മുംബൈ: ഗ്ലെന്‍ മാക്സ്വെല്. ഓര്‍മയില്ലേ ആ പേര്. ഐപിഎല്ലിന്റെ ആറാം എഡിഷന്റെ ലേലച്ചന്തയിലെ ഗ്ലാമര്‍ ബോയ്. കൈയിലിരുന്ന കാശില്‍ നല്ലൊരു പങ്കും വാരിയെറിഞ്ഞ് മുംബൈ ഇന്ത്യന്‍സ് ആ ഇരുപത്തിയഞ്ചുകാരനെ സ്വന്തമാക്കിയപ്പോള്‍ ഏവരും അതിശയിച്ചു. ഓസ്ട്രേലിയന്‍ ക്രിക്കറ്റിലെ യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ മാക്സ്വെല് അങ്ങനെ മില്യണ്‍ ഡോളര്‍ ബോയിയെന്ന വിശേഷണം എടുത്തണിഞ്ഞു. പക്ഷേ, ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പൂരം ആരംഭിച്ചിട്ടിതുവരെ മാക്സ്വെല് കളത്തിലിറങ്ങിയിട്ടില്ല. അത്ര മുഖപരിചയമില്ലാത്തതിനാല്‍ ഗ്ലെന്നിന്റെ ഡഗ് ഔട്ടിലെ സാന്നിധ്യം പോലും കളി പ്രേമികള്‍ക്ക് സ്ഥിരീകരിക്കാനാവുന്നില്ല. താരനിബിഢമായ മുംബൈ സംഘം മാക്സ്വെല്ലിനെ തഴയുകയാണോ?., ഏറ്റവും വിലകൂടിയവന് സീസണില്‍ നഷ്ടക്കണക്കുകളുമായിട്ടാവുമോ കരകയറുക. സന്ദേഹങ്ങളുടെ മുളപൊട്ടിക്കഴിഞ്ഞു.
ഇത്രയും തുക മുടക്കി മാക്സ്വെല്ലിനെ പാളയത്തിലെത്തിക്കേണ്ട കാര്യം മുംബൈ ഇന്ത്യന്സിനില്ലായിരുന്നെന്ന് താരത്തിന്റെ റെക്കോര്‍ഡുകള്‍ പരിശോധിച്ചാല്‍ മനസിലാകും. ഓസീസ് കുപ്പായത്തിലെ ഒമ്പത് അന്താരാഷ്ട്ര ട്വന്റി20 മത്സരങ്ങളില്‍ നിന്ന് മാക്സവെല്‍ നേടിയത് വെറും 47 റണ്‍സ്. ശരാശരി 15.66. സ്ട്രൈക്ക് റേറ്റും ആശാവഹമല്ല, 114.63. ഓള് റൗണ്ടര്‍ പരിവേഷമുള്ള യുവ തുര്‍ക്കിക്ക് ഇതുവരെ ലഭിച്ചത് അഞ്ച് വിക്കറ്റ്. ആഭ്യന്തര ലീഗിലെ 40 ട്വന്റി20മത്സരങ്ങളില്‍ നിന്ന് മാക്സ്വെല് 21.96 ശരാശരിയില്‍ 571 റണ്‍സ് സ്വരുക്കൂട്ടി. സ്വന്തം നാട്ടിലെ സ്ട്രൈക്ക് റേറ്റ് (144.19) അല്‍പ്പം ഭേദമെന്നു കരുതാം. ഐപിഎല്ലില്‍ കഴിഞ്ഞവര്‍ഷം ദല്‍ഹി ഡെയര്‍ ഡെവിള്‍സിനുവേണ്ടി രണ്ടു മത്സരങ്ങളില്‍ ഇറങ്ങിയപ്പോള്‍ കുറിച്ചത് ആറു റണ്‍സ് മാത്രം. ഐപിഎല്ലില്‍ എത്തും മുന്‍പ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ മികവുതെളിയിക്കാന്‍ ലഭിച്ച രണ്ടവസരങ്ങള്‍ മാക്സ്വെല് നഷ്ടമാക്കിയിരുന്നു. ഹൈദരാബാദിലെ രണ്ടാം ടെസ്റ്റിനിറങ്ങിയ മാക്സ്വെല്ലിലെ ബാറ്റസ്മാന് രണ്ടിന്നിങ്ങ്സിലും (13, 8) പരാജയപ്പെട്ടു. സ്പിന്നിനെ ആവോളം സഹായിച്ച പിച്ചില്‍ നാല് ഇന്ത്യന്‍ വിക്കറ്റുകള്‍ പിഴുതെന്നതുമാത്രം താരത്തിന് ആശ്വാസമായി. ദല്‍ഹിയിലെ ഫിറോസ്ഷാ കോട്ലയിലെ അരങ്ങേറിയ നാലാം ടെസ്റ്റിലും മാക്സ്വെല് കങ്കാരുപ്പടയില്‍ ഇടംപിടിച്ചു. എന്നാല്‍ ഒന്നാം ഇന്നിങ്ങ്സില്‍ 10 റണ്‍സുമായി കൂടാരം കയറി. രണ്ടാംവട്ടത്തില്‍ ഓപ്പണറുടെ വേഷമണിഞ്ഞിട്ടും ഫലമുണ്ടായില്ല. എട്ടു റണ്‍സില്‍ കളിയവസാനിപ്പിച്ചു. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ മാക്സ്വെല് അത്ര വിശ്വസനീയനല്ലെന്നു തന്നെയാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
മുന്‍സീസണുകളില്‍ ഐപിഎല്‍ ലേലത്തില്‍ ഏറ്റവും കൂടിയ തുകയ്ക്ക് വിറ്റുപോയവരില്‍ പലരും മൂല്യത്തിനൊത്ത മികവുകാട്ടിയിരുന്നില്ല. 2008ലെ പ്രഥമ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്സിന്റെ നായകന് മഹേന്ദ്ര സിങ് ധോണി പുറത്തെടുത്ത കളിമാത്രമാണ് അതിനൊരപവാദം. 15 ലക്ഷം ഡോളറിനു വിലയ്ക്കെടുക്കപ്പെട്ട ധോണി 133. 54 സ്ട്രൈക്ക് റേറ്റില്‍ 414 റണ്‍സ് അടിച്ചുകൂട്ടി. ടീമിനെ ഫൈനല്‍വരെ എത്തിക്കാനും ധോണിക്കു കഴിഞ്ഞു. കഴിഞ്ഞ സീസണിലെ വിലകൂടിയ താരം രവീന്ദ്ര ജഡേജയും (20 ലക്ഷം ഡോളര്‍ (ചെന്നൈ സൂപ്പര്‍ കിങ്ങ്സ്) ഒരു പരിധിവരെ ടീമുടമകള്‍ മുടക്കിയ കാശിനോട് നീതികാട്ടിയിരുന്നു. ബാറ്റിങ് കാര്യമായ സംഭാവനകള്‍ നല്കിയില്ലെങ്കിലും കൃത്യതയും തന്ത്രവും കൂട്ടിയിണക്കിയ പന്തേറിലൂടെ ജഡേജ (12 വിക്കറ്റ്) എതിരാളികളെ വലച്ചു.
2009ല്‍ ഇംഗ്ലണ്ടിന്റെ കെവിന് പീറ്റേഴ്സന്റെ (15.5 ലക്ഷം ഡോളര്‍, ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ്) സേവനം പരുക്കും മറ്റുകാരണങ്ങളുംമൂലം ആ വര്‍ഷം ടീമിനു പൂര്‍ണമായി ലഭിച്ചില്ല. ആറു മത്സരങ്ങള്‍ കളിച്ച കെപിയുടെ നേട്ടം 93 റണ്‍സില്‍ ഒതുങ്ങി.
ലേലത്തില്‍ പീറ്റേഴ്സനൊപ്പം നിന്ന ആന്‍ഡ്രു ഫ്ലിന്റോഫ് ചെന്നൈയ്ക്കു നഷ്ടക്കച്ചവടമായി. 2010ല്‍ വെസ്റ്റിന്‍ഡീസിന്റെ കീ്റണ് പൊള്ളാര്‍ഡും ന്യൂസിലന്‍ഡ് പേസര്‍ ഷെയ്ന് ബോണ്ടും ലേലച്ചന്തയിലെ പൊള്ളുന്ന വിലയുള്ളവരായി (7.5ലക്ഷം ഡോളര്‍) വെടിക്കെട്ടിനു പേരുകേട്ട പൊള്ളാര്‍ഡ് 14 മത്സരങ്ങളില്‍ ഒന്നില്‍പ്പോലും അര്‍ധശതകം കുറിച്ചില്ല. അതേസമയം, കരീബിയന്‍ താരത്തിന്റെ 15 വിക്കറ്റുകള്‍ മുംബൈ ടീമിനു മുതല്‍ക്കൂട്ടായി. എട്ടു മത്സരങ്ങളില്‍ നിന്ന് 9 വിക്കറ്റില്‍ ഒതുങ്ങി ബോണ്ടിന്റെ (നൈറ്റ് റൈഡേഴ്സ്) നേട്ടം. 2011ല്‍ ഇന്ത്യയുടെ പ്രിയ ഓപ്പണര്‍ ഗൗതം ഗംഭീറും (24 ലക്ഷം ഡോളര്‍) പണംവാരി. എന്നാല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനുവേണ്ടി 15 കളിയില്‍ പാഡ് കെട്ടിയ ഗംഭീര്‍ 119.24 സ്ട്രൈക്ക് റേറ്റില്‍ കുറിച്ചത് 378 റണ്‍സ് മാത്രം. ചുരുക്കത്തില്‍ ലേലച്ചന്തയിലെ പൊന്‍വിലയുള്ള താരങ്ങള്‍ അതതു സീസണുകളില്‍ അത്ര ക്ലച്ചുപിടിച്ചില്ലെന്നതു ഐപിഎല്‍ ചരിത്രം വ്യക്തമാക്കുന്നു. മാക്സ്വെല്ലിന്റെ പോക്കും അങ്ങോട്ടാണോ?. കാത്തിരുന്നു കാണാം.
എസ്.പി. വിനോദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: