മൊഹാലി: ഐപിഎല്ലിലെ സൂപ്പര്‍ സണ്‍ഡേയില്‍ ഗ്യാലറിക്ക് വെടിക്കെട്ടു ബാറ്റിങ്ങിന്റെ ലഹരി തന്നെ ലഭിച്ചു. പ്രത്യേകിച്ച് കിങ്ങ്സ് ഇലവന് പഞ്ചാബും പൂനെ വാരിയേഴ്സും തമ്മിലുള്ള അങ്കത്തില്‍. ബാറ്റ്സ്മാന്മാര് നിറഞ്ഞാടിയപ്പോള്‍ ബൗളര്‍മാര്‍ ദുരിത നിമിഷങ്ങളുടെ കയ്ക്കുന്ന സമ്മാനങ്ങള്‍ ഏറ്റുവാങ്ങി. ആദ്യം ബാറ്റ്ചെയ്ത പൂനെ 4 വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സ് അടിച്ചുകൂട്ടി. ഏറെക്കുറെ അപ്രാപ്യമെന്ന് തോന്നിയ ലക്ഷ്യം ഇരുപതാം ഓവറിന്റെ അഞ്ചാം പന്തില്‍ മറികടന്ന പഞ്ചാബ് ഏഴു വിക്കറ്റ് വിജയം സ്വന്തമാക്കി.
ബാറ്റിങ് ഹീറോകള്‍ പലരുണ്ടായിരുന്നു മൊഹാലിയിലെ കളത്തില്‍. പൂനെ ഇന്നിങ്ങ്സില്‍ താത്കാലിക ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് (42 പന്തില്‍ 64), ഓപ്പണര്‍ റോബിന് ഉത്തപ്പ (33 പന്തില്‍ 37), യുവരാജ് സിങ് (24 പന്തില്‍ 34), ലൂക്ക് റൈറ്റ് (10 പന്തില്‍ 34) എന്നിവര്‍ കസറി. ഫിഞ്ച് എട്ടുഫോറുകളും രണ്ടു സിക്സറും പറത്തി. യുവി രണ്ടുതവണ പന്ത് അതിര്‍ത്തി കടത്തി മൂന്നു തവണ ഗ്യാലറിയില്‍ എത്തിച്ചു. ആറു ഫോറുകളും ഒരു സിക്സറുമടങ്ങുന്നതായിരുന്നു റൈറ്റിന്റെ ഇന്നിങ്ങ്സ്. പഞ്ചാബ് ബൗളര്‍മാരില്‍ പ്രവീണ്‍ കുമാര്‍ 36ഉം പര്‍വീന്ദര്‍ അവാന 38ഉം പീയൂഷ് ചൗള33ഉം മന്‍പ്രീത് ഗോണി 32ഉം റണ്‍സ് വീതം വഴങ്ങി. ഗോണിക്കും അവാനയ്ക്കും ഓരോ വിക്കറ്റുകള്‍ വീതം ലഭിച്ചു. രണ്ട് വിക്കറ്റ് നേടിയെങ്കിലും അഷര്‍ മൊഹമ്മൂദ് 42 റണ്‍സ് വിട്ടുകൊടുത്തു ധാരാളിത്തം കാട്ടി.
കിങ്ങ്സ് ഇലവന് ക്യാപ്റ്റന്‍ ഗില്‍ക്രിസ്റ്റില്‍ നിന്ന് ഏറെ പ്രതീക്ഷിച്ചു. എന്നാല്‍ പ്രവീണിന്റെ പന്തില്‍ ഉത്തപ്പയുടെ ഗ്ലൗസില്‍ ഒതുങ്ങിയ ഗില്ലി (4) നിരാശപ്പെടുത്തി. അഷര്‍ മൊഹമ്മൂദിനെ അജന്ത മെന്‍ഡിസ് സംപൂജ്യനാക്കുമ്പോള് പഞ്ചാബ് പത്തു റണ്സിലെത്തിയിരുന്നില്ല. മനന്‍ വോഹ്റ (22)യുടെ പുനര്‍നിര്‍മിതി ശ്രമങ്ങളും പാതിയില്‍ പാളി. പൂനെ ജയം ഉറപ്പിച്ച നിമിഷങ്ങളില്‍ കിങ്ങ്സ് ഇലവന് ഹിറ്റിങ്ങിലെ രാജാക്കന്മാരായി. മന്ദീപ് സിങ്ങും ഡേവിഡ് മില്ലറും ചേര്‍ന്ന സ്വദേശി- വിദേശി സഖ്യം വാരിയേഴ്സിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചു. അപരാജിത നാലാം വിക്കറ്റില്‍ 128 റണ്‍സ് അടിച്ചുകൂട്ടിയ അവര്‍ പഞ്ചാബിന് അത്ഭുത ജയം സമ്മാനിച്ചു. ദക്ഷിണാഫ്രിക്കന്‍ താരത്തിന്റെ പോരാട്ടവീര്യം കാട്ടിയ മില്ലര്‍ 41 പന്തില്‍ 80 റണ്സ്വാരി; മന്ദീപ് 58 പന്തില്‍ 77ഉം. മില്ലറുടെ ബാറ്റില്‍ നിന്ന് അഞ്ച് ഫോറുകളും അത്ര തന്നെ സിക്സറുകളും മൂളിപ്പറന്നു. മന്ദീപ് ഏഴു ബൗണ്ടറികള്‍ സ്വന്തംപേരിലെഴുതി. പതിനാറു റണ്‍സ് വേണ്ടിയിരുന്ന അവസാന ഓവറില്‍ ലൂക്ക് റൈറ്റിനെ രണ്ടു സിക്സറുകള്‍ക്ക് പൊക്കിയ മില്ലര്‍ വാരിയേഴ്സിനെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു. മില്ലര്‍ തന്നെ കളിയിലെ കേമനും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: