കൊച്ചി: പദ്ധതി വിഹിതം നൂറ് ശതമാനവും ചെലവഴിച്ച ഗ്രാമപഞ്ചായത്തുകള്‍ക്ക് ജില്ല ആസൂത്രണ സമിതിയുടെ അഭിനന്ദനം. മണീട്, ചോറ്റാനിക്കര, എടയ്ക്കാട്ടുവയല്‍ ഗ്രാമപഞ്ചായത്തുകളുടെ പ്രസിഡന്റുമാരെയാണ് ആസൂത്രണ സമിതി അഭിനന്ദനം അറിയിച്ചത്. ബ്ലോക്ക് പഞ്ചായത്തുകളില്‍ ഏറ്റവുമധികം തുക ചെലവിട്ടത് വൈപ്പിന്‍, പറവൂര്‍, മൂവാറ്റുപുഴ എന്നിവയും ആസൂത്രണ സമിതിയുടെ പ്രശംസ നേടി. നഗരസഭകളില്‍ ഏറ്റവും കൂടുതല്‍ തുക ചെലവിട്ടത് പെരുമ്പാവൂര്‍, കോതമംഗലം, ആലുവ മുനിസിപ്പാലിറ്റികളാണ്.
2012-13 വാര്‍ഷിക പദ്ധതി അന്തിമമാക്കുന്നതിനായി മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് വരുത്തിയ എല്ലാ ഭേദഗതികളും ബാധകമാക്കി വാലിഡേഷന്‍ ശരിയാക്കി ജില്ല ആസൂത്രണ സമിതിക്ക് ഈ മാസം 20നകം സമര്‍പ്പിക്കണമെന്ന് യോഗം നിര്‍ദേശിച്ചു. 2013-14 വാര്‍ഷികപദ്ധതികള്‍ക്ക് മെയ് 31നകം അംഗീകാരം നേടണം. മേയ് 31നു ശേഷം പ്രൊജക്ട് ഡാറ്റ എന്‍ട്രി, വാലിഡേഷന്‍ എന്നിവ സോഫ്റ്റ് വെയറില്‍ സാധ്യമാകില്ല. പ്രോജക്ടുകളുടെ നിര്‍വഹണം ആരംഭിക്കുന്നതിന് മുമ്പ് ആസൂത്രണസമിതിയുടെ അംഗീകാരം നിര്‍ബന്ധമാണെന്നും യോഗം വ്യക്തമാക്കി.
ജില്ല പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മറ്റി ചെയര്മാന് ബാബു ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ല ആസൂത്രണ സമിതി അംഗങ്ങളായ ജെസി സാജു, എം.യു. ഇബ്രാഹിം, സുജ റോയ്, ക്ഷണിതാക്കളായ പി.വി. ജോസ്, ജി. സുധാംബിക, ജില്ല പ്ലാനിങ് ഓഫീസര്‍ ആര്. ഗിരിജ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: