കാസര്‍കോട്: മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ആനുകൂല്യത്തിന് അപേക്ഷിക്കുന്നവരില്‍ നിന്നും അനധികൃതമായി പണം ഈടാക്കുന്നതായി പരാതി. അപേക്ഷ പൂരിപ്പിക്കുന്നതിന് ഫീസായി ൧൦ രൂപയാണ് ഉദ്യോഗസ്ഥര്‍ ഒരാളില്‍ നിന്നും ഈടാക്കുന്നത്. അപേക്ഷ സ്വയം പൂരിപ്പിക്കാമെന്ന് മത്സ്യത്തൊഴിലാളികള്‍ അറിയിച്ചെങ്കിലും നിര്‍ബന്ധപൂര്‍വ്വം പണം വാങ്ങി അപേക്ഷ പൂരിപ്പിച്ച് നല്‍കുകയാണ്. കാസര്‍കോട് കസബ കടപ്പുറത്തെ മത്സ്യത്തൊഴിലാളി ക്ഷേമനിധി ഓഫീസിലാണ് സംഭവം. അപേക്ഷ നല്കിയ മത്സ്യത്തൊഴിലാളികള്‍ക്കും ബയോമെട്രിക് കാര്‍ഡ് എടുത്തിട്ടുള്ളവര്‍ക്കും ൧൩൫൦ രൂപയാണ് മത്സ്യഫെഡ് മുഖാന്തിരം ആനുകൂല്യം നല്‍കുന്നത്. ഇതിനായി ക്ഷേമനിധി ബോര്‍ഡിലേക്ക് ൧൦൦ രൂപയും അപേക്ഷ ഫോറത്തിന് അഞ്ച് രൂപയും നല്‍കണം. ഇതിന് രസീതും നല്‍കുന്നുണ്ട്. എന്നാല്‍ ഇതിനുപുറമെയാണ് അപേക്ഷ പൂരിപ്പിക്കാനെന്ന് പറഞ്ഞ് രസീത് നല്‍കാതെ ഉദ്യോഗസ്ഥര്‍ പത്ത് രൂപ വാങ്ങിക്കുന്നത്. അപേക്ഷ പൂരിപ്പിക്കാന്‍ അറിയാവുന്നവരില് നിന്നുപോലും പണം ഈടാക്കുന്നതായി മത്സ്യത്തൊഴിലാളികള്‍ പറയുന്നു. കാസര്‍കോട് ഫിഷറീസ് ഓഫീസിനുകീഴിലുള്ള മഞ്ചേശ്വരം, ഷിറിയ, കാവുഗോളി, കോയിപ്പാടി, കസബ, കീഴൂറ്‍ തുടങ്ങിയ ആറ് മത്സ്യഗ്രാമങ്ങളില്‍ നിന്നായി ൫൨൬൨ അപേക്ഷകളാണുള്ളത്. ഇതില്‍ കീഴൂറ്‍ മത്സ്യഗ്രാമത്തിണ്റ്റെ അപേക്ഷകളാണ് കഴിഞ്ഞദിവസം സ്വീകരിച്ചത്. കസബയില്‍ നിന്നും ൨൨നാണ് അപേക്ഷ സ്വീകരിക്കുന്നത്. ക്ഷേമനിധി അപേക്ഷ സ്വീകരിക്കാന്‍ ക്ഷേമനിധി ഓഫീസറെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇദ്ദേഹത്തെ ഡെപ്യൂട്ടേഷനില്‍ ഒരുവര്‍ഷത്തേക്ക് നിയമിക്കുകയാണ് പതിവ്. കസബ ഓഫീസില്‍ സീനിയര്‍ കോ-ഓപ്പറേറ്റിവ് ഇന്‍സ്പെക്ടര്‍, ഫിഷറീസ് ഇന്‍സ്പെക്ടര്‍ എന്നിവരെ കൂടാതെ രണ്ട് പ്യൂണുമാരുമാണ് ഉള്ളത്. ക്ഷേമനിധി ഓഫീസറെ സഹായിക്കേണ്ട ചുമതലയില്ലെങ്കിലും ഇവരാണ് മത്സ്യത്തൊഴിലാളികളില്‍ നിന്നും അപേക്ഷ സ്വീകരിക്കുന്നത്. മത്സ്യത്തൊഴിലാളികളില്‍ നിന്നും അനധികൃതമായി ഉദ്യോഗസ്ഥര്‍ പണം ഈടാക്കുന്നില്ലെന്നും പുറത്തുനിന്നുള്ളവരാണ് ഇതിന് പിന്നിലെന്നും ഫിഷറീസ് ഓഫീസര്‍ സലീം പറഞ്ഞു. എന്നാല്‍ ഓഫീസിനകത്ത് വെച്ച് ഉദ്യോഗസ്ഥര്‍ തന്നെയാണ് പണം ഈടാക്കിയതെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. ധനസഹായം ലഭിക്കാതിരിക്കുമോ എന്ന ഭയം മൂലം പലരും ഉദ്യോഗസ്ഥരുടെ നടപടിയെ ചോദ്യം ചെയ്യാതിരിക്കുകയാണ്. വിവിധ ധനസഹായത്തിനുള്ള അപേക്ഷകള്‍ ക്ഷേമനിധി ഓഫീസില്‍ സ്വീകരിക്കാറുണ്ടെങ്കിലും അതിനൊന്നും ഉദ്യോഗസ്ഥര്‍ അപേക്ഷ പൂരിപ്പിച്ച് നല്‍കാറില്ല. ചികിത്സ ധനസഹായം, അപകടത്തില്‍പ്പെട്ട് മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കുള്ള സഹായം തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ക്ക് മത്സ്യത്തൊഴിലാളികള്‍ തന്നെ അപേക്ഷ പൂരിപ്പിച്ച് നല്‍കണമെന്ന് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കുകയാണ് പതിവ്. പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിക്കുന്ന അര്‍ഹമായ ആനുകൂല്യം പോലും കയ്യിട്ടുവാരുന്ന ഉദ്യോഗസ്ഥ നടപടിക്കെതിരെ കടപ്പുറത്ത് പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: