കൊച്ചി: കേരളത്തില്‍ ആദ്യമായി നടത്തുന്ന ശ്രീ ശ്രീനിവാസ കല്ല്യാണോത്സവം ഇന്ന് കൊച്ചിയില്‍ നടക്കും. ഉത്സവത്തിന്റെ ഭാഗമായി ഇന്ന് രാവിലെ എറണാകുളം കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ ടിഡിഎം ഹാളില്‍ ഉല്സവമൂര്ത്തികളായ വെങ്കിടേശ്വരഭഗവാന്റെയും,ഭൂദേവി, ശ്രീദേവി സഹിതമുള്ള അപൂര്‍വ്വ ദര്‍ശനം ഭക്തജനങ്ങള്‍ക്ക് ആനന്ദദായകമായി.
ദര്‍ശനത്തോടൊപ്പം പ്രസാദവും ഏറ്റുവാങ്ങിയ ചടങ്ങിന് രാവിലെ 11.30ഓടെ പൂജാവിധി സമാപിച്ചു. വൈകിട്ട് 6മണിയോടെ നടന്ന ഭഗവത്ദര്‍ശന ചടങ്ങില്‍ മൂര്‍ത്തി വിഗ്രഹങ്ങള്‍ക്കു മുമ്പില്‍ നഗരത്തിലെ കലാകാരന്മാരും,കലാകാരികളും ചടങ്ങില്‍ അവതരിപ്പിച്ച വിവിധ നൃത്തരൂപങ്ങളായ മോഹിനായാട്ടം, കുച്ചുപ്പുടി, തിരുവാതിര, ഭരതനാട്യം, ഭജനയും, ഗോവയുടെ തനത് നൃത്തകലാരൂപമായ കോംഗ്കിണി സാരി ഡാന്‍സും അരങ്ങേറി.
ഇന്നു രാവിലെ 6.30 മുതല്‍ സുപ്രഭാതം,തോമാല സേവ, അര്‍ച്ചന തുടങ്ങിയ വിശേഷാല്‍ പൂജകളോടെ ഭക്തജനങ്ങള്‍ക്ക് 12 മണിവരെ ദര്‍ശന സൗകര്യം ഒരുക്കിയിട്ടുണ്ട്. ഉച്ചയ്ക്ക് പ്രസാദവിതരണവും വൈകിട്ട് 5 മണിയോടെ ഉല്‍സവ മൂര്‍ത്തികളെ ടിഡിഎം ഹാളില്‍ നിന്നും പ്രത്യേകം അണിയിച്ചൊരുക്കിയ രഥം വാദ്യമേളങ്ങളുടെ അകമ്പടിയോടെ കല്യാണോത്സവ വേദിയായ എറണാകുളത്തപ്പന് ഗ്രൗണ്ടിലേക്ക് ആനയിക്കും. 6മണിക്ക് ചടങ്ങ് ആരംഭിക്കും. നൂറ്റാണ്ടുകള്‍ പാരമ്പര്യമുള്ള വൈദികശ്രേഷ്ഠന്മാരുടെ പിന്തലമുറക്കാരാണ് ആചാര്യന്മാരായി ചടങ്ങിന് കാര്‍മികത്വം വഹിക്കുന്നത്. തുടര്‍ന്ന് പതിനായിരക്കണക്കിന് ഭക്തര്‍ക്ക് തിരുപ്പതി ലഡുവും,ഗാരിയും പ്രസാദ വിതരണവും ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: