ഹൈദരാബാദ്: കിംഗ്സ് ഇലവന്‍ പഞ്ചാബിനെ തകര്‍ത്ത് സണ്‍റൈസേഴ്സിന് മികച്ച വിജയം. അഞ്ച് വിക്കറ്റുകള്‍ക്കാണ് ഹൈദരാബാദ് സണ്‍റൈസേഴ്സ് പഞ്ചാബ് സിംഹങ്ങളെ കൂട്ടിലടച്ചത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിംഗ്സ് ഇലവന്‍ 20 ഓവറില്‍ 9 വിക്കറ്റിന് 123 റണ്‍സ് മാത്രമാണെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്സ് 7 പന്തുകള്‍ ബാക്കിനില്‍ക്കേ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സെടുത്താണ് വിജയം സ്വന്തമാക്കിയത്. ഏഴ് മത്സരങ്ങള്‍ കളിച്ച സണ്‍റൈസേഴ്സിന്റെ അഞ്ചാം വിജയമാണിത്. അഞ്ച് മത്സരങ്ങള്‍ കളിച്ച കിംഗ്സ് ഇലവന്റെ മൂന്നാം തോല്‍വിയും. 46 റണ്‍സ് നേടിയ സണ്‍റൈസേഴ്സിന്റെ ഹനുമ വിഹാരിയാണ് മാന്‍ ഓഫ് ദി മാച്ച്.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പഞ്ചാബിന് ഇത്തവണയും മികച്ച തുടക്കം നല്‍കാന്‍ ഒാപ്പണര്‍മാര്‍ക്ക് കഴിഞ്ഞില്ല. സ്കോര്‍ 15-ല്‍ എത്തിയപ്പോള്‍ 10 റണ്‍സെടുത്ത മന്‍ദീപ്സിംഗിനെ ഇഷാന്ത്ശര്‍മ്മയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഡി കോക്ക് പിടികൂടി. എന്നാല്‍ പതിവിനു വിപരീതമായി ക്യാപ്റ്റന്‍ ആദം ഗില്‍ക്രിസ്റ്റ് അല്‍പനേരം ക്രീസില്‍ നിന്നു. 25 പന്തില്‍ നിന്ന് 26 റണ്‍സെടുത്താണ് ഗില്ലി മടങ്ങിയത്. സ്കോര്‍ 47-ല്‍ എത്തിയപ്പോള്‍ കരണ്‍ ശര്‍മ്മയുടെ പന്തില്‍ ഇഷാന്ത് ശര്‍മ്മക്ക് ക്യാച്ച് നല്‍കിയാണ് ഗില്ലി മടങ്ങിയത്. തൊട്ടുപിന്നാലെ പോള്‍ വാല്‍ത്താട്ടിയും വീണു. ആറ് റണ്‍സെടുത്ത വാല്‍ത്താട്ടിയെ കരണ്‍ ശര്‍മ്മ തിസര പെരേരയുടെ കൈകളിലെത്തിച്ചു. സ്കോര്‍ 3ന് 48. പിന്നീട് ഡേവിഡ് ഹസ്സിയും പിയൂഷ് ചൗളയും ചേര്‍ന്നാണ് വന്‍ തകര്‍ച്ചയില്‍ നിന്ന് പഞ്ചാബിനെ കൈപിടിച്ചുയര്‍ത്തിയത്. ഇരുവരും നാലാം വിക്കറ്റില്‍ 40 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സ്കോര്‍ 88-ല്‍ എത്തിയപ്പോള്‍ 15 പന്തില്‍ നിന്ന് ഒരു ബൗണ്ടറിയും രണ്ട് സിക്സറുമടക്കം 23 റണ്‍സെടുത്ത പിയൂഷ് ചൗള റണ്ണൗട്ടായി. സ്കോര്‍ 104-ല്‍ എത്തിയപ്പോള്‍ 22 റണ്‍സെടുത്ത ഡേവിഡ് ഹസ്സിയും മടങ്ങി. ഇഷാന്ത് ശര്‍മ്മയുടെ പന്തില്‍ അക്ഷത് റെഡ്ഡിക്ക് ക്യാച്ച് നല്‍കിയാണ് ഹസ്സി മടങ്ങിയത്. പിന്നീടെത്തിയവരില്‍ ഗുര്‍കീരത് സിംഗ് മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. അസര്‍ മഹമൂദ് നാല് റണ്‍സെടുത്തും ഗോണിയും വോറയും റണ്ണൊന്നുമെടുക്കാതെയും മടങ്ങിയതോടെ കിംഗ്സ് ഇലവന്‍ സ്കോര്‍ 123 റണ്‍സിലൊതുങ്ങി. സണ്‍റൈസേഴ്സിനുവേണ്ടി അമിത് മിശ്ര, കരണ്‍ ശര്‍മ്മ, ഇഷാന്ത് ശര്‍മ്മ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്‌ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ സണ്‍റൈസേഴ്സിന് അക്കൗണ്ട് തുറക്കും മുമ്പ് വിക്കറ്റ് നഷ്ടമായി. നാല് പന്തുകള്‍ നേരിട്ട് റണ്ണൊന്നുമെടുക്കാതിരുന്ന ഡി കോക്കിനെ പ്രവീണ്‍കുമാര്‍ ക്ലീന്‍ ബൗള്‍ഡാക്കി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ അക്ഷത് റെഡ്ഡിയും ഹനുമ വിഹാരിയും ചേര്‍ന്ന് നേടിയ 48 റണ്‍സിന്റെ മികവില്‍ സണ്‍റൈസേഴ്സ് മത്സരത്തില്‍ പിടിമുറുക്കി.7.5 ഓവറില്‍ സ്കോര്‍ 48-ല്‍ എത്തിയപ്പോള്‍ 17 പന്തില്‍ നിന്ന് രണ്ട് ബൗണ്ടറിയടക്കം 19 റണ്‍സെടുത്ത അക്ഷത് റെഡ്ഡിയെ അസര്‍ മഹമൂദിന്റെ കൈകളിലെത്തിച്ച് ഗോണിയാണ് കൂട്ടുകെട്ട് തകര്‍ത്തത്. തുടര്‍ന്ന് ക്രീസിലെത്തിയ ക്യാപ്റ്റന്‍ കാമറൂണ്‍ വൈറ്റും ഭേദപ്പെട്ട പ്രകടനം നടത്തി. എന്നാല്‍ സ്കോര്‍ 70-ല്‍ എത്തിയപ്പോള്‍ 39 പന്തില്‍ നിന്ന് അഞ്ച് ബൗണ്ടറികളോടെ 46 റണ്‍സെടുത്ത ഹനുമ വിഹാരി മടങ്ങിയതോടെ സണ്‍റൈസേഴ്സ് പ്രതിസന്ധിയിലായി. പിയൂഷ് ചൗളയുടെ പന്തില്‍ ഹസ്സിക്ക് ക്യാച്ച് നല്‍കിയാണ് വിഹാരി മടങ്ങിയത്. പിന്നീട് സ്കോര്‍ 87-ല്‍ എത്തിയപ്പോള്‍ 16 റണ്‍സെടുത്ത കാമറൂണ്‍ വൈറ്റിനെ ഗോണിയും 97-ല്‍ എത്തിയപ്പോള്‍ 10 റണ്‍സെടുത്ത സാമന്തറായിയെ അസര്‍ മഹമൂദും മടക്കി. ഒടുവില്‍ 11 പന്തില്‍ നിന്ന് മൂന്ന് സിക്സറുകളുടെ കരുത്തില്‍ 23 റണ്‍സ് നേടി പുറത്താകാതെ നിന്ന തിസര പെരേരയും 7 റണ്‍സെടുത്ത ആശിഷ് റെഡ്ഡിയും ചേര്‍ന്ന് കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ ടീമിനെ വിജയത്തിലേക്ക് നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: