ഭൂരിപക്ഷവും സ്ത്രീകള്‍ ഉള്‍പ്പെടുന്ന മേഖലയെന്ന നിലയില്‍ നഴ്സുമാരുടെ പ്രതിഷേധവും സമരങ്ങളും ഒരു ചലനവും സൃഷ്ടിക്കില്ലെന്നും അവ താനെ കെട്ടടങ്ങുമെന്നും ധരിച്ചവര്‍ക്ക് തെറ്റി. സംസ്ഥാന വ്യാപകമായി ആളിപ്പടര്‍ന്ന ഇവരുടെ പ്രതിഷേധം ശമിപ്പിക്കാന്‍ സര്‍ക്കാരിന് നേരിട്ട് ഇടപെടേണ്ടി വന്നത് നാം കണ്ടതാണ്. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടപടികള്‍ എടുക്കുമെന്ന സര്‍ക്കാരിന്റെ ഉറപ്പ് വെറുതെയായില്ല. സ്വകാര്യആശുപത്രികളിലെ നഴ്സുമാര്‍ ഉള്‍പ്പെടെയുള്ളവരുടെ ശമ്പളം വര്‍ദ്ധിപ്പിച്ചതോടെ അസംഘടിതരായ ഒരുവിഭാഗം വര്‍ഷങ്ങളായി സഹിച്ചുവന്ന അവഗണനയ്ക്കും ചൂഷണങ്ങള്‍ക്കുമാണ് ഒരു പരിധി വരെ പരിഹാരമാകുന്നത്.
സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ശമ്പളത്തില്‍ 25 ശതമാനം മുതല്‍ 35 ശതമാനം വരെയാണ് വര്‍ദ്ധനവ് വരുത്തിയിരിക്കുന്നത്.. ഇതനുസരിച്ച് നഴ്സുമാര്‍ക്ക് ഏറ്റവും കുറവ് 9600 രൂപ അടിസ്ഥാന ശമ്പളം ലഭിക്കും. സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ശമ്പളം പരിഷ്കരിച്ചുകൊണ്ട് സര്‍ക്കാര്‍ എടുത്ത തീരുമാനം നടപ്പാക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നാണ് തൊഴില്‍വകുപ്പ് പറയുന്നത്. ആശുപത്രി ജീവനക്കാരുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ നേരത്തെ സര്‍ക്കാര്‍ നിയോഗിച്ച ബലരാമന് കമ്മിറ്റി ഈ മേഖലയിലെ ഞെട്ടിക്കുന്ന ചൂഷണങ്ങളെക്കുറിച്ച സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കമ്മറ്റി മുന്നോട്ടുവച്ച ശുപാര്‍ശകള്‍ അട്ടിമറിക്കാന്‍ ആശുപത്രി മാനേജുമെന്റുകള്‍ രംഗത്തു വന്നെങ്കിലും അധികം വിജയിച്ചില്ല. എന്തായാലും ബലരാമന്കമ്മിറ്റി റിപ്പോര്‍ട്ട് കണ്ണടച്ച് നടപ്പാക്കാന്‍ സര്‍ക്കാരും തയ്യാറായിരുന്നില്ല. എങ്കിലും റിപ്പോര്‍ട്ട് പരിഗണിച്ച് ന്യായമായ ഒരു തീരുമാനം ഇക്കാര്യത്തിലെടുത്തതില് സന്തോഷിക്കാം.
അര്‍ഹമായ ആനുകൂല്യങ്ങള്‍ അനുവദിക്കപ്പെട്ടെന്ന സംതൃപ്തിയിലല്ല നഴ്സസ് സംഘടനകള്‍. എന്നാല്‍ തങ്ങള്‍ കാലങ്ങളായി അനുഭവിച്ചുകൊണ്ടിരുന്ന കഷ്ടതകള്‍ ആരൊക്കെയോ മനസ്സിലാക്കുന്നു എന്ന ആശ്വാസമുണ്ട് ഇവര്‍ക്ക്. സര്‍ക്കാര്‍ പ്രഖ്യാപിച്ച ശമ്പള വര്‍ദ്ധനവ് ചെറിയ ആശുപത്രികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഒരു പ്രയോജനവും ഉണ്ടാക്കുന്നില്ല എന്നതും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. എന്തായാലും പ്രതിസന്ധികളും ഭീഷണികളും അവഗണിച്ച് നടത്തിയ സമരങ്ങള്‍ക്ക് ഫലമുണ്ടായതില്‍ സംതൃപ്തരാണ് നഴ്സുമാര്‍. തങ്ങളുടെ വിദ്യാഭ്യാസത്തിനും ജോലിക്കും അനുസൃതമായി കിട്ടേണ്ട ആനുകൂല്യങ്ങളും വേതനവും ഇനിയും എത്രയോ അകലെയാണെന്ന് പറയുന്നു ഇന്ത്യന്‍ നഴ്സസ് അസോസിയേഷന് ഭാരവാഹികളായ ഷിഹാബും ധന്യയും. എങ്കിലും ആദ്യപടിയെന്ന നിലയില്‍ സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു ഇവര്‍. അവകാശസമരങ്ങളില്‍ ഭാഗമാകാന്‍ സങ്കോചവും ഭയവുമില്ലാതെ കൂടുതല്‍ പെണ്‍കുട്ടികള്‍ മുന്നോട്ട് വരുന്നതായും ധന്യ ചൂണ്ടിക്കാട്ടി.
എന്തായാലും രോഗബാധിതരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന നഴ്സുമാരുടെ മുഖത്ത് എന്നും പുഞ്ചിരിയുണ്ടാകട്ടെ. മനം മടുപ്പിക്കുന്ന തൊഴില്‍സാഹചര്യങ്ങളും തുച്ഛമായ ശമ്പളവും എന്ന സ്ഥിതി മാറുന്നതോടെ കാരുണ്യവും സഹനവും ഏറെ വേണ്ട തങ്ങളുടെ ജോലിയെ ഇവര്‍ കൂടുതല്‍ സ്നേഹിക്കട്ടെ.
രതി.എ. കുറുപ്പ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: