പറവൂര്‍: വല്ലാര്‍പാടം കണ്ടെയ്നര്‍ റോഡും നാഷണല്‍ഹൈവേ 17 ഉം ബന്ധിക്കുന്ന ചേരാനല്ലൂര്‍ മഞ്ഞുമ്മല്‍ കവലയിലെ സിഗ്നല്‍ ലൈറ്റ് തകരാറില്‍. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി സിഗ്നല്‍ മിഴിയടച്ചിട്ട് വിവരം പരിസരവാസികളായ ജനങ്ങള്‍ ചേരാനല്ലൂര്‍ പഞ്ചായത്തിനെയും ഹൈബി ഈഡന് എംഎല്‍എയും നാഷണല്‍ ഹൈവേ അധികൃതരേയും അറിയിച്ചെങ്കിലും സിഗ്നലിലെ തകരാര്‍ പരിഹരിക്കുന്നതിനുള്ള യാതൊരു നടപടിയും അധികൃതര്‍ സ്വീകരിച്ചിട്ടില്ല. ആയിരക്കണക്കിനു വാഹനങ്ങളാണ് ദിനം പ്രതി നാഷണല്‍ ഹൈവേയിലൂടെ കടന്നു പോകുന്നത്. വല്ലാര്‍പാടത്തേക്കും തിരിച്ചും നൂറുകണക്കിന് കണ്ടെയ്നര്‍ വാഹനങ്ങളുമാണ് ഈ സിഗ്നല്‍ വഴി കടന്നുപോകുന്നത്. നിരവധി അപകടങ്ങള്‍ ഇവിടെ നടന്നതോടെ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചതിന് ശേഷമാണ് അപകടങ്ങള്‍ കുറഞ്ഞത്. സിഗ്നല്‍ ലൈറ്റ് തകരാറിലായതോടെ രണ്ട് ഷിഫ്റ്റുകളിലായി ട്രാഫിക് നിയന്ത്രണത്തിനായി പോലീസിനെ നിയോഗിച്ചിരിക്കുകയാണെങ്കിലും രാത്രികാലങ്ങളില്‍ ഇവര്‍ ഡ്യൂട്ടിചെയ്യുന്നില്ല. സിഗ്നല്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ വന്‍ അപകടങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് പോലീസും പരിസരവാസികളും പറയുന്നുണ്ടെങ്കിലും സിഗ്നല്‍ തകരാര്‍ തീര്‍ത്ത് പ്രവര്‍ത്തിക്കേണ്ട അധികൃതര്‍ക്ക് യാതൊരുകുലുക്കവുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: