ന്യൂയോര്‍ക്ക്: അമേരിക്കയെ മുള്‍മുനയില്‍ നിര്‍ത്തി വീണ്ടും സ്ഫോടനങ്ങളും വെടിവെയ്പ്പും. ബോസ്റ്റണിന് സമീപത്തെ മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയില്‍ അതിക്രമിച്ചു കയറിയ രണ്ട് ഭീകരര്‍ ക്യാംപസിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഒരു പോലീസുകാരനെ വെടിവെച്ചു കൊന്നു. ഇവരിലൊരാളെ പിന്നീട് പോലീസ് വധിച്ചു. രക്ഷപ്പെട്ടയാള്ക്കുവേണ്ടി തെരച്ചില്‍ ഊര്‍ജിതമാക്കി. ബോസ്റ്റണ്‍ മാരത്തണിനിടെയുണ്ടായ ഇരട്ടസ്ഫോടനങ്ങളുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാന നഗരങ്ങളിലെ സുരക്ഷ ശക്തമാക്കി.
തമര്‍ലാന്‍ സര്‍നേവ്, ദോക്കര്‍ സര്‍നേവ് എന്നീപേരുകളിലുള്ള ചെചെന്‍ സഹോദരങ്ങളാണ് ഭീകരരെന്നു വ്യക്തമായിട്ടുണ്ട്. ഇതില്‍ തമര്ലാനാണ് കൊല്ലപ്പെട്ടത്. ചെചെന്‍ സ്വാതന്ത്ര്യത്തിന് ആഹ്വാനം ചെയ്യുന്ന പോസ്റ്റുകള്‍ ദോക്കര്‍ തന്റെ വെബ്പേജില്‍ ഉള്‍ക്കൊള്ളിച്ചെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. ചില ഇസ്ലാമിക വെബ്സ്റ്റൈറ്റുകളുടെ ലിങ്കുകളും ദോക്കറിന്റെ വെബ്പേജിലുണ്ട്. ബോസ്റ്റണില്‍ സ്ഫോടനം നടത്തിയവരെന്നു കരുതപ്പെടുന്ന രണ്ടുപേരുടെ നിരവധി ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം എഫ്ബിഐ പുറത്തുവിട്ടിരുന്നു. ഇതിനുപിന്നാലെയാണ് മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയിലെ ആക്രമണം. പൊലീസുകാരനെ വെടിവച്ചുകൊന്നശേഷം കാര്‍ തട്ടിയെടുത്ത ഭീകരര്‍ കടന്നു കളഞ്ഞു. കാറിന്റെ ഉടമയെയും അവര്‍ ബന്ധിയാക്കിയെങ്കിലും ഇയാളെ പിന്നീട് വഴിയില്‍ ഇറക്കിവിട്ടു.
ഇരുവരെയും പിന്തുടര്‍ന്ന പൊലീസ് ബോസ്റ്റണിനു പത്ത് കിലോമീറ്റര്‍ അകലെയുള്ള വാട്ടര്‍ ടൗണില്‍ വച്ച് കാര്‍ തടഞ്ഞു. 10 മിനിറ്റോളം നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ വെടിയേറ്റുവീണ ഭീകരരിലൊരാളെ പോലീസ് പിടികൂടി വാഹനത്തില്‍ കയറ്റി. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
എന്നാല്‍ മാരകമായ മുറിവേറ്റ ഇയാള്‍ മരിച്ചെന്ന വിവരം പോലീസ് പിന്നീട് പുറത്തുവിട്ടു. അക്രമികളെ പിടികൂടാനുള്ള ശ്രമത്തിനിടെ ഒരു പോലീസുകാരനും പരിക്കേറ്റിട്ടുണ്ട്. ഏറ്റുമുട്ടലിനിടെ അക്രമികള്‍ പോലീസിനു നേരെ ബോംബെറിഞ്ഞതായും ദൃക്സാക്ഷികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. മസാച്യുസെറ്റ്സ് ആക്രമണം നടത്തിയവര്‍ ഭീകരര്‍ തന്നെയെന്നാണ് എഫ്ബിഐയുടെ വിലയിരുത്തല്‍. രക്ഷപെട്ടയാള്‍ ഇനിയും കൂട്ടക്കുരുതി നടത്തുമെന്നും അധികൃതര്‍ ഭയക്കുന്നു. അതിനാല്‍ത്തന്നെ ബോസ്റ്റണ്‍, വാട്ടര്‍ ടൗണ്‍ നിവാസികളോട് വീടുകളുടെ വാതിലുകള്‍ അടച്ചിടാനും അപരിചിതരെ അകത്തുകയറ്റുന്നത് ഒഴിവാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: