മ്യൂണിച്ച്: ദേശീയ ലീഗുകളിലെ കിരീടം ഉറപ്പിച്ച ജര്‍മന്‍ ജൈന്റസ് ബയേണ്‍ മ്യൂണിച്ചും സ്പാനിഷ് സൂപ്പര്‍ ക്ലബ് ബാഴ്സലോണയും ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ സെമി ഫൈനലിലെ ആദ്യ പാദത്തില്‍ ഇന്നു കൊമ്പുകോര്‍ക്കും. ബയേണിന്റെ കളമായ അലയന്‍സ് അരേന അങ്കത്തട്ട്. ഏറെ ഫുട്ബോള്‍ പാരമ്പര്യവും വന്‍ ആരാധക വൃന്ദവുമുള്ള വമ്പന്മാരുടെ പോരാട്ടം തീപാറുമെന്നാണ് പ്രതീക്ഷ. മത്സരം രാത്രി 12 മുതല്‍ ടെന്‍ സ്പോര്‍ട്സില്‍ കാണാം.
ബുണ്ടെസ് ലീഗയില്‍ ഹാനോവറിനെ ഒന്നിനെതിരേ ആറു ഗോളുകള്‍ക്ക് മുക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ബയേണ്‍. ഹോം ഗ്രൗണ്ടിന്റെ മുന്‍തൂക്കവും അവര്‍ക്കുണ്ട്. സസ്പെന്‍ഷനിലായ മരിയോ മാന്‍ഡ്സുകിച്ച് ബയേണ്‍ മുന്നേറ്റ നിരയില്‍ ഇന്നുണ്ടാവില്ല. ടോണി ക്രൂസിന്റെ അഭാവവും അവരെ വലയ്ക്കും. ഫിലപ്പ് ലാം, ജാവി മാര്‍ട്ടിനസ്, ബാസ്റ്റെന് ഷെയ്വന്സ്റ്റൈഗര് എന്നിവര്‍ കളത്തിലിറങ്ങും.
സ്പാനിഷ് ലീഗില്‍ തങ്ങളുടെ അവസാന മത്സരത്തില്‍ ലെവാന്റെയെ (1-0) തോല്‍പ്പിച്ച ബാഴ്സയും നല്ല സ്ഥിതിയില്‍ തന്നെ. ലയണല്‍ മെസിയുടെ പ്രകടനത്തെ ആശ്രയിച്ചിരിക്കും ബാഴ്സയുടെ ജയ സാധ്യതകള്‍. കാര്‍ലോസ് പുയോളിനും ജാവിയര്‍ മസ്കരാനോയ്ക്കും അഡ്രിയാനോയ്ക്കും ബയേണിനെതിരെ ഇറങ്ങാനാവില്ല. അതിനാല്‍ത്തന്നെ പ്രതിരോധത്തില്‍ ജെറാഡ് പിക്വെയ്ക്കോപ്പം യുവ താരം മാര്‍ക്ക് ബട്രയെ കളിപ്പിച്ചേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: