മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിനും വലന്‍സിയക്കും മികച്ച വിജയം. അതേസമയം കിരീടം ലക്ഷ്യമാക്കി ഒന്നാം സ്ഥാനത്ത് കുതിക്കുന്ന കരുത്തരായ ബാഴ്സലോണ ലെവന്റെക്കെതിരായ മത്സരത്തില്‍ കഷ്ടിച്ച് കടന്നുകൂടി. റയല്‍ മാഡ്രിഡ് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് റയല്‍ ബെറ്റിസിനെ പരാജയപ്പെടുത്തിയപ്പോള്‍ കരുത്തരായ ബാഴ്സലോണ ഏകപക്ഷീയമായ ഒരു ഗോളിന് ലെവന്റെയെയും വലന്‍സിയ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് മലാഗയെയും പരാജയപ്പെടുത്തി.
റയല്‍ ബെറ്റിസിനെതിരായ പോരാട്ടത്തില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗോളൊന്നും നേടിയില്ലെങ്കിലും ജര്‍മ്മന്‍ പ്ലേമേക്കര്‍ മെസ്യൂട്ട് ഓസിലിന്റെ ഇരട്ടഗോളുകളും കരിം ബെന്‍സേമയുടെ ഏക ഗോളുമാണ് റയലിന് മികച്ച വിജയം സമ്മാനിച്ചത്. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് റയല്‍ ആദ്യഗോള്‍ നേടിയത്. ബെന്‍സേമയുമായി ചേര്‍ന്ന് നടത്തിയ മുന്നേറ്റത്തിനൊടുവില്‍ പന്ത് ലഭിച്ച മെസ്യൂട്ട് ഓസില്‍ മികച്ചൊരു ഷോട്ടിലൂടെയാണ് ബെറ്റിസ് വല കുലുക്കിയത്. പിന്നീട് 57-ാം മിനിറ്റിലാണ് റയലിന് ലീഡ് ഉയര്‍ത്താന്‍ കഴിഞ്ഞത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒരുക്കിക്കൊടുത്ത നല്ലൊരു അവസരം മുതലെടുത്ത് കരീം ബെന്‍സേമ റയലിന്റെ ലീഡ് ഉയര്‍ത്തി. ഇതിനിടെ റൊണാള്‍ഡോ ചില നല്ല ഷോട്ടുകള്‍ ഉതിര്‍ത്തെങ്കിലും അവയെല്ലാം ബെറ്റിസ് ഗോളിയുടെ മികച്ച പ്രകടനത്തിന് മുന്നില്‍ വിഫലമായി. 73-ാം മിനിറ്റില്‍ ബെറ്റിസ് ഒരു ഗോള്‍ മടക്കി. അവര്‍ക്ക് അനുകൂലമായി ലഭിച്ച പെനാല്‍റ്റിയില്‍ നിന്ന് ജോര്‍ജ് മോലിനയാണ് ഗോള്‍ നേടിയത്. ഒരു പ്രത്യാക്രമണത്തിനൊടുവില്‍ റയല്‍ ബോക്സിലേക്ക് പ്രവേശിച്ച മോലിനയെ റയല്‍ പ്രതിരോധനിരക്കാരന്‍ നാച്ചോ ഫെര്‍ണാണ്ടസ് വീഴ്ത്തിയതിനാണ് പെനാല്‍റ്റി വിധിച്ചത്. തുടര്‍ന്നും നിരവധി മുന്നേറ്റങ്ങള്‍ നടത്തിയ റയല്‍ മാഡ്രിഡ് മത്സരത്തിന്റെ ഇഞ്ച്വറി സമയത്ത് ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. റൊണാള്‍ഡോയുടെ പാസില്‍ നിന്ന് കല്ലജന് മികച്ചൊരു വോളി ഉതിര്‍ക്കാന്‍ ശ്രമിച്ചെങ്കിലും പാഴായി. പന്ത് പിടിച്ചെടുത്ത മെസ്യൂട്ട് ഓസില്‍ മികച്ചൊരു ഷോട്ടിലൂടെ തന്റെ രണ്ടാമത്തെയും റയലിന്റെ മൂന്നാമത്തെയും ഗോള്‍ നേടി.
സൂപ്പര്‍താരം മെസ്സിയില്ലാതെ കളത്തിലിറങ്ങിയ ബാഴ്സലോണക്കെതിരെ ലെവന്റെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ബാഴ്സയുടെ സ്റ്റേഡിയമായ നൗകാമ്പില്‍ നടന്ന മത്സരത്തിന്റെ 83-ാം മിനിറ്റുവരെ അവരെ പിടിച്ചുകെട്ടുന്നതില്‍ ലെവന്റെ വിജയിച്ചു. തൊട്ടടുത്ത മിനിറ്റില്‍ അലക്സി സാഞ്ചസിന്റെ പാസില്‍ നിന്ന് സെസ് ഫാബ്രഗസാണ് ബാഴ്സയുടെ വിജയഗോള്‍ നേടിയത്. 15-ാം മിനിറ്റില്‍ ഒരു പെനാല്‍റ്റി നഷ്ടപ്പെടുത്തിയശേഷമാണ് ബാഴ്സ വിജയം സ്വന്തമാക്കിയത്. ആന്ദ്രെ ഇനിയേസ്റ്റയെ ബോക്സിനുള്ളില്‍ വച്ച് സിമാവോ വീഴ്ത്തിയതിനാണ് പെനാല്‍റ്റി ലഭിച്ചത്. എന്നാല്‍ ഡേവിഡ് വിയ എടുത്ത സ്പോട്ട് കിക്ക് ലെവന്റെയുടെ കോസ്റ്ററിക്കന്‍ ഗോളി കെ. നവാസ് ഉജ്ജ്വലമായി രക്ഷപ്പെടുത്തി.
ഗ്രനാഡയും വല്ലഡോളിഡും തമ്മില്‍ നടന്ന മറ്റൊരു മത്സരം ഇരുടീമുകളും ഓരോ ഗോളടിച്ച് സമനിലയില്‍ കലാശിച്ചു. 32 മത്സരങ്ങളില്‍ നിന്ന് 84 പോയിന്റുമായി ബാഴ്സലോണ കിരീടത്തോട് ഒന്നുകൂടി അടുത്തു. അത്രയും മത്സരങ്ങളില്‍ നിന്ന് 71 പോയിന്റുള്ള റയല്‍ രണ്ടാം സ്ഥാനത്താണ്. ലീഗില്‍ ബാക്കിയുള്ള ആറ് മത്സരങ്ങളില്‍ നിന്ന് ആറ് പോയിന്റ് മാത്രം മതി ബാഴ്സക്ക് കഴിഞ്ഞ സീസണില്‍ കൈവിട്ട കിരീടം തിരിച്ചുപിടിക്കാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: