മോണ്ടികാര്‍ലോ: മോണ്ടികാര്‍ലോ മാസ്റ്റേഴ്സ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ ആറാം സീഡ് ജോ വില്‍ഫ്രഡ് സോംഗ സെമി ഫൈനലില്‍ പ്രവേശിച്ചു. ക്വാര്‍ട്ടറില്‍ ആന്‍ഡി മുറെയെ അട്ടിമറിച്ചെത്തിയ സ്വിസ് താരം സ്റ്റാനിസ്ലാവ് വാവ്റിങ്കയെ തകര്‍ത്താണ് സോംഗ അവസാന നാലില്‍ ഇടംപിടിച്ചത്. അതേസമയം ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ഡോകോവിച്ച്, മൂന്നാം സീഡ് റാഫേല്‍ നദാല്‍ തുടങ്ങിയവര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. എന്നാല്‍ ലോക രണ്ടാം നമ്പര്‍ ബ്രിട്ടന്റെ ആന്‍ഡി മുറെയുടെ കുതിപ്പിന് മൂന്നാം റൗണ്ടില്‍ അവസാനം.
മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് സോംഗ വാവ്റിങ്കയെ കീഴടക്കിയത്. സ്കോര്‍: 2-6, 6-3, 6-4. രണ്ട് മണിക്കൂറും പത്ത് മിനിറ്റും നീണ്ട പോരാട്ടത്തില്‍ ആദ്യ സെറ്റ് നഷ്ടമായശേഷമാണ് സോംഗ തിരിച്ചടിച്ചത്. ആദ്യ സെറ്റ് 2-6ന് നഷ്ടപ്പെട്ടതോടെ മുറെക്കെതിരായ അട്ടിമറി വിജയം വാവ്റിങ്ക ആവര്‍ത്തിക്കും എന്നു പ്രതീക്ഷിച്ചിരിക്കെയാണ് സോംഗ തന്റെ കരുത്തുറ്റ പവര്‍ ടെന്നീസിലൂടെ തിരിച്ചെത്തി രണ്ടും മൂന്നും സെറ്റുകള്‍ വിജയിച്ച് സെമിയിലേക്ക് പ്രവേശിച്ചത്.
ലോക ഒന്നാം നമ്പര്‍താരം നൊവാക് ഡോകോവിച്ച് 14-ാം സീഡ് അര്‍ജന്റീനയുടെ ജുവാന്‍ മൊണാക്കോയെ വാശിയേറിയ പോരാട്ടത്തിനൊടുവില്‍ കീഴടക്കിയാണ് ക്വാര്‍ട്ടറില്‍ ഇടംപിടിച്ചത്. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ 4-6, 6-2, 6-2 എന്ന സ്കോറിനായിരുന്നു ഡോകോവിച്ച് വിജയം സ്വന്തമാക്കിയത്. ആദ്യ സെറ്റ് നഷ്ടപ്പെട്ടശേഷമാണ് ഡോകോവിച്ച് തുടര്‍ന്നുള്ള രണ്ട് സെറ്റുകളിലും വിജയം സ്വന്തമാക്കി അവസാന എട്ടില്‍ ഇടംപിടിച്ചത്.
മോണ്ടികാര്ലോയില് തുടര്‍ച്ചയായ ഒമ്പതാം കിരീടം ലക്ഷ്യമിടുന്ന റാഫേല്‍ നദാലും ക്വാര്‍ട്ടറിലെത്തി. 80 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ ജര്‍മ്മനിയുടെ ഫിലിപ്പ് സ്കോള്സ്കിബറെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് നദാല്‍ ക്വാര്‍ട്ടറില്‍ കടന്നത്. സ്കോര്‍ 6-2, 6-4. മോണ്ടികാര്ലോയില് നദാലിന്റെ തുടര്‍ച്ചയായ 44-ാം വിജയമാണിത്. ബള്‍ഗേറിയയുടെ ഗ്രിഗോര്‍ ദിമിത്രോവാണ് ക്വാര്‍ട്ടറില്‍ നദാലിന്റെ എതിരാളി. ജര്‍മ്മനിയുടെ ഫ്ലോറിയാന്‍ മേയറെ 6-2, 6-4 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് ദിമിത്രോവ് ക്വാര്‍ട്ടറില്‍ ഇടംപിടിച്ചത്.
അതേസമയം നാലാം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ ടോമി ബര്‍ഡിച്ചിനെ മറികടന്ന് ഇറ്റലിയുടെ ഫാബിയോ ഫോഗ്നിനി ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. സ്കോര്‍: 6-4, 6-2. ഏഴാം സീഡ് ഫ്രാന്‍സിന്റെ റിച്ചാര്‍ഡ് ഗാസ്ക്കറ്റ് ക്രൊയേഷ്യയുടെ മാരിന് സിലിക്കിനെ 7-5, 6-4 എന്ന സ്കോറിന് പരാജയപ്പെടുത്തി ക്വാര്‍ട്ടറില്‍ കടന്നു. അര്‍ജന്റീനയുടെ ജുവാന്‍ ഡെല്‍ പോട്രോയെ 6-4, 4-6, 7-6 എന്ന സ്കോറിന് മറികടന്ന് ഫിന്‍ലാന്റിന്റെ ജാര്കോ നീമെനിനും അവസാന എട്ടില്‍ സ്ഥാനം പിടിച്ചു. ക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്പര്‍ നൊവാക് ഡോകോവിച്ചാണ് ഫിന്‍ലാന്റിന്റെ ജാര്കോയുടെ എതിരാളി. ആറാം സീഡ് ഫ്രാന്‍സിന്റെ ജോ വില്‍ഫ്രഡ് സോംഗ ഓസ്ട്രേലിയയുടെ ജുര്‍ഗന്‍ മെല്സറെ 6-3, 6-0 എന്ന സ്കോറിന് പരാജയപ്പെടുത്തി അവസാന എട്ടില്‍ ഇടംപിടിച്ചു. ആന്‍ഡി മുറയെ അട്ടിമറിച്ച സ്റ്റാനിസ്ലാവ് വാവ്റിങ്കയാണ് ക്വാര്‍ട്ടറില്‍ സോംഗയുടെ എതിരാളി.
ഡബിള്‍സില്‍ ഭൂപതി സഖ്യത്തെ പരാജയപ്പെടുത്തി പേസ് സഖ്യം ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഓസ്ട്രേലിയയുടെ ജുര്‍ഗന്‍ മെല്സറും ലിയാണ്ടര്‍ പേസും ചേര്‍ന്ന സഖ്യം 6-2, 6-3 എന്ന സ്കോറിനാണ് ഇന്ത്യന്‍ ജോഡികളായ ഭൂപതി-ബൊപ്പണ്ണ സഖ്യത്തെ പരാജയപ്പെടുത്തിയത്. ക്വാര്‍ട്ടറില്‍ അമേരിക്കയുടെ ലോക ഒന്നാം നമ്പര്‍ ജോഡികളായ അമേരിക്കയുടെ ബ്രയാന്‍ സഹോദരന്മാരാണ് പേസ് സഖ്യത്തിന്റെ എതിരാളികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: