കൊച്ചി: രാജ്യത്തെ ടയര്‍ ലോബികള്ക്കുവേണ്ടിയാണ് കേന്ദ്ര വാണിജ്യമന്ത്രാലയം പ്രവര്‍ത്തിക്കുന്നതെന്ന് റബര്‍ മാര്‍ക്ക് ചെയര്മാന് ടി.എച്ച് മുസ്തഫ പറഞ്ഞു. റബറിന്റെ ഇറക്കുമതി തീരുവ 20 ശതമാനമാക്കി വര്‍ധിപ്പിക്കണമെന്ന് നിര്‍ദ്ദേശമുണ്ടായിട്ടും ഇതു സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കാന്‍ കേന്ദ്ര വാണിജ്യമന്ത്രാലയം തയ്യാറായിട്ടില്ല. കേരളത്തില്‍ നിന്നുള്ള എംപിമാര്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗുമായി മാസങ്ങള്‍ക്ക് മുമ്പ് നടത്തിയ കൂടിക്കാഴ്ച്ചയിലാണ് റബറിന്റെ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കാന്‍ തീരുമാനമായത്.
അന്താരാഷ്ട്ര വിപണിയില്‍ റബറിന്റെ വില ഇടിഞ്ഞിരിക്കുന്നതിനാല്‍ രാജ്യത്തെ ടയര്‍ കമ്പനികള്‍ക്ക് യഥേഷ്ടം റബര്‍ ഇറക്കുമതി ചെയ്ത് സുക്ഷിക്കുന്നതിന് അവസരമൊരുക്കാനാണ് തീരുവ വര്‍ധിപ്പിക്കാത്തത്.
കേരളത്തില്‍ നിന്നുള്ള നാണ്യവിളകളുടെയെല്ലാം വില ഇടിക്കുന്നതിനു സഹായകമായ സമീപനമാണ് കേന്ദ്രസര്ക്കാരില്നിന്നുണ്ടാവുന്നത്. കയറ്റുമതി നടത്തി വിദേശ നാണ്യം നേടുന്നതിനുപകരം ഇറക്കുമതി നടത്തി വിദേശനാണ്യം ചെലവഴിക്കുന്ന സാഹചര്യമാണ് ഇന്നുള്ളത്. കേരളത്തിലെ കര്‍ഷകരെ ദ്രോഹിക്കുന്ന സമീപനമാണ് കേന്ദ്ര വാണിജ്യമന്ത്രാലയത്തില്‍ നിന്നുണ്ടാവുന്നത്. റബറിന്റെ ഇറക്കുമതിയെത്തുടര്‍ന്ന് കര്‍ഷകര്‍ വന്‍ പ്രതിസന്ധിയിലാണ്.രാജ്യത്ത് ആവശ്യത്തിനുള്ള റബര്‍ ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുകയാണ്.റബറിന്റെ ഇറക്കുമതി തീരുവ 30 ശതമാനമെങ്കിലുമായി വര്‍ധിപ്പിച്ചാല്‍ മാത്രമെ രാജ്യത്തെ റബര്‍കര്‍ഷകര്‍ക്ക് നേട്ടമുണ്ടാകൂ. ഇറക്കുമതി തീരുവ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ എംപിമാര്‍ ഒറ്റക്കെട്ടായി രംഗത്തുവരണമെന്നും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: