ആലുവ: ശിവരാത്രിമണപ്പുറത്തുള്ള ഹരിതവനത്തിന്റെ ആവാസവ്യവസ്ഥ തകര്‍ക്കുന്നവിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്ന് പരിസ്ഥിതി പ്രവര്ത്തകന് പ്രൊഫ.എസ്.സീതാരാമന് ആവശ്യപ്പെട്ടു. 1991ല്‍ ജില്ലാ കളക്ടറായിരുന്ന കെ.ആര്.രാജന്റെ നിര്‍ദ്ദേശപ്രകാരമാണ് ഹരിതവനമെന്ന പദ്ധതി ആരംഭിച്ചത്.
ഒരു സംരക്ഷണം പോലുമില്ലാതിരുന്ന മണല്‍പ്പരപ്പ് പെരിയാറിലേക്ക് ഇടിഞ്ഞുപോകുന്നത് തടയാനായിരുന്നു പദ്ധതി. കുത്തിയൊലിച്ചു വരുന്ന മലവെള്ളത്തെയും ചെളിയെയും അതിജീവിക്കുന്ന 63 മരങ്ങളാണ് നട്ടുപിടിപ്പിച്ചത്. തീരത്തോട് ചേര്ന്നുള്ളഭാഗങ്ങളില് ദര്‍ഭ, ആറ്റുദര്‍ഭ, ഇല്ലി, ഈറ്റ എന്നിവയാണ് നട്ടത്. നേരത്തെ ഡിടിപിസി പുഴനികത്തി ഹോട്ടല്‍ നിര്‍മ്മിച്ച് വാടകയ്ക്ക് കൊടുത്തിരുന്നു. ഇതുസംബന്ധിച്ച് ഉണ്ടായ കേസ് ഇപ്പോള്‍ സുപ്രീംകോടതിയില്‍ നിലനില്‍ക്കുകയാണ്. ശിവരാത്രി മണപ്പുറത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിയമപ്രകാരം പാടില്ലാത്തതാണ്.
ഇതില്‍ ജില്ലകളക്ടര്ക്കോ സിടിപിസിക്കോ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. കുട്ടിവനത്തിന്റെ ചുമതല സാമൂഹ്യവനം വകുപ്പിന്റെ കീഴില്‍ കൊണ്ടുവരേണ്ടത് മണപ്പുറം സംരക്ഷണത്തിന്റെ ഭാഗമായികാണാം. ദേവസ്വത്തിന്റെയും നാട്ടുകാരുടെയും ഏറെ എതിര്‍പ്പുകള്‍ നേരിട്ടാണ് വൃക്ഷച്ചെടികളെ മലവെള്ളപ്പാച്ചിലില്‍ നിന്ന് സംരക്ഷിച്ച് വളര്‍ത്തിയെടുത്തതെന്നും പ്രൊഫ.സീതാരാമന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: