയാണ് മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: